ദേശീയപാതയിലെ തകർച്ച: കേരളത്തിലാകെ സുരക്ഷാ ഓഡിറ്റ് നടത്താൻ ദേശീയപാതാ അതോറിറ്റി

തിരുവനന്തപുരം: കൊല്ലം മൈലക്കാട് ഉള്‍പ്പെടെയുള്ളിടങ്ങളില്‍ ദേശീയപാത 66 നിര്‍മാണത്തിലെ തകര്‍ച്ച കണക്കിലെടുത്ത് ദേശീയപാതാ അതോറിറ്റി കേരളത്തിലുടനീളം സുരക്ഷാ ഓഡിറ്റ് നടത്തും. കാസർകോട് മുതൽ തിരുവനന്തപുരംവരെ എല്ലാ റീച്ചുകളിലും ആകെ 378 സ്ഥലങ്ങളിലാണ് പരിശോധന നടത്തുക. 18 പദ്ധതികളില്‍ മണ്ണ്പരിശോധനയ്ക്ക് ജിയോ ടെക്‌നിക്കല്‍ ഏജന്‍സികളെ നിയോഗിച്ചു.
നിര്‍മാണം പൂര്‍ത്തിയായതും നടക്കുന്നതും ആരംഭിക്കാനുള്ളതുമായ സൈറ്റുകള്‍ ഉള്‍പ്പെടെ 100 സ്ഥലങ്ങളില്‍ ഒരുമാസത്തിനകം പരിശോധന പൂര്‍ത്തിയാക്കും. ബാക്കിയുള്ളിടങ്ങളില്‍ മൂന്നുമാസത്തിനകവും.
കേരളത്തിലെ നിര്‍മാണങ്ങളില്‍ വിവിധ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, ആര്‍എസ് വാളിന്റെ(ഉള്ളിൽ മണ്ണ് നിറച്ചുള്ള നിർമാണരീതി) ഡിസൈന്‍, നിര്‍മാണം എന്നിവ പരിശോധിക്കും. ആവശ്യമുള്ളിടങ്ങളില്‍ ഇത്തരം മതിലുകള്‍ പൊളിച്ചുമാറ്റി തൂണിൽ ഉയരപ്പാതകൾ നിർമിക്കുക, മറ്റെന്തെങ്കിലും ന്യൂനതകണ്ടെത്തിയാൽ അവിടങ്ങളിൽ റോഡ് പുനര്‍നിര്‍മിക്കുക ഉള്‍പ്പെടെയുള്ള പരിഹാര നടപടികള്‍ സ്വീകരിക്കും. പരിശോധനയില്‍ കണ്ടെത്തിയ പിഴവുകള്‍ പരിഹരിക്കും.
നവംബറില്‍ അരൂര്‍-തുറവൂര്‍ എലിവേറ്റഡ് റോഡ് പദ്ധതിയില്‍ ഗര്‍ഡറുകള്‍ തകര്‍ന്നുവീണതിനെത്തുടര്‍ന്ന് സുരക്ഷാ ഓഡിറ്റിന് റൈറ്റ്‌സിനെ നിയോഗിച്ചിട്ടുണ്ട്. ഇതാണ് എല്ലാ റീച്ചുകളിലേക്കും വ്യാപിപ്പിക്കുന്നത്.
കാണ്‍പുര്‍ ഐഐടിയിലെ ഡോ. ജിമ്മി തോമസ്, പാലക്കാട് ഐഐടിയിലെ ഡോ. ടി.കെ. സുധീഷ് എന്നിവരടങ്ങുന്ന വിദഗ്‌ധർ മൈലക്കാട് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മലപ്പുറം കൂരിയാടിനുപിന്നാലെയാണ് അടുത്തിടെ മൈലക്കാട് നിര്‍മാണത്തിനിടെ ദേശീയപാത തകര്‍ന്നത്.
Content Highlights: Kerala National Highways Undergo Comprehensive Safety Audit Following Construction Concerns