സതീശൻ സർക്കാരിന് ആദ്യപ്രഹരം; എംഎൽഎമാരുടെ വാർഡുകളിൽ രണ്ടെണ്ണം നഷ്ടം, എല്ലായിടത്തും ഭൂരിപക്ഷം കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ സ്ഥാപന വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ രണ്ട് എംഎൽഎമാരുടെ സിറ്റിങ് വാർഡുകൾ നഷ്ടപ്പെട്ടത് കോൺഗ്രസ് തിരിച്ചടിയായി. 38 വാർഡുകളിൽ എട്ട് എണ്ണം എംഎൽമാർ ഒഴിഞ്ഞ വാർഡുകളായിരുന്നു. ഇതിൽ ഏഴും യുഡിഎഫ് സിറ്റിങ് എംഎൽഎമാരുടെ വാർഡുകളായിരുന്നു. ഒരു സീറ്റ് സിപിഎം സിറ്റിങ് എംഎൽഎയുടേതും. എന്നാൽ അധികാരത്തിലേറി മാസങ്ങൾ പിന്നിടുംമുമ്പേ രണ്ട് എംഎൽഎമാരുടെ സിറ്റിങ് വാർഡുകൾ യുഡിഎഫിനെ കൈവിട്ടു. ചിറ്റൂർ എംഎൽഎയായ സുമേഷ് അച്യുതൻ ജയിച്ച ചിറ്റൂർ-തത്തമംഗലം നഗരസഭയിലെ പരുത്തിക്കാവ് വാർഡും ചങ്ങനാശ്ശേരി എംഎൽഎയായ വിനു ജോബ് പ്രതിനിധാനം ചെയ്തിരുന്ന കോട്ടയം ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനുമാണ് യുഡിഎഫിന് നഷ്ടമായത്. ചിറ്റൂരിൽ തുല്യ വോട്ടുകൾ വന്നതോടെ നറുക്കെടുപ്പിലൂടെയാണ് എൽഡിഎഫ് സീറ്റ് പിടിച്ചെടുത്തത്. രണ്ടിടത്ത് തോറ്റത് കൂടാതെ ജയിച്ച അഞ്ചിടത്തും 2025-നേക്കാൾ ഭൂരിപക്ഷം യുഡിഎഫ് സ്ഥാനാർഥികൾക്ക് കുറഞ്ഞു. അതേസമയം ആലത്തൂർ എംഎൽഎ ടി.എം.ശശി രാജിവെച്ച ഒഴിവിലേക്ക് നടന്ന പാലക്കാട് ജില്ലാ പഞ്ചായത്ത് പല്ലശ്ശന ഡിവിഷനിലെ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ ഭൂരിപക്ഷം വർധിക്കുകയും ചെയ്തു.
സംസ്ഥാനത്തെ 38 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് 18 ഉം യുഡിഎഫിന് 19 സീറ്റുകളിലാണ് ജയിക്കാനായത്. ഒരിടത്ത് ട്വന്റി 20യും വിജയിച്ചു. യുഡിഎഫിന്റെ 22 എൽഡിഎഫിന്റെ 15 ഉം സിറ്റിങ് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ട്വന്റി 20 വിജയിച്ച വാർഡ് അവരുടെ സിറ്റിങ് സീറ്റാണ്.
എംഎൽഎമാരുടെ വാർഡുകളിലെ ഫലം ഇങ്ങനെ...
ഉഷ വിജയൻ(കോൺഗ്രസ്)-മാനന്തവാടി എംഎൽഎ
വയനാട് മാനന്തവാടി ബ്ലോക്ക് പള്ളിക്കൽ വാർഡ്- കോൺഗ്രസിലെ ലീലാ ഗോവിന്ദൻ 331 വോട്ടുകൾക്കാണ് വിജയിച്ചത്. 2025-ൽ 1055 വോട്ടുകൾ നേടിയാണ് ഉഷ വിജയൻ ഇവിടെ വിജയിച്ചത്.
സിവി ശാന്തകുമാർ (കോൺഗ്രസ്)-അടൂർ എംഎൽഎ
പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്ത് കല്ലേലി വാർഡ്- യുഡിഎഫ് നിലനിർത്തി. കോൺഗ്രസിലെ അനില 112 വോട്ടുകൾക്ക് വിജയിച്ചു. 2025-ൽ ശാന്തകുമാർ 221 വോട്ടിനായിരുന്നു ഇവിടെ വിജയിച്ചത്.
