മാനസികാരോഗ്യ കേന്ദ്രത്തിന്റെ പേരുമാറ്റുമെന്ന് മന്ത്രി; നിയമപരമായ പ്രതിസന്ധി ചൂണ്ടിക്കാട്ടി ഡോക്ടർമാർ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റി ഹാപ്പിനസ് ആൻഡ് വെൽനസ് സെന്റർ ആക്കുമെന്ന ആരോഗ്യമന്ത്രി കെ. മുരളീധരന്റെ പ്രഖ്യാപനത്തിനെതിരേ മാനസികാരോഗ്യ വിദഗ്ധർക്കിടയിൽ പ്രതിഷേധവും ആശങ്കയും ശക്തം. മുൻപ് ഭ്രാന്താശുപത്രി എന്ന് വിളിക്കപ്പെട്ടിരുന്ന ഈ കേന്ദ്രങ്ങളെ ശക്തമായ പ്രതിഷേധങ്ങളെത്തുടർന്നാണ് പിന്നീട് മാനസികാരോഗ്യ കേന്ദ്രം എന്ന് പുനർനാമകരണം ചെയ്തത്. എന്നാൽ പുതിയ പേരുമാറ്റ പ്രഖ്യാപനത്തോട് യോജിക്കാൻ കഴിയില്ലെന്നാണ് സൈക്യാട്രി വിഭാഗം ഡോക്ടർമാരുടെ സംഘടനയുടെ നിലപാട്.

പേരിലെ മാനസികാരോഗ്യം, സൈക്യാട്രി എന്നീ പദങ്ങൾ ഒഴിവാക്കുന്നത് നിയമപരമായ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മനഃശാസ്ത്ര വിദഗ്ധൻ ഡോ. ടി. സാഗർ ചൂണ്ടിക്കാണിച്ചു. രാജ്യത്ത് നിലവിലുള്ള മെന്റൽ ഹെൽത്ത് കെയർ ആക്ട് 2017 എന്ന നിയമം അനുശാസിക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങൾ ഇത്തരം സ്ഥാപനങ്ങൾക്ക് നിയമപരമായി നിർബന്ധമാണ്. പേരുമാറ്റം സർക്കാർ ആഗ്രഹിക്കുന്നെങ്കിൽ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി ആൻഡ് വെൽനസ് എന്നോ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് വെൽനസ് എന്നോ ഉള്ള പേരുകൾ പരിഗണിക്കാം. കൂടാതെ, സർക്കാർ നിർദേശിച്ച ഹാപ്പിനസ് ആൻഡ് വെൽനസ് സെന്ററുകൾ ഈ കേന്ദ്രങ്ങളിൽ അധികമായി ആരംഭിക്കാവുന്നതാണെന്നും ഡോ. സാഗർ കൂട്ടിച്ചേർത്തു.

നിർദിഷ്ട പേരുമാറ്റം അംഗീകരിക്കാൻ കഴിയില്ലെന്ന് മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡ് അംഗവും ഇന്ത്യൻ സൈക്യാട്രി കേരള ഘടകം അംഗവുമായ ഡോക്ടർ എൽ.സി. ഉമ്മനും പ്രതികരിച്ചു. സൈക്യാട്രി എന്നത് വൈദ്യശാസ്ത്രത്തിലെ ഒരു പ്രധാന ശാഖയാണ്. മെന്റൽ ഹെൽത്ത് എന്നത് ആഗോളതലത്തിൽ തന്നെ മാനസികാരോഗ്യത്തെ സൂചിപ്പിക്കുന്ന ശാസ്ത്രീയ പദമാണ്. ഈ രണ്ട് പദങ്ങൾക്കും ഒരുവിധത്തിലുള്ള സാമൂഹിക വിവേചനവും കൽപ്പിക്കേണ്ടതില്ല. ഉന്നത പഠനങ്ങളും പോസ്റ്റ് ഗ്രാജുവേഷനും ഉൾപ്പെടെ നടക്കുന്ന ഈ കേന്ദ്രങ്ങൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി എന്ന പേരിടുന്നതാകും കൂടുതൽ അനുയോജ്യമെന്നും അദ്ദേഹം നിർദേശിച്ചു. തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട് എന്നീ മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളാണ് നിലവിൽ കേരളത്തിലുള്ളത്.