മണി ഓർഡർ കേരളത്തിൽ ഇപ്പോഴും സൂപ്പർ ഹിറ്റ്; ഒരുവർഷം 721 കോടി രൂപയുടെ ഇടപാട്, 34 കോടി കമ്മീഷൻ

തൃശ്ശൂർ: യു.പി.ഐ.യും ഓൺലൈൻ ബാങ്കിങ്ങും അരങ്ങുവാഴുന്ന ഡിജിറ്റൽ കാലത്തും തപാൽ വകുപ്പിന്റെ മണി ഓർഡർ സേവനത്തിന് കേരളത്തിന്റെ വൻ വിഹിതം. രാജ്യത്ത് മണി ഓർഡർ ഇനത്തിൽ ഏറ്റവും കൂടുതൽ തുക വിതരണം ചെയ്തതും കമ്മിഷൻ വരുമാനം നേടിയതും കേരളത്തിലെ തപാൽ വകുപ്പ്. 2025 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെയുള്ള കണക്കാണിത്
തപാൽ വകുപ്പിന്റെ കണക്കുപ്രകാരം 2025-ൽ കേരളത്തിൽ 21,26,906 മണി ഓർഡറുകളിലായി 721 കോടി രൂപയുടെ ഇടപാട