ഓൺലൈൻ മദ്യവിൽപ്പന; വീണ്ടും അനുമതി തേടി ബെവറജസ് കോർപ്പറേഷൻ, സന്നദ്ധതയറിയിച്ച് ഓൺലൈൻ ഭക്ഷ്യവിതരണക്കാർ

തിരുവനന്തപുരം: ആവശ്യപ്പെടുന്നവർക്ക് മദ്യം വീട്ടിൽ എത്തിച്ചുനൽകാൻ ഓൺലൈൻ വിൽപ്പനയ്ക്ക് ബെവറജസ് കോർപ്പറേഷൻ വീണ്ടും സർക്കാരിന്റെ അനുമതി തേടി. ഓൺലൈൻ ഭക്ഷ്യവിതരണത്തിന്റെ മാതൃകയിൽ മദ്യവിൽപ്പനയിലും മാറ്റംവരുത്താനാണ് ശുപാർശ. സ്വിഗ്ഗി ഉൾപ്പെടെയുള്ള ഓൺലൈൻ ഭക്ഷ്യവിതരണക്കാർ ബെവറജസുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
മൂന്നുവർഷത്തിനുമുൻപ് ഇതേ ആവശ്യം ഉന്നയിച്ചപ്പോൾ സർക്കാർ നിഷേധിച്ചതാണ്. ഓൺലൈൻ വഴി പണമടച്ചശേഷം നേരിട്ട് വിൽപ്പനശാലയിൽനിന്ന് മദ്യം വാങ്ങാവുന്ന ക്രമീകരണം നിലവിലുണ്ട്. വൈബ്‌സൈറ്റിലൂടെയാണ് പണം അടയ്ക്കേണ്ടത്. ഇതിനു പകരം മൊബൈൽ ആപ്പ് തയ്യാറാക്കുന്നത് അന്തിമഘട്ടത്തിലാണ്. ഓൺലൈൻ ബുക്കിങ്ങിനും വിതരണത്തിനും അനുമതി ലഭിച്ചാൽ അതിനുകൂടി ഈ മൊബൈൽ ആപ്പ് ഉപയോഗിക്കാനാണ് ആലോചന.
തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി
:സംസ്ഥാനത്ത് ഓൺലൈൻ മദ്യവിൽപ്പന തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. സംസ്ഥാനത്ത് നാലുവർഷമായി മദ്യത്തിന്റെ വില കൂട്ടിയിട്ടില്ല. വരുമാനവർധനയ്ക്കായി ചില കാര്യങ്ങൾ പരിഗണിക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.
ഓൺലൈൻ വിൽപ്പന ഉടൻ നടപ്പാക്കാനാവില്ല
ബെവറജസ് കോർപ്പറേഷന്റെ ആവശ്യം സർക്കാർ അംഗീകരിച്ചാലും മദ്യത്തിന്റെ ഓൺലൈൻ വിൽപ്പന ഉടൻ നടപ്പാക്കാനാവില്ല. മദ്യനയത്തിലും അബ്കാരിച്ചട്ടത്തിലും ഭേദഗതി വേണം. സ്വകാര്യ സംരംഭകർക്ക് മദ്യം വിതരണംചെയ്യാൻ അനുമതി നൽകുംവിധം ചട്ടം മാറ്റണം.
23 വയസ്സ് പൂർത്തിയായവർക്കുമാത്രമേ മദ്യം നേരിട്ട് വിൽക്കാൻ പാടുള്ളൂവെന്നതാണ് ചട്ടത്തിലെ പ്രധാന വ്യവസ്ഥ. സ്വകാര്യ സ്ഥാപനങ്ങളെ വിതരണച്ചുമതല ഏൽപ്പിക്കുമ്പോൾ ഇത് ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കുക വെല്ലുവിളിയാകും. ചട്ടഭേദഗതിക്ക് കുറഞ്ഞത് ഒരുവർഷമെങ്കിലും വേണ്ടിവരും.
ഓൺലൈൻ മദ്യവിൽപ്പന നയപരമായ വിഷയമായതിനാൽ ഇടതുമുന്നണിയിൽ ഉൾപ്പെടെ ചർച്ചചെയ്തു തീരുമാനമെടുക്കണം. നിലവിലെ മദ്യനയത്തിൽ ഓൺലൈൻ വിൽപ്പനയെക്കുറിച്ച് പരാമർശമില്ല. മദ്യനയത്തിൽ ഉൾക്കൊള്ളിക്കാതെ ബ്രൂവറിക്കും ഡിസ്റ്റിലറിക്കും അനുമതി നൽകിയത് ഒന്നാം പിണറായി സർക്കാരിനെ വെട്ടിലാക്കിയിരുന്നു.
Content Highlights: Kerala Explores Online Liquor Sales: Bevco Seeks Government Approval