പമ്പുകളിൽ ഇന്ധനസ്റ്റോക്കിന് എണ്ണക്കമ്പനികളുടെ നിയന്ത്രണം; നൽകുന്നത് 2 ദിവസത്തേക്കുള്ളത് മാത്രം

പ്രതീകാത്മക ചിത്രം | AFP
പ്രതീകാത്മക ചിത്രം | AFP

കൊച്ചി: പൊതുമേഖലാ എണ്ണക്കമ്പനികൾ അപ്രഖ്യാപിത നിയന്ത്രണം ഏർപ്പെടുത്തിയതോടെ സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ ആവശ്യത്തിന് ഇന്ധനത്തിന്റെ സ്‌റ്റോക്കില്ല. രണ്ടുദിവസം കഷ്ടിച്ച് തള്ളിനീക്കാനുള്ള ഇന്ധനം മാത്രമാണ് എണ്ണക്കമ്പനികൾ നിലവിൽ പമ്പുകൾക്ക് നൽകുന്നത്. പമ്പിൽ ഒരുദിവസം നടക്കുന്ന ശരാശരി വിൽപ്പന കണക്കാക്കി 12 മുതൽ 15 ലക്ഷം രൂപ വരെയുള്ള സ്റ്റോക്കാണ് നിലവിൽ അനുവദിക്കുന്നതെന്നാണ് വിവരം. അളന്നുമുറിച്ചുള്ള ഈ വിതരണം കാരണം പ്രതിസന്ധിയിലായിരിക്കുകയാണ് പെട്രോൾ പമ്പുകൾ. വേനലവധി കാരണം സംസ്ഥാനത്ത് ഇന്ധന ഉപഭോഗം 10-13 ശതമാനം വരെ കൂടിയിട്ടുണ്ടെന്നാണ് കണക്ക്. ഇതിനിടയിലാണ് ‘സ്റ്റോക്ക് ഔട്ട് ’ ഭീതിയുമായി പമ്പുകളുടെ പ്രവർത്തനം. പമ്പിലേക്കുള്ള ഇന്ധന ടാങ്കർ എത്താൻ മണിക്കൂറുകൾ വൈകിയാൽ പോലും പ്രവർത്തനം അവതാളത്തിലാകുമെന്നാണ് നിലവിലെ സ്ഥിതി.

ഓരോ പെട്രോൾ പമ്പിലും ശരാശരി എത്ര ലിറ്റർ ഇന്ധനം വിറ്റുപോകുന്നുണ്ട്, മിച്ചമുള്ള അളവ് എന്നിങ്ങനെയുള്ള കണക്കുകൾ ഓട്ടോമേഷൻ സംവിധാനം വഴി ബന്ധപ്പെട്ട സെയിൽസ് ഓഫീസർക്ക് അറിയാൻ കഴിയും. ഇതിനനുസരിച്ചാണ് സെയിൽ ഓഫീസർമാർ വഴി കമ്പനികൾ പമ്പിലേക്ക് ലോഡ് അനുവദിക്കുന്നത്.

ഡെഡ് സ്റ്റോക്കും വറ്റുന്നു

പെട്രോൾ പമ്പിലെ സംഭരണ ടാങ്കുകളിൽ ഏറ്റവും അടിയിലായുള്ള 1,500-2,000 ലിറ്റർ വരെ ഇന്ധനം വിൽപ്പന ആവശ്യത്തിന് ഉപയോഗിക്കാത്ത ഡെഡ് സ്‌റ്റോക്കാണ്. ടാങ്ക് ഡ്രൈഔട്ടാകാതെ (വറ്റിപ്പോകാതെ) സൂക്ഷിക്കാനുള്ള ഇന്ധനമാണിത്. എന്നാൽ, നിലവിലെ സ്‌റ്റോക്ക് പരിമിതി കാരണം മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ പമ്പുകളിൽ ഇന്ധനം ‘ഡ്രൈ ഔട്ട്’ ആകാറുണ്ടെന്ന് കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷൻ സെക്രട്ടറി എം.എം. ബഷീർ പറഞ്ഞു. എറണാകുളം ജില്ലയ്ക്ക് പുറത്തേക്കുള്ള പമ്പുകളിലേക്ക് റോഡ് മാർഗം ടാങ്കറുകൾ ഓടിയെത്താനുള്ള കാലതാമസമാണ് ഇതിന് കാരണം.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തോടെ കമ്പനികൾ ക്രെഡിറ്റ് സംവിധാനം നിർത്തലാക്കിയിരുന്നു. പമ്പിലേക്ക് ഇന്ധനമെത്തണമെങ്കിൽ അപ്പപ്പോൾ കമ്പനിക്ക് പണം നൽകണം. ഇതിനിടയിൽ തുടർച്ചയായുള്ള ബാങ്ക് അവധികളും ബുദ്ധിമുട്ടിക്കുന്നു. അവധികാരണം ബാങ്കുകളിൽ അടയ്ക്കുന്ന തുക കമ്പനികളിലേക്ക് എത്തിക്കിട്ടാൻ കാലതാമസമുണ്ടാകുന്നതും സ്റ്റോക്ക് ലഭിക്കാൻ തടസ്സമാകുന്നതായി ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്‌സ് മുൻ ജനറൽ സെക്രട്ടറി മേലേത്ത് രാധാകൃഷ്ണൻ പറഞ്ഞു. ഇക്കാരണത്താൽ മേയ് ഒന്നിലെ അവധി കണക്കാക്കി പമ്പുകൾക്ക് ആവശ്യത്തിന് ഇന്ധനം എത്തിക്കാനാകാത്ത സ്ഥിതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Content Highlights: Oil companies have imposed unannounced fuel supply limits on petrol pumps in Kerala., Daily stock allocation is capped based on average sales, leading to potential 'dry-out' situations., Increased summer fuel consumption (10-13%) is straining existing inventory levels., Logistical delays and the shift to cash-only payments due to credit suspension are causing operational bottlenecks., Bank holidays are further delaying payment processing, hindering timely fuel replenishment.