കടന്നാക്രമിച്ച് വീര്യംകാട്ടി സമവായത്തിന് സമയംതേടി; മദ്യനികുതിയിൽ മുഖ്യമന്ത്രിക്ക് ദ്വിമുഖതന്ത്രം

#അനിഷ് ജേക്കബ്
വി.ഡി.സതീശന്‍
വി.ഡി.സതീശന്‍

തിരുവനന്തപുരം: വീര്യംകുറഞ്ഞ മദ്യം വിൽക്കുന്നതിന് മുന്നോടിയായി നികുതി ഏർപ്പെടുത്തിയതിൽ പിന്നാക്കംപോകാതെയും എന്നാൽ, സ്വന്തം പാർട്ടിയിലും മുന്നണിയിലും സമവായത്തിന് സാവകാശം തേടിയും മുഖ്യമന്ത്രി. ഒപ്പം ഇത്തരം മദ്യത്തിന് വാതിൽ തുറക്കുന്നതിനുള്ള നടപടിയാരംഭിച്ചത് എൽ.ഡി.എഫ്. സർക്കാരാണെന്ന് രേഖകൾ ഉദ്ധരിച്ച് പ്രതിപക്ഷത്തെ കടന്നാക്രമിക്കുകയും ചെയ്തു.

പ്രതിപക്ഷം അഴിമതി ആരോപണംവരെ ഉന്നയിച്ച പ്രശ്‌നത്തിൽ ആക്രമണത്തിനും പ്രതിരോധത്തിനുമായി ദ്വിമുഖതന്ത്രമാണ് നിയമസഭയിൽ വി.ഡി. സതീശൻ സ്വീകരിച്ചത്.

വീര്യംകുറഞ്ഞ മദ്യം ഒരു പ്രത്യേക വിഭാഗമായി ക്ലാസിഫൈചെയ്ത എൽ.ഡി.എഫ്. സർക്കാർ നടപടിയാണ് മുഖ്യമന്ത്രി ആയുധമാക്കിയത്. ബെക്കാർഡി മദ്യക്കമ്പനിയുടെ അപേക്ഷയിൽ നടപടി സ്വീകരിക്കാനുള്ള അന്നത്തെ എക്സൈസ് മന്ത്രിയുടെ ഫയലിലെ നിർദേശം വായിച്ചായിരുന്നു ആരോപണം എതിർപാളയത്തിലേക്ക് തിരിച്ചത്. ഇപ്പോൾ തനിക്ക് എന്തുകിട്ടിയെന്ന മുദ്രാവാക്യത്തിന് അന്ന് എത്ര കിട്ടിയെന്ന ചോദ്യം പരോക്ഷമായി ചോദിച്ചായിരുന്നു പ്രത്യാക്രമണം.

മദ്യത്തിന് കൊണ്ടുവന്ന നികുതിനിർദേശം പിൻവലിക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിലയിരുത്തൽ.

പി.എം.ശ്രീയിലെ ചുവടുമാറ്റവും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ്, പ്ലീഡർ നിയമനം എന്നിവയിൽവന്ന തിരുത്തലുകൾക്കുപിന്നാലെ വീണ്ടുമൊരു പിൻനടത്തം സർക്കാർ ദുർബലമാണെന്ന പ്രതീതി സൃഷ്ടിക്കപ്പെടും. ഇതൊഴിവാക്കാനാണ് വീര്യംകുറഞ്ഞ മദ്യത്തിന് ഏർപ്പെടുത്തിയ നികുതി പിൻവലിക്കാഞ്ഞത്.

എന്നാൽ, കോൺഗ്രസിൽ വി.എം. സുധീരൻ അടക്കം ഉയർത്തിയ എതിർപ്പ് അവഗണിക്കാനാവുമായിരുന്നില്ല. വീര്യം കൂടിയതാണെങ്കിലും കുറഞ്ഞതാണെങ്കിലും മദ്യം മദ്യം തന്നെയാണെന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളുടെ പ്രസ്താവനയും കണ്ടില്ലെന്നു നടിക്കാനാകില്ല. ഈ സാഹചര്യത്തിലാണ് യു.ഡി.എഫ്. കൊണ്ടുവരുന്ന നയത്തിൽ വീര്യംകുറഞ്ഞ മദ്യം അംഗീകരിച്ചാലേ മുന്നോട്ടുപോകൂവെന്ന് പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രിസ്ഥാനത്തേക്ക് സതീശനെ പിന്തുണച്ച ഈ രണ്ടുപേരെയും വിശ്വാസത്തിലെടുത്തേ മുന്നോട്ടുപോകാനാകൂവെന്ന പ്രതിസന്ധിക്ക് ഇതിലൂടെ പരിഹാരവഴി കണ്ടെത്തി.

പാർട്ടി-സർക്കാർ ഏകോപനമില്ലെന്ന സ്വന്തം പാളയത്തിലെ വിമർശങ്ങൾക്കുള്ള മറുപടി പ്രതിപക്ഷത്തിന്റെ തലയിൽ ചാരിയും നൽകി.

വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെകാലത്ത് ദൈനംദിന ഫയലുകൾപോലും മുഖ്യമന്ത്രിയറിയാതെ എ.കെ.ജി. സെന്ററിൽ കൊണ്ടുപോയതുപോലെ തങ്ങൾ കെ.പി.സി.സി. ഓഫീസിലേക്ക് ഫയൽ കടത്തില്ലെന്നായിരുന്നു പ്രഖ്യാപനം. നയപരമായ കാര്യങ്ങൾ മാത്രം പാർട്ടിയിൽ ആലോചിക്കുമെന്നു പറഞ്ഞതിലൂടെ ഭരണത്തിന്റെ നിയന്ത്രണം തന്നിൽത്തന്നെയായിരിക്കുമെന്ന് നയം വ്യക്തമാക്കി.

പി.എം.ശ്രീ പദ്ധതി, ധാതുമണൽ ഖനനം എന്നിവയിലും നയം വ്യക്തമാക്കി. റദ്ദാക്കാനാകാത്ത കരാർ മുൻ സർക്കാർ ഒപ്പിട്ടതിനാൽ അതിൽനിന്ന് പിൻവാങ്ങാനാകില്ലെന്നാണ് പി.എം.ശ്രീയിൽ തുടരുന്നതിന്റെ ന്യായം.

ധാതുമണൽ ഖനനത്തിൽ സ്വകാര്യപങ്കാളിത്തമില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി ഈ മേഖലയിലെ പുതിയ കേന്ദ്രനയത്തിന്റെ ബിസിനസ്സാധ്യത കണ്ടാണ് ചുവടുവെപ്പെന്നു വ്യക്തമാക്കി.

സംസ്ഥാനത്തിന് അവകാശപ്പെട്ട ധാതുമണൽ മൂല്യവർധിത ഉത്പന്നങ്ങളാക്കാൻ കേന്ദ്രം തയ്യാറെടുക്കുമ്പോൾ സംസ്ഥാനത്തിന്റെ വരുമാനവർധനയ്ക്കുള്ള അവസരം ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്ന പ്രായോഗികബുദ്ധിയാണ് പരീക്ഷിക്കുന്നത്

Content Highlights: Chief Minister maintains tax on low-alcohol beverages to avoid appearing weak., LDF government's historical files cited to defend current policy decisions., Strategic decision to continue PM SHRI project based on non-cancellable contracts., Government plans to leverage central policy on mineral sand mining for state revenue., Balancing internal party consensus with opposition pressure in the legislative assembly.