'വീട്ടിലെത്തിയതോടെ അസ്വസ്ഥതകള്‍ കൂടി, കഴിച്ച ഭക്ഷണം ഛര്‍ദ്ദിച്ചു, ആശങ്ക വേണ്ടെന്നാണ് അവര്‍ പറഞ്ഞത്'

#വൃന്ദ മോഹൻ
.
.

തിരുവനന്തപുരം: ആശങ്കകൾ പങ്കുവെച്ചെങ്കിലും ഭയപ്പെടേണ്ടതില്ലെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞതെന്ന് കൊഴുപ്പ് മാറ്റൽ ശസ്ത്രക്രിയക്ക് പിന്നാലെ കെെവിരലുകൾ മുറിച്ച് മാറ്റേണ്ടി വന്ന നീതു. ആശുപത്രിയിൽ വച്ച് തന്നെ ചെറിയ അസ്വസ്ഥതകൾ ഉണ്ടായിരുന്നുവെങ്കിലും സർജറിയുടേതാണെന്നും വീട്ടിൽ പോകാനാണ് അവർ നിർദ്ദേശിച്ചതെന്നും യുവതി പറഞ്ഞു. 

യുവതിയുടെ ദുരസ്ഥയ്ക്ക് കാരണം ചികിത്സാപ്പിഴവാണെന്ന് ആരോപിച്ച് നേരത്തെ തന്നെ കുടുംബവും രം​ഗത്തെത്തിയിരുന്നു. 22 ദിവസത്തോളം വെൻ്റിലേറ്ററിൽ കഴിഞ്ഞ യുവതി ജീവിതത്തിലേയ്ക്ക് മടങ്ങിവരാനുള്ള ശ്രമത്തിലാണിപ്പോൾ. താൻ നേരിട്ട് യാതനകൾ മുട്ടത്തറ സ്വദേശിയായ നീതുവും ഭർത്താവ് പത്മജിത്തും മാതൃഭൂമി ഡോട്ട്കോമിനോട് പങ്കുവെക്കുന്നു. 

'അഡ്മിറ്റായി തൊട്ടടുത്ത ദിവസം തന്നെ ശസ്ത്രക്രിയ നടത്തുകയും അടുത്ത് ​ദിവസം ഡിസ്ചാർജ് ചെയ്യുകയുമായിരുന്നു. ജനറൽ അനസ്തേഷ്യയാണ് സർജറിക്ക് നൽകിയത്, 24 മണിക്കൂർ ഒബ്സർവേഷൻ ആവശ്യമാണ് ജനറൽ അനസ്തേഷ്യയ്ക്ക്. അത് ഇല്ലാതെയാണ് എനിക്ക് ഡിസ്ച്ചാർജ് തന്നത്. വെന്റിലേറ്റർ സൗകര്യമില്ലാതെ ആശുപത്രിയിൽ 12 മണിക്കൂർ ആണ് കിടന്നത്.  ആശുപത്രിയിൽ വച്ച് തന്നെ  ചെറിയ അസ്വസ്ഥതകൾ ഉണ്ടായിരുന്നുവെങ്കിലും സർജറിയുടേതാണ് വീട്ടിൽ പോകാനാണ് അവർ നിർദ്ദേശിച്ചത്. വീട്ടിലെത്തിയതോടെ അസ്വസ്ഥതകൾ കൂടി, ഭക്ഷണം കഴിച്ചപ്പോൾ ഛർദ്ദിച്ചു. അവരെ അറിയിച്ചപ്പോൾ ബിപി ചെക്ക് ചെയ്യാൻ പറഞ്ഞു. ആശുപത്രിയിലേക്ക് വരട്ടെ എന്ന് ചോദിച്ചപ്പോൾ ഞായറാഴ്ച്ചയായത് കൊണ്ട് ഡോക്ടർമാരില്ലെന്ന് നിസ്സാരമായി അവർ‌ പറഞ്ഞു. മറ്റ് ആശുപത്രികളിൽ പോകേണ്ട ആവശ്യമില്ല ഈ സർജറിക്ക് ഇത് സാധാരണയാണ് എന്നാണ് അവർ പറഞ്ഞത്. 

ടെൻഷൻ അടിക്കേണ്ട കാര്യമില്ലെന്നും ശരീരത്തിലേയ്ക്ക് രക്തം കയറ്റിയാൽ ശരിയാകുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഇതൊക്കെ സാധാരണയാണെന്നും പറഞ്ഞു. ട്രിപ്പിട്ടാൽ മതിയെന്ന് പറഞ്ഞു. അപ്പോഴേക്കും ഞാൻ ക്ഷീണിച്ചു. ഒട്ടും വയ്യെന്ന് പറഞ്ഞപ്പോഴും ശരിയാകുമെന്ന് ആവർത്തിച്ചു', നീതു പറഞ്ഞു. 

