സഭ ഡിജിറ്റലാകുന്നു, ഇനി ചോദ്യങ്ങൾക്ക് കൈയുയർത്തേണ്ട; സമ്മേളനം നാളെമുതൽ, ഭരണ-പ്രതിപക്ഷ കൊമ്പുകോർക്കൽ ഉറപ്പ്

തിരുവനന്തപുരം: ഭരണ -പ്രതിപക്ഷക്യാമ്പുകൾ രാഷ്ട്രീയമായി കൊമ്പുകോർത്തുനിൽക്കേ നിയമസഭാസമ്മേളനം തിങ്കളാഴ്ച തുടങ്ങും. യു.ഡി.എഫ്. സർക്കാർ അധികാരമേറ്റശേഷമുള്ള രണ്ടാംസമ്മേളനം ഒൻപതുദിവസത്തേക്കു മാത്രമാണ്. നിയമനിർമാണത്തിനായി ചേരുന്ന ആദ്യസമ്മേളനമാണിത്. ബജറ്റ് ഉപധനാഭ്യർഥന ചർച്ച ഈ സമ്മേളനത്തിൽ പൂർത്തിയാക്കും.
നൂറുദിന കർമപരിപാടിയുടെ ഭാഗമായി പൂർത്തീകരിച്ച നേട്ടം ഉയർത്തിക്കാട്ടി സഭാസമ്മേളനത്തെ അഭിമുഖീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. വിഴിഞ്ഞം തുറമുഖവികസനം, പ്രിയദർശിനി സൗജന്യ ബസ് യാത്ര, ഓപ്പറേഷൻ തൂഫാൻ തുടങ്ങിയവയുടെ വിജയം സർക്കാരിന് ആത്മവിശ്വാസമേകുന്നു. വയോജനക്ഷേമ ബിൽ, സ്വകാര്യ സർവകലാശാല ബിൽ തുടങ്ങിയവ തയ്യാറായിക്കഴിഞ്ഞു. കിഫ്ബി ഉടച്ചുവാർക്കാൻ തീരുമാനിച്ചതിനാൽ, വികസനപദ്ധതികൾക്കുള്ള സാമ്പത്തിക സമാഹരണത്തിന് ബദൽ വഴിയെന്തെന്നും സർക്കാരിന് വിശദീകരിക്കേണ്ടിവരും.
നാലുമാസത്തിനിടെ പുതിയ സർക്കാരിന്റെ തിളക്കത്തിനുമേൽ കരിനിഴൽവീഴ്ത്തിയ രാഷ്ട്രീയവിവാദങ്ങൾ പ്രതിപക്ഷം ആയുധമാക്കും. തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. നേരിട്ട തിരിച്ചടി ജനങ്ങൾക്കുള്ള അവിശ്വാസത്തിന് തെളിവായി ഉയർത്തിക്കാട്ടും.
പ്രതിപക്ഷ ആയുധങ്ങൾ
- മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിവാദ സ്പോൺസർഷിപ്പ് യാത്രകൾ
- വൈദ്യുതി പ്രതിസന്ധി
- സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമം
- വന്ദേമാതരം, പി.എം- ശ്രീ വിവാദം
- യു.ഡി.എഫ്. കൺവീനർ- മുഖ്യമന്ത്രി അഭിപ്രായഭിന്നത
ഭരണപക്ഷത്തെ ആവനാഴി
- സി.എം.ആർ.എൽ-എക്‌സാലോജിക് കേസിൽ പ്രതിപക്ഷ നേതാവുതന്നെ പ്രതിസ്ഥാനത്ത്
- മെസ്സിയെ കേരളത്തിൽ കൊണ്ടുവരുന്നതിന്റെ പേരിലുള്ള തട്ടിപ്പ്
- സി.പി.എം. വിശാലകമ്മിറ്റികളിലെ തെറ്റുതിരുത്തലും പാലക്കാട് ജില്ലാസെക്രട്ടറിക്കു നേരേയുള്ള പരാതിയും
- പ്രതിപക്ഷ ഉപനേതാവ് തർക്കം
- പി.എസ്.സി. ക്രമക്കേടും ഹൈക്കോടതി ഇടപെടലും
എം.എൽ.എ.മാർ ഇനി ചോദ്യത്തിന് കൈ ഉയർത്തേണ്ടാ
കേരള നിയമസഭയിൽ ചോദ്യംചോദിക്കാൻ അവസരംതേടി എം.എൽ.എ.മാർ ഇനി സ്പീക്കറുടെ ശ്രദ്ധലഭിക്കാൻ കൈ ഉയർത്തേണ്ടാ. സ്വന്തം ഇരിപ്പിടത്തിനു മുന്നിലെ കംപ്യൂട്ടറിൽ സ്പീക്കറുമായി ചാറ്റ് ചെയ്ത് അവസരംചോദിക്കാം. ക്രമപ്രശ്‌നത്തിനടക്കം (പോയിന്റ് ഓഫ് ഓർഡർ) ഇതേസൗകര്യം കിട്ടും. സഭയിലെ സാങ്കേതിക പരിഷ്‌കാരങ്ങൾ പൂർത്തിയാകുമ്പോൾ നിയമനിർമാണത്തിന്റെ എല്ലാഘട്ടങ്ങളും ഡിജിറ്റലാകും.
