‘അർജന്റീനേ..’ സജിലാൽ വിളിച്ചു, ‘എന്താ അപ്പേ..’ അർജന്റീന വിളികേട്ടു; ടീമിനോടുള്ള ആരാധനമൂത്ത് പേരിട്ടു

#വി.യു. മാത്യുക്കുട്ടി
സജിലാലും മക്കളായ മാർട്ടിൻ അർജന്റീന പോളും (ഇടത്ത്) അലക്സ് ഏബ്രഹാം പോളും അർജന്റീന ടീമിന്റെ നിറം നൽകിയ കാറിനൊപ്പം
സജിലാലും മക്കളായ മാർട്ടിൻ അർജന്റീന പോളും (ഇടത്ത്) അലക്സ് ഏബ്രഹാം പോളും അർജന്റീന ടീമിന്റെ നിറം നൽകിയ കാറിനൊപ്പം

കാസർകോട്: ‘മോനേ അർജൻറീനേ...’ ചിറ്റാരിക്കാൽ തോട്ടുവായിൽ സജിലാൽ നീട്ടി വിളിച്ചു. ‘എന്താ അപ്പേ...’ അർജന്റീന വിളികേട്ടു. അദ്‌ഭുതം കൂറേണ്ട, സജിലാൽ വിളിച്ചത് ‘അർജന്റീന’യെന്ന രാജ്യത്തെയല്ല, സ്വന്തം മകനെയാണ്. ലോകകപ്പ് ഫുട്ബോളിൽ അർജന്റീന ടീമിനോടുള്ള ആരാധന കാരണമാണ് അദ്ദേഹം മൂത്ത മകന് ഈ പേരിട്ടത്. മുഴുവൻ പേര് മാർട്ടിൻ അർജന്റീന പോൾ. ‘അർജന്റീന’യും അർജന്റീന ഫാൻ തന്നെ.

പുതുതായി വാങ്ങിയ കാറിന് അടിമുടി അർജന്റീനയുടെ നിറവും ചിഹ്നവുമെല്ലാമുള്ള സ്റ്റിക്കറും പതിച്ചു, സജിലാൽ. ലോകകപ്പ് കഴിയുന്നതുവരെ ഇത് തുടരാനാണ് തീരുമാനം. “കാറിന്റെ സർവീസിന് സമയമായിട്ടും കൊണ്ടുപോകാനായിട്ടില്ല. ഇനി സ്റ്റിക്കർ നീക്കിയിട്ടുവേണം അതിനുപോകാൻ.”

1990-ൽ ഇറ്റലിയിൽ നടന്ന ലോകകപ്പ് മത്സരം രണ്ടരക്കിലോമീറ്റർ നടന്ന് വായനശാലയിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ടി.വി.യിൽ കണ്ടതുമുതൽ തുടങ്ങിയതാണ് അർജന്റീന ടീമിനോടുള്ള ആരാധന. 1986-ൽ ഡീഗോ മാറഡോണയുടെ നേതൃത്വത്തിൽ അർജന്റീന ലോകകപ്പ് കിരീടം നേടിയ വാർത്തയൊക്കെ തേടിപ്പിടിച്ച് വായിച്ചതോടെ ആരാധന കൂടി.

മകനുണ്ടായാൽ അവന് ‘അർജന്റീന’ എന്ന് പേരിടുമെന്ന് പറഞ്ഞപ്പോൾ കൂട്ടുകാർ കളിയാക്കി. പക്ഷേ, സജിലാൽ ഇത് മനസ്സിൽ സൂക്ഷിച്ചു. പഠനത്തിനുശേഷം ഒമാനിൽ ‘ടൊയോട്ട’യിൽ ജോലിക്ക് കയറി. ഇതിനിടെ സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന റോണിയയുമായി വിവാഹം.

മൂത്തമകൻ ജനിച്ചപ്പോൾ പേര് ‘അർജന്റീന’ എന്നുവേണമെന്ന് സജിലാൽ. ഭാര്യയും ബന്ധുക്കളുമൊക്കെ എതിർത്തു. ഒടുവിൽ സമവായത്തിലാണ് മാർട്ടിൻ അർജന്റീന പോൾ എന്ന് പേരിട്ടത്.

പേര് കേൾക്കുമ്പോൾ പലരും എന്താണ് ഇങ്ങനെയൊരു പേരെന്ന് കൗതുകത്തോടെ ചോദിക്കാറുണ്ട്. “അപ്പ അർജന്റീന ഫാനാണ്. അതിനാലാണീ പേരിട്ടതെ”ന്ന് അവർക്ക് മറുപടി നൽകുമെന്ന് ചിറ്റാരിക്കാൽ തോമാപുരം ഹയർ സെക്കൻഡറി സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയായ മാർട്ടിൻ അർജന്റീന.

അനുജൻ അലക്സ് എബ്രഹാം പോൾ മൂന്നാം ക്ലാസിൽ പഠിക്കുന്നു. വീട്ടുകാരുടെ എതിർപ്പുകാരണം രണ്ടാമത്തെ മകന് അർജന്റീന ബന്ധമുള്ള പേരിടാനായില്ലെന്ന് സജിലാൽ. കളിക്കാരനുമായിരുന്നു സജിലാൽ. ചിറ്റാരിക്കാലിലേക്ക് മാറുന്നതിനുമുൻപ് കുടുംബം കണ്ണൂർ ജില്ലയിലെ ചെമ്പേരിയിലായിരുന്നു. അന്ന് ജില്ലാ സബ്ജൂനിയർ ടീമിൽ കളിച്ചിട്ടുണ്ട്.

സബ് ജൂനിയർ സംസ്ഥാന ടീമിന്റെ പരിശീലന ക്യാമ്പിലുണ്ടായിരുന്നെങ്കിലും കാൽമുട്ടിന് പരിക്കേറ്റതിനാൽ കളി മുന്നോട്ടുകൊണ്ടുപോകാനായില്ല. അങ്ങനെയാണ് ഫുട്ബോൾ ഫാനായി മാറിയത്. ഒമാനിൽനിന്ന് തിരിച്ചെത്തി തോട്ടുവായിൽ മോട്ടോഴ്സ് എന്ന സ്ഥാപനം നടത്തുകയാണിപ്പോൾ.

Content Highlights: Sajilal, a resident of Kasaragod, named his son Martin Argentina Paul due to his deep passion for the Argentina national football team. The father's fandom began during the 1990 World Cup and was further inspired by Diego Maradona's 1986 victory. The son, currently a 9th-grade student, shares his father's love for the team. Sajilal showcases his support by decorating his car with Argentina-themed stickers. Despite family opposition, the name was finalized as a compromise.