പാചകവാതകം കിട്ടാനില്ല ഭക്ഷണശാലകൾ അടഞ്ഞുതുടങ്ങി; സ്‌കൂളുകളിൽ വിറകടുപ്പുകൾ വീണ്ടും വരുന്നു

#News Desk
പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന് പാചകവാതക വിതരണം പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോള്‍ ഹോട്ടലുകള്‍ പലതും പൂട്ടലിന്റെ വക്കിലാണ്. പലരും വിറകുപയോഗിച്ച് പിടിച്ചുനില്‍ക്കാനുള്ള ശ്രമം തുടങ്ങി. ആലപ്പുഴ പഴവീട്ടിലുള്ള ഒരു ഹോട്ടലിലേക്ക് വിറകെത്തിക്കുന്ന തൊഴിലാളികള്‍|ഫോട്ടോ: സി. ബിജു
പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന് പാചകവാതക വിതരണം പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോള്‍ ഹോട്ടലുകള്‍ പലതും പൂട്ടലിന്റെ വക്കിലാണ്. പലരും വിറകുപയോഗിച്ച് പിടിച്ചുനില്‍ക്കാനുള്ള ശ്രമം തുടങ്ങി. ആലപ്പുഴ പഴവീട്ടിലുള്ള ഒരു ഹോട്ടലിലേക്ക് വിറകെത്തിക്കുന്ന തൊഴിലാളികള്‍|ഫോട്ടോ: സി. ബിജു

കൊച്ചി: വാണിജ്യാവശ്യത്തിനായുള്ള പാചകവാതക സിലിൻഡറുകളുടെ ലഭ്യത നിലച്ചതോടെ സംസ്ഥാനത്ത് ഹോട്ടലുകൾ അടഞ്ഞുതുടങ്ങി. ഐ.ഒ.സി., ബി.പി.സി.എൽ. എന്നീ പ്രധാന കമ്പനികൾ കഴിഞ്ഞ ദിവസങ്ങളിലേതിനു സമാനമായി വാണിജ്യ സിലിൻഡറുകൾ നിറയ്ക്കുന്നത് നിർത്തിവെച്ചിരിക്കുകയാണ്. എച്ച്.പി.സി.എൽ. വാണിജ്യാവശ്യത്തിനായുള്ള സിലിൻഡർ നിറയ്ക്കുന്നത് നാമമാത്രമായി തുടരുന്നുണ്ട്.

ബുധനാഴ്ചമാത്രം സംസ്ഥാനത്തെ 20 ശതമാനത്തോളം ഹോട്ടലുകൾ അടഞ്ഞുകിടന്നെന്നാണ് കണക്ക്. ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ സ്റ്റോക്ക് തൃപ്തികരമാണെന്നാണ് വിതരണത്തിന്റെ 52 ശതമാനവും നടത്തുന്ന ഐ.ഒ.സി.യുടെ പ്രതികരണം. എന്നാൽ, ബുക്കിങ്ങിൽ തടസ്സം നേരിടുന്നുണ്ടെന്ന് ഉപഭോക്താക്കൾ പറയുന്നു. വിതരണം നിലച്ചതോടെ ഹോട്ടൽമേഖലയിലെ സംഘടനകളുമായി പെട്രോളിയം കമ്പനി പ്രതിനിധികൾ ചർച്ചനടത്തി.

നിലവിലെ സ്ഥിതിക്ക് മാറ്റമുണ്ടാകുമോയെന്നതിൽ യാതൊരു ഉറപ്പുമുണ്ടായില്ല. വാണിജ്യാവശ്യത്തിനായുള്ള സിലിൻഡറുകളുടെ വിതരണം ആശുപത്രികൾ അടക്കമുള്ള അത്യാവശ്യമേഖലകളിലേക്ക് മാത്രമാക്കാനാണ് കേന്ദ്രസർക്കാരിന്റെ നിർദേശമെന്നും ഹോട്ടലുകൾക്ക് ഉടനെ വിതരണം ഉണ്ടാകില്ലെന്നും കമ്പനികൾ അറിയിച്ചു. ചില സ്വകാര്യ ഏജൻസികൾ വഴി കരിഞ്ചന്തയിൽ ഇരട്ടിവിലയ്ക്ക് സിലിൻഡർ വിൽപ്പന നടക്കുന്നതായും പരാതിയുണ്ട്.

സ്‌കൂളുകളിൽ വിറകടുപ്പുകൾ വീണ്ടും വരുന്നു

രതീഷ് രവി

കൊല്ലം: കർശന നിർദേശം നൽകി, പൂർണമായും ഒഴിവാക്കിയ വിറകടുപ്പുകൾ സ്‌കൂളുകളിലേക്ക് വീണ്ടും വരുന്നു. പാചകവാതക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സ്‌കൂൾ ഉച്ചഭക്ഷണം മുടക്കരുതെന്നും വിറക് കരുതണമെന്നും പ്രധാൻമന്ത്രി പോഷൻ ശക്തി നിർമാൺ (പി.എം.പോഷൻ) നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ സ്‌കൂൾ ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിന് വിറകടുപ്പ് ഉപയോഗിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ താത്കാലികമായി അനുവാദം നൽകി.

പാചകവാതക ക്ഷാമം തീരുന്നമുറയ്ക്ക് വിറകടുപ്പ് ഉപയോഗം അവസാനിപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. വിറക് ഇന്ധനമാർഗങ്ങൾ പ്രയോജനപ്പെടുത്തി ഉച്ചഭക്ഷണം മുടങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഡൽഹി പി.എം.പോഷനിൽനിന്ന് നിർദേശം ലഭിച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്‌കൂൾ അധികൃതരെ അറിയിച്ചു.

വിറക് വാങ്ങുന്നതിന് ചെലവാകുന്ന തുക, നിലവിൽ ഇന്ധനത്തിന് അനുവദനീയമായ തുകയിൽ കൂടിയാൽ സ്‌കൂളുകൾക്ക് നൽകുന്നതുസംബന്ധിച്ച് തുടർ ഉത്തരവുകൾ വരും. പല സ്‌കൂളുകളിലും ഒന്നോ രണ്ടോ ദിവസംകൂടി മാത്രം ഉപയോഗിക്കാനുള്ള പാചകവാതകമേ കരുതലുള്ളൂ. ഈമാസം ഇനി 12-13 ദിവസം മാത്രമേ ഉച്ചഭക്ഷണം നൽകേണ്ടതുള്ളൂ എന്നത് ആശ്വാസമാണ്. സ്‌കൂളുകൾക്ക് ആവശ്യമുള്ള പാചകവാതക സിലിൻഡറുകളുടെ എണ്ണം നൽകണമെന്ന് കേന്ദ്ര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കണക്ക് ബുധനാഴ്ചതന്നെ ശേഖരിച്ചുകഴിഞ്ഞു

Content Highlights: Major oil companies have halted commercial LPG cylinder distribution in Kerala., 20% of hotels in the state have closed due to the fuel crisis., Central government prioritizes hospitals for limited LPG supply., Schools are authorized to use firewood temporarily to ensure mid-day meals continue., Reports of black market gas sales at double the standard price.