കേരളമാതൃകയെ പ്രശംസിച്ച് പ്രമുഖർ; ആര്യഭടൻ കേരളീയനെന്ന് അമർത്യ സെൻ

തിരുവനന്തപുരം: ആസൂത്രണ ബോർഡ് സംഘടിപ്പിച്ച ‘വിഷൻ-2031’ അന്താരാഷ്ട്ര സമ്മേളനത്തിൽ, ആരോഗ്യവും വിദ്യാഭ്യാസവും ഉൾപ്പെടെയുള്ള മേഖലകളിൽ കേരളത്തിന്റെ മാതൃകയെ പ്രശംസിച്ച് പ്രമുഖർ. കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിക്കു പിന്നിൽ ചരിത്രപരമായ അടിത്തറയുണ്ടെന്ന് അഭിപ്രായപ്പെട്ട സാമ്പത്തികശാസ്ത്രജ്ഞൻ അമർത്യ സെൻ, ഭാരതീയ ഗണിതശാസ്ത്രജ്ഞനായ ആര്യഭടൻ കേരളീയനാണെന്നതിന് വിശ്വാസ്യയോഗ്യമായ തെളിവുകളുണ്ടെന്നും പറഞ്ഞു. പാടലീപുത്രത്തിലാണ് ആര്യഭടൻ താമസിച്ചതെങ്കിലും അദ്ദേഹം കേരളത്തിൽനിന്നു വന്നതാണെന്നാണ് തെളിവുകൾ.
ലോകസഞ്ചാരിയായ ഇബ്‌നു ബത്തൂത്ത 14-ാം നൂറ്റാണ്ടിൽ കേരളം സന്ദർശിച്ചപ്പോൾ ഇവിടത്തെ സ്ത്രീകളുടെ സ്വാതന്ത്ര്യവും ഉയർന്ന സാമൂഹികപദവിയും കണ്ട് അത്ഭുതപ്പെട്ടു. പുരാതനകാലം മുതലേ ജൂതരും ക്രൈസ്തവരും മുസ്‌ലിങ്ങളും കേരളത്തിൽ എത്തിച്ചേരുകയും ഇവിടത്തെ സംസ്കാരവുമായി ഇടപഴകുകയും ചെയ്തിട്ടുണ്ട്. 1957-ൽ കേരളം രൂപവത്‌കരിച്ചപ്പോൾ സാമ്പത്തികമായി പിന്നാക്കമുള്ള ഒരു സംസ്ഥാനത്തിന് മുന്നേറാനാവുമോയെന്ന് പലരും സംശയിച്ചിരുന്നു. ഇന്ന് വരുമാനം, ആയുർദൈർഘ്യം, വിദ്യാഭ്യാസം, ദാരിദ്ര്യനിർമാർജനം എന്നിവയിൽ കേരളം ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി മാറി -അമർത്യ സെൻ പറഞ്ഞു.
വികസനത്തിലും ജനാധിപത്യത്തിലും സാക്ഷരതയിലും വിദ്യാഭ്യാസത്തിലും കേരളം കൈവരിച്ച നേട്ടങ്ങൾ ഏറെ വലുതാണെന്ന് ചരിത്രകാരി പ്രൊഫ. റൊമിലാ ഥാപ്പർ പറഞ്ഞു. എഴുതാനും വായിക്കാനും പഠിക്കുന്നതിലുപരി, ലോകത്തെ മനസ്സിലാക്കുന്നതിലാണ് കേരളത്തിലെ വിദ്യാഭ്യാസപദ്ധതികൾ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും അവർ അഭിനന്ദിച്ചു.
സുസ്ഥിരവികസനത്തിലും ഭക്ഷ്യോല്പാദനത്തിലും കേരളം ലോകത്തിനുതന്നെ മാതൃകയാണെന്ന് വേൾഡ് ഫുഡ് പ്രൈസ് ജേതാവ് ഡോ. ശകുന്തള ഹരക്‌സിങ് തിൽസ്തദ് പറഞ്ഞു.
കേരളം ക്യൂബയ്ക്കു നൽകിവരുന്ന ഐക്യദാർഢ്യത്തിനു നന്ദി പ്രകടിപ്പിച്ച ക്യൂബൻ പ്രതിനിധി അയ്മീ അലേജാന്ദ്ര ഡയസ് നെഗ്രീൻ, സാമ്രാജ്യത്വ അധിനിവേശത്തിനെതിരേയുള്ള പോരാട്ടത്തിൽ പുരോഗമനപ്രസ്ഥാനങ്ങളുടെ പിന്തുണയും അഭ്യർഥിച്ചു. യാസർ അറാഫത്തിന്റെ കാലം മുതൽ കേരളവും പലസ്തീനും തമ്മിലുള്ള ബന്ധം അനുസ്മരിച്ച പലസ്തീൻ അംബാസഡർ അബ്ദുള്ള എം.അബു ഷാവേസ്, വർത്തമാനകാലത്ത് അത് ഊട്ടിയുറപ്പിച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞു.
Content Highlights: Experts laud Kerala`s model in health & education at Vision-2031 summit. Amartya Sen highlights historical roots of progress. Discover Kerala`s achievements!