9 ലക്ഷമല്ല, ഒരുകോടി രൂപ സമ്മാനമടിച്ചാൽ ബോണസായി പത്തുലക്ഷം; ലോട്ടറി വിൽപ്പനയുടെ കമ്മിഷൻ കൂട്ടും

കോട്ടയം: ജിഎസ്ടി വർധനയ്ക്കുശേഷം ലോട്ടറിഘടനയിൽ പുതിയ സ്കീം സർക്കാർ പരിഗണനയിൽ. വിൽപ്പനക്കമ്മിഷൻ ചെറിയതോതിൽ വർധിപ്പിച്ചും ഏജന്റിന്റെ ബോണസ് കൂട്ടിയും, വിൽപ്പനക്കാർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമം. വ്യാപാരിക്ക് കിട്ടുന്ന വിൽപ്പനക്കമ്മിഷൻ 20 പൈസകൂടി കൂട്ടും. സമ്മാനമടിക്കുന്ന ഏജന്റിന്റെ ബോണസ് ഒൻപത് ശതമാനത്തിൽനിന്ന് പത്ത് ശതമാനമാക്കും.
50 രൂപ വിലയുള്ള ടിക്കറ്റിന് 42.05 രൂപയാണ് ആദ്യസ്ലാബിലുള്ള ഏജന്റ് നൽകേണ്ടത്. കമ്മിഷൻ 20 പൈസകൂടി കൂട്ടാനാണ് ആലോചന. അതോടെ 41.85 രൂപയ്ക്ക് ഏജന്റിന് ടിക്കറ്റ് കിട്ടും. ചില്ലറവിൽപ്പനക്കാർക്ക് ഇപ്പോൾ ടിക്കറ്റ് കിട്ടുന്നത് 42.59 രൂപയ്ക്കാണ്. പുതിയ സ്കീം വരുന്നതോടെ ടിക്കറ്റ് 42.39 രൂപയ്ക്ക് ലഭ്യമാകും. ഏജന്റിന്റെ പ്രൈസ് ബോണസ് ഇപ്പോൾ ഒൻപത് ശതമാനമാണ്. ഒരു ഏജന്റ് വിറ്റ ടിക്കറ്റിന് ഒരുകോടി രൂപ സമ്മാനമടിച്ചാൽ ഒൻപതുലക്ഷം ബോണസായി കിട്ടും. പുതിയ സ്കീമിൽ ഇത് പത്തുലക്ഷമാക്കും.
നേരത്തേ 12 ശതമാനമായിരുന്നു ബോണസ്. ജിഎസ്ടി കൂട്ടിയതോടെ ഒൻപത് ശതമാനമാക്കി കുറയ്ക്കുകയായിരുന്നു. ലോട്ടറി വ്യാപാരികളുടെയും വിൽപ്പനക്കാരുടേയും ആവശ്യം പരിഗണിച്ചാണ് ഇപ്പോൾ ബോണസ് പരിധി കൂട്ടാനുള്ള തീരുമാനം. സമ്മാനഘടനയിൽ തത്കാലം മാറ്റംവരുത്തേണ്ടെന്നാണ് തീരുമാനം. പുതിയ സ്കീമുമായി ബന്ധപ്പെട്ട് ഉടൻ ഉത്തരവിറങ്ങുമെന്നാണ് സൂചന.
വിൽപ്പനക്കമ്മിഷൻ 20 പൈസകൂടി കൂട്ടുമ്പോൾ ഒരു ടിക്കറ്റിന് സർക്കാരിന്റെ സബ്സിഡി 60 പൈസയാകും. ഇത് ഒരുരൂപയാക്കണമെന്ന് ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (ഐഎൻടിയുസി) സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ആവശ്യപ്പെട്ടു. സബ്സിഡി ഒരുരൂപയാക്കിയാൽ ഒരു ടിക്കറ്റിൽ വിൽപ്പനക്കാരന് ഏഴുരൂപ ലാഭമുണ്ടാകും.
Content Highlights: Kerala Lottery Sector: New Scheme to Boost Seller Commissions and Bonuses Post-GST Hike