സുധീർഷാ പാലോട് (കോൺഗ്രസ്)- വാമനപുരം എംഎൽഎ
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷൻ- യുഡിഎഫ് നിലനിർത്തി. 3019 വോട്ടുകൾക്ക് കോൺഗ്രസ് സ്ഥാനാർഥി അമി തിലക് വിജയിച്ചു. 2025-ൽ 5683 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സുധീർഷാ പാലോട് വിജയിച്ചത്.
ദീപക് ജോയി (കോൺഗ്രസ്)- തൃപ്പൂണിത്തുറ എംഎൽഎ
കൊച്ചി കോർപറേഷൻ അയ്യപ്പൻ കാവ് വാർഡ്- 549 വോട്ടുകൾക്ക് കോൺഗ്രസിലെ അജിത് കുമാർ എ.കെ.സീറ്റ് നിലനിർത്തി. 2025-ൽ 1183 വോട്ടിന്റെ ഭൂരിപക്ഷമാണ് ദീപക് ജോയിക്ക് നേടാനായത്.
സുമേഷ് അച്യുതൻ (കോൺഗ്രസ്) ചിറ്റൂർ എംഎൽഎ
ചിറ്റൂർ-തത്തമംഗലം നഗരസഭ പരുത്തിക്കാവ് വാർഡ്- 433 വോട്ടുകൾ വീതം കോൺഗ്രസിലെ കെ.മധുവിനും സിപിഎമ്മിലെ വി.തുളസീധരനും ലഭിച്ചു. തുടർന്ന് നടത്തിയ ടോസിൽ എൽഡിഎഫ് വിജയം നേടുകയായിരുന്നു. 185 വോട്ടിനാണ് 2025-ൽ സുമേഷ് അച്യുതൻ ഇവിടെനിന്ന് വിജയിച്ചിരുന്നത്.
വിനു ജോബ്(കേരള കോൺഗ്രസ്) ചങ്ങനാശ്ശേരി എംഎൽഎ
കോട്ടയം ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷൻ യുഡിഎഫിന് നഷ്ടമായി. 2140 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎമ്മിലെ മഞ്ജു സുജിത്ത് സീറ്റ് പിടിച്ചെടുത്തത്. 2025-ൽ വിനു ജോബ് 743 വോട്ടുകൾക്ക് മഞ്ജു സുജിത്തിനെ പരാജയപ്പെടുത്തിയിരുന്നു. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ ഡിവിഷനിൽ കഴിഞ്ഞതവണ യുഡിഎഫ് അട്ടിമറി വിജയം നേടുകയായിരുന്നു.
ഫാത്തിമ തെഹലിയ(മുസ്ലിം ലീഗ്) പേരാമ്പ്ര എംഎൽഎ
കോഴിക്കോട് കോർപറേഷൻ കുറ്റിച്ചിറ വാർഡ്- യുഡിഎഫ് സീറ്റ് നിലനിർത്തി. 436 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ലീഗിലെ ഫർസീനയ്ക്ക് സീറ്റ് നിലനിർത്താനായത്. 2025-ൽ തഹലിയ 2273 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച സീറ്റാണിത്.
ടിഎം ശശി(സിപിഎം)- ആലത്തൂർ എംഎൽഎ
പാലക്കാട് ജില്ലാ പഞ്ചായത്ത് പല്ലശ്ശന ഡിവിഷൻ- എൽഡിഎഫ് നിലനിർത്തി. 10596 വോട്ടിന്റെ ഭൂരിപക്ഷത്തിന് സിപിഎമ്മിലെ വി.പൊന്നുക്കുട്ടൻ വിജയിച്ചു. 7085 വോട്ടിന്റെ ഭൂരിപക്ഷമാണ് 2025ൽ ടി.എം.ശശിക്ക് ലഭിച്ചിരുന്നത്.
Content Highlights: By-elections held for 38 local body wards across Kerala due to MLAs vacating seats., UDF lost two key sitting MLA wards to LDF, including Chittoor-Thathamangalam and Thrikkodithanam., LDF won 18 seats, UDF won 19 seats, and Twenty20 secured 1 seat., Majority margins for UDF decreased in most of the retained seats compared to 2025.