നിയമനിർമാണത്തിന് ബില്ലിന്റെ ഓരോഘട്ടവും പരിശോധിക്കാൻ ഡിജിറ്റൽസംവിധാനം ഏർപ്പെടുത്തുന്നത് രാജ്യത്ത് ആദ്യമായാണ്. ബില്ലിലെ വ്യവസ്ഥകളിൽ അംഗം ആഗ്രഹിക്കുന്ന തിരുത്തലിന് കടലാസിനെ ആശ്രയിക്കാതെ ഭേദഗതി രേഖപ്പെടുത്താനും കഴിയും. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിർദേശപ്രകാരമാണ് മാറ്റങ്ങൾ. ഐ.ടി. ഡയറക്ടർ ഡോ. കെ.പി. നൗഫലിന്റെ നേതൃത്വത്തിലാണ് സാങ്കേതികമാറ്റം പുരോഗമിക്കുന്നത്.
അവസരമില്ലെന്ന പരാതി തീർന്നേക്കും
കൈ ഉയർത്തുന്നത് ഒഴിവാക്കലിന് കഴിഞ്ഞ സെഷനിൽ തുടക്കമിട്ടെങ്കിലും ചെറിയ മാറ്റംവരുത്തിയാണ് തുടരുക. സമയം നൽകണോയെന്നത് സ്പീക്കറുടെ അധികാരമാണ്. സഭയ്ക്കുള്ളിൽ മന്ത്രിമാരടക്കം അംഗങ്ങൾക്ക് പരസ്പരം ചാറ്റിന് സൗകര്യമുള്ളതിനാൽ അടിയന്തരസന്ദേശം എപ്പോൾവേണമെങ്കിലും കൈമാറാം. എം.എൽ.എ.മാർക്കുള്ള മൊബൈൽ ആപ്പിലും ഓരോദിവസത്തെയും സഭാനടപടികൾ, സഭയുടെ മേശപ്പുറത്തുവെച്ച രേഖകൾ, ചോദ്യോത്തരങ്ങൾ എന്നിവ ലഭിക്കും. പ്രസംഗിക്കാൻ ഊഴമായോ, എത്രസമയം പ്രസംഗിക്കാം, അംഗങ്ങളുടെയും അവരുടെ സെക്രട്ടറിമാരുടെയും ഫോൺനമ്പർ ഉൾപ്പെട്ട അംഗങ്ങളുടെ ഡയറക്ടറി എന്നിവയും ആപ്പിൽകിട്ടും. സഭാരേഖകൾ കവറിലാക്കി എം.എൽ.എ. ഹോസ്റ്റലിൽ എത്തിക്കുന്ന കടലാസുജോലികളും ഒഴിവാകുന്നതോടെ സഭ സമ്പൂർണമായി ഡിജിറ്റലാകും.
Content Highlights: Kerala Legislative Assembly session begins on Monday for nine days. Introduction of paperless digital system for MLAs to ask questions via computers.