ആരോഗ്യനില ഗുരുതരമായതോടെ തിങ്കളാഴ്ച വൈകിട്ടാണ് എന്നോട് പറയുന്നത് കൂടുതൽ ചികിത്സക്കായി മൾട്ടിസെപ്ഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റുന്നു എന്ന്. ഇത്രയും ക്രിട്ടിക്കൽ കണ്ടീഷനിലുള്ള എന്നെ ആംബുലൻസ് പോലും ഉപയോ​ഗിക്കാതെ ഇന്നോവ കാറിലാണ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിയതും കാർഡിയാക് അറസ്റ്റ് സംഭവിച്ചു. രക്ഷപ്പെടാൻ സാധ്യത കുറവാണ് എന്നാണ് ഭർത്താവിനോടും വീട്ടുകാരോടും സ്വകാര്യ ആശുപത്രിയിൽ നിന്നും പറഞ്ഞിരുന്നത്. 22 ദിവസം വെന്റിലേറ്ററിലായിരുന്നു. രണ്ടരമാസമാണ് ആശുപത്രിയിൽ ചെലവഴിച്ചതെന്നും നീതു പറഞ്ഞു

കഴക്കൂട്ടം കുളത്തൂരിലെ കോസ്മറ്റിക് ആശുപത്രിയിൽ ആണ് മുട്ടത്തറ ശ്രീവരാഹം സ്വദേശിനിയായ നീതു കൊഴുപ്പ് മാറ്റൽ ശസ്ത്രക്രിയക്ക് വിധേയയായത്. അഞ്ച് ലക്ഷം രൂപയാണ് ആശുപത്രി അധികൃതർ ചികിത്സക്കായി ആവശ്യപ്പെട്ടത്. തുക കൂടുതലാണെന്ന് പറഞ്ഞ് നീതു പിൻമാറി എങ്കിലും ഓഫർ ലഭ്യമാണ് മൂന്ന് ലക്ഷം രൂപ മതിയെന്നും പിന്നീട് ആശുപത്രിയിൽ നിന്ന് കിട്ടിയ അറിയിപ്പ് പ്രകാരമാണ് നീതു സർജറിക്ക് തയ്യാറായത്. 

'കൈകാലുകളിലെ മുറിവുകൾക്കുള്ള ചികിത്സയാണ് ഇപ്പോൾ നടക്കുന്നത്. നടക്കാനും വിരലുകൾ അനക്കാനും കഴിയണമെങ്കിൽ ഫിസിയോതറാപ്പി ആവശ്യമാണ്. ഇതിനുള്ള ചികിത്സയാണ് ഇപ്പോൾ നടക്കുന്നത്.  30 ലക്ഷം രൂപയാണ് നീതുവിന്റെ ഇതുവരെയുള്ള ചികിത്സക്കായി ചെലവായത്'- നീതുവിന്റെ ഭർത്താവ് പത്മജിത്ത് പറഞ്ഞു. പ്രോട്ടോകോൾ പാലിച്ചാണ് ശസ്ത്രക്രിയ നടത്തിയത് എന്ന് മെഡിക്കൽ റിപ്പോർട്ടിൽ ഉള്ളത് കൊണ്ട് ആദ്യത്തെ മെഡിക്കൽ റിപ്പോർട്ട് ഞങ്ങൾക്ക് അനുകൂലമല്ലായിരുന്നു, എന്നാൽ സ്റ്റേറ്റ് മെഡിക്കൽ ബോർഡ് അത് നിഷേധിച്ചു,  അടുത്ത ദിവസം സ്റ്റേറ്റ് മെഡിക്കൻ ബോർഡിന്റെ റിപ്പോർട്ട് വരും, അതിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

അതേസമയം വിഷയത്തില്‍ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കാന്‍ ശസ്ത്രക്രിയ നടത്തിയ ആശുപത്രി തയ്യാറായില്ല. വിഷയത്തില്‍ ഉടന്‍ വാര്‍ത്താക്കുറിപ്പ് നല്‍കുമെന്നാണ് അവര്‍ അറിയിച്ചത്.

Content Highlights: A woman in Thiruvananthapuram lost fingers after liposuction. She alleges medical negligence.