ജിഎസ്ടി: ലോട്ടറി ടിക്കറ്റിന് വില കൂട്ടില്ല, സമ്മാനത്തുകയിൽ കുറവ് വരുത്തി -മുഖ്യമന്ത്രി

പിണറായി വിജയൻ
പിണറായി വിജയൻ

തിരുവനന്തപുരം: കേന്ദ്രസർക്കാർ നടപ്പിലാക്കിയ ജി എസ് ടി നിരക്ക് പരിഷ്‌കരണം സംസ്ഥാനത്തെ ലോട്ടറി മേഖലയ്ക്ക് വലിയ ആഘാതമാണ് ഉണ്ടാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാഗ്യക്കുറി ടിക്കറ്റിലുള്ള ജിഎസ്ടി 28 ശതമാനത്തിൽനിന്ന് 40 ശതമാനമായിട്ടാണ് കേന്ദ്രസർക്കാർ ഒറ്റയടിക്ക് വർധിപ്പിച്ചത്. മുഖ്യമന്ത്രി എന്ന നിലയിൽ താനും ധനമന്ത്രിയും നേരിട്ടും കത്തുകൾ മുഖേനയും കേന്ദ്ര ധനകാര്യ വകുപ്പിനോടും ജിഎസ്ടി കൗൺസിലിനോടും ലോട്ടറിയുടെ ജിഎസ്ടി വർധിപ്പിക്കരുതെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും അതെല്ലാം നിരാകരിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. അതിന്റെ ഭാഗമായാണ് ലോട്ടറി മേഖലയിൽ നികുതി വർധനവിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, മറ്റു തൊഴിൽ ചെയ്യാൻ സാധിക്കാത്ത ജീവനോപാധിയായി ലോട്ടറി വ്യാപാരത്തെ ആശ്രയിക്കുന്ന നിരവധി സാധാരണ ജനങ്ങളുടെ തൊഴിൽ മേഖല എന്ന നിലയിൽ ഭാഗ്യക്കുറി മേഖലയെ സംരക്ഷിക്കുന്നതിന് സംസ്ഥാന സർക്കാർ എല്ലാ കാലത്തും പ്രതിജ്ഞാബദ്ധമാണ്. അതിന്റെ ഭാഗമായി സർക്കാരിന്റെ റവന്യൂ വരുമാനത്തിൽ കുറവ് ഉണ്ടാകുമെങ്കിലും ടിക്കറ്റ് വിലയിൽ വർധന വരുത്താതെ നിലവിലെ ടിക്കറ്റ് നിരക്കുകളിൽതന്നെ വിൽപ്പന നടത്തുന്നതിനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചു.

ജിഎസ്ടി 28 ശതമാനത്തിൽനിന്ന് 40 ശതമാനമായി വർധിപ്പിച്ചെങ്കിലും ടിക്കറ്റിന്റെ വില 50 രൂപയായി തന്നെ നിലനിർത്താനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്. അതിന്റെ ഫലമായി ഒരു ഭാഗ്യക്കുറി ടിക്കറ്റിനുമേൽ സർക്കാരിന് 3.35 രൂപ റവന്യൂ വരുമാനത്തിൽ കുറവുണ്ടാകും. ഒരു ഭാഗ്യക്കുറി നറുക്കെടുപ്പിൽ ഇത്തരത്തിൽ 3.35 കോടി രൂപയുടെ കുറവാണ് സർക്കാരിന് ഉണ്ടാവുക.

സർക്കാരിന്റെ പ്രവർത്തനമിച്ചം, ഡിസ്‌കൗണ്ട്, ഏജൻസി സമ്മാനം, സമ്മാനം എന്നിവയിൽ കുറവ് വരുത്തിയാണ് വില വർധനവ ഒഴിവാക്കിയത്. ആകെയുള്ള വിറ്റുവരവിന്റെ 60% തുക സമ്മാനമായി നൽകുന്നുണ്ട്. എന്നാൽ വിറ്റുവരവിൽ കുറവ് വന്നത് കാരണം ആകെ സമ്മാനത്തുകയിൽ നേരിയ കുറവ് വന്നിട്ടുണ്ട്. ഏജന്റ് ഡിസ്‌കൗണ്ട്, ഏജൻസി പ്രൈസ് എന്നിവയുടെ ഘടനയിൽ എങ്ങനെ മാറ്റം വരുത്താം എന്നത് സർക്കാർ പരിശോധിച്ചുവരികയാണ്.

ഇത്തരത്തിൽ കേന്ദ്രസർക്കാർ നടപ്പാക്കിയ ജിഎസ്ടി നിരക്ക് പരിഷ്‌കരണം സംസ്ഥാന ലോട്ടറി മേഖലയിലെ തൊഴിലാളികളെയും കുടുംബാംഗങ്ങളെയും ഒരുതരത്തിലും ബാധിക്കാത്ത രീതിയിൽ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Kerala Govt. Defends Lottery Sector Against GST Hike