സമയമെവിടെ അസമയമെവിടെ...

എഴുപത് കൊല്ലത്തിനിടെ മലയാളിസമൂഹത്തിന്റെ ദൈനംദിന ജീവിതത്തിൽ അവിശ്വസനീയ മാറ്റങ്ങളാണുണ്ടായത്. പുലർകാലത്തിന്റെയും രാത്രിയുടെയുമൊക്കെ സമയക്രമങ്ങളെ നമ്മൾ മാറ്റിയെഴുതി. പ്രകൃതിയുടെ താളത്തിനനുസരിച്ചുള്ള ജീവിതക്രമത്തിൽ നാം അറിയാതെത്തന്നെ മാറ്റങ്ങളുണ്ടായി. പകലിനും രാത്രിക്കും നമുക്ക് നിശ്ചിത സമയങ്ങളില്ലാതായി.

കോഴി കൂവിയാൽ പുലരും...

കോഴി കൂവലും ആരാധനാലയങ്ങളിൽനിന്നുള്ള പ്രാർഥനാശബ്ദങ്ങളും നമ്മെ ഉണർത്തിയിരുന്ന കാലം. അലാറത്തെക്കുറിച്ച് ചിന്തിക്കാൻ ഘടികാരങ്ങൾ അന്ന് അന്യമായിരുന്നു. കിണറ്റിൽനിന്ന് വെള്ളം കോരി തുടങ്ങുന്നതായിരുന്നു ഒരോ മലയാളിയുടെയും ദിനചര്യ. വെയിലുയരുന്നതനുസരിച്ച് മറ്റു കാര്യങ്ങൾ ക്രമീകരിച്ചു. കവലയിലെ കടയിൽ ഒത്തുകൂടി വിശേഷങ്ങളും പങ്കുവെച്ചു. വെയിലാറുന്നതിനനുസരിച്ച് വീടുപറ്റി, ഇരുട്ടുകനക്കുന്നതോടെ അത്താഴം കഴിച്ച് മണ്ണെണ്ണവിളക്കിന്റെ തിരിതാഴ്ത്തി. നേരത്തേ ഉറങ്ങുകയും നേരത്തേ എഴുന്നേൽക്കുകയും ചെയ്യുന്നത് ശീലമായിരുന്നു.

പകലെന്നത് പുലരുവോളമായി...

ഇന്ന് വെയിലുദിച്ച് മണിക്കൂറുകൾ കഴിയുമ്പോഴാണ് നമ്മുടെ ‘പുലർകാലം’ തുടങ്ങുന്നത്. എഴുന്നേൽക്കണമെങ്കിൽ അലാറത്തിന്റെ ശബ്ദം വേണം. കിടക്കയിൽനിന്ന് എഴുന്നേൽക്കുന്നതിനനുസരിച്ച് ദിനചര്യകൾ ക്രമപ്പെടുത്തുന്നു. കമ്പോളങ്ങൾ സജീവമാകണമെങ്കിൽപ്പോലും ഉച്ചയോടടുക്കണം. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ഒരുമിച്ചായി. ചെറുപ്പക്കാർക്ക് ഒന്നിനും പ്രത്യേക സമയമില്ലെന്നായി. ഇരുൾ കനത്താലും തെരുവുറങ്ങാത്ത രീതിയായി.

പുലരുവോളം കമ്പോളങ്ങൾ തുറന്നിരിക്കുന്ന നാട്ടിൽ കണ്ണഞ്ചിപ്പിക്കുന്ന വിളക്കുകൾ രാത്രികളെ പകലാക്കുന്നു. മറുനാടൻ ഭക്ഷണങ്ങൾ സുലഭമായതോടെ ഭക്ഷണത്തിനും പ്രത്യേക സമയമില്ലാതായി. വെയിലുദിച്ചാൽ ഉറങ്ങാതിരുന്ന ശീലത്തിൽനിന്ന് വെയിലുദിച്ചാലേ എഴുന്നേൽക്കൂ എന്നനിലയിലുമായി. ഇക്കാലത്തിനിടെവന്ന മാറ്റങ്ങളൊക്കെ നാമറിയാതെ കടന്നുവന്നതുമായിരുന്നു.

Content Highlights: Shift from nature-bound daily routines to a night-owl culture., Transition from natural wake-up calls to alarm clocks.