ബിജു പങ്കജിനും നീനു മോഹനും സൗമ്യ ആര്‍.കെയ്ക്കും കേരള മീഡിയ അക്കാദമി മാധ്യമ അവാര്‍ഡ്

ബിജു പങ്കജ്, നീനു മോഹന്‍, സൗമ്യ ആര്‍. കൃഷ്ണ
ബിജു പങ്കജ്, നീനു മോഹന്‍, സൗമ്യ ആര്‍. കൃഷ്ണ

കൊച്ചി: 2024 ലെ കേരള മീഡിയ അക്കാദമി മാധ്യമ അവാര്‍ഡ് പ്രഖ്യാപിച്ചു. മാത്യഭൂമി ന്യൂസ് അസോസിയേറ്റ് എഡിറ്റര്‍ ബിജു പങ്കജ്, മാതൃഭൂമി ദിനപത്രം സീനിയർ കറസ്പോണ്ടന്റ് നീനു മോഹൻ, മാതൃഭൂമി ന്യൂസ് സീനിയർ റിപ്പോർട്ടർ സൗമ്യ ആര്‍.കെ. എന്നിവർ ഉൾപ്പെടെ ഏഴുപേർ അവാർഡിന് അർഹരായി. 25000 രൂപയും പ്രശസ്തിപത്രവും ശില്‍പവും ആണ് പുരസ്‌കാരം. ഓഗസ്റ്റിൽ നടക്കുന്ന മാധ്യമ കോൺക്ലേവിൽ പുരസ്കാരം സമ്മാനിക്കുമെന്ന് അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അറിയിച്ചു. 

മികച്ച അന്വേഷണാത്മക റിപ്പോർട്ടിനുള്ള ചൊവ്വര പരമേശ്വരൻ അവാർഡാണ് നീനു മോഹന് ലഭിച്ചത്. 'കുലമിറങ്ങുന്ന ആദിവാസി വധു' എന്ന പരമ്പരയാണ് നീനുവിനെ അവാർഡിനർഹയാക്കിയത്.  മലയാളി വനംവകുപ്പ് ഉദ്യോഗസ്ഥന്റെ കടല്‍പ്പശു സംരംക്ഷണത്തെക്കുറിച്ചുള്ള ഡോക്യൂമെന്ററിയാണ് ബിജു പങ്കജിനെ അവാർഡിന് അർഹനാക്കിയത്. മാതൃഭൂമി ന്യൂസിലെ  സൗമ്യ ആര്‍.കെ. സ്പെഷ്യൽ ജൂറി പുരസ്കാരം നേടി. പാര്‍ശ്വവത്കൃതമായ ഗ്രാമീണ ജനതയ്ക്ക് നിഷേധിക്കപ്പെട്ട അടിസ്ഥാനസൗകര്യങ്ങള്‍ നല്‍കുന്നതിന് പകരം സാരി നല്‍കി പ്രീണിപ്പിക്കാന്‍ ശ്രമിച്ച നടപടിക്കെതിരെ പ്രതിഷേധിച്ച ഒരു വനിതയെ ഫീച്ചര്‍ ചെയ്യുന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട  ന്യൂസ് സ്റ്റോറിയാണ് ഇവരെ അവാർഡിന് അർഹയാക്കിയത്.  

മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരൻ നമ്പ്യാർ അവാർഡ് മാധ്യമം ജോയിൻ്റ് എഡിറ്റർ പി.ഐ. നൗഷാദിന് ലഭിച്ചു. 'കോളനി പടിക്കു പുറത്ത്' എന്ന എഡിറ്റോറിയലാണ് അവാർഡിന് അർഹനാക്കിയത്. മികച്ച ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറിക്കുള്ള എൻ.എൻ. സത്യവ്രതൻ അവാർഡിന്   ജനയു​ഗം ഇടുക്കി ജില്ലാലേഖകൻ ആർ. സാംബൻ അർഹനായി. 'കരികൾക്ക് കലികാലം' എന്ന പരമ്പരയാണ് അവാർഡിന് അർഹനാക്കിയത്. 

മികച്ച പ്രാദേശിക പത്രപ്രവര്‍ത്തനത്തിനുള്ള ഡോ.മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ്  മലയാള മനോരമ ദിനപ്പത്രത്തിലെ പൊന്നാനി ലേഖകന്‍ ജീബീഷ് വൈലിപ്പാട്ട് അര്‍ഹനായി. 'അരിച്ചെടുത്ത് ദുരിത ജീവിതം' എന്ന പരമ്പരയാണ് അവാര്‍ഡിനര്‍ഹനാക്കിയത്. വയനാട് ചുരല്‍മല ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ട് അഭയം തേടിയ കുടുംബത്തിലെ കൈക്കുഞ്ഞിനെ സൈന്യം രക്ഷപ്പെടുത്തുന്ന ദുരന്തമുഖത്തു നിന്നുള്ള ചിത്രം പകര്‍ത്തിയ മലയാള മനോരമയിലെ ജിതിന്‍ ജോയല്‍ ഹാരിമിനാണ് കേരള മീഡിയ അക്കാദമി ഫോട്ടോഗ്രഫി അവാര്‍ഡ്. 
 

Content Highlights: Kerala Media Academy announced 2024 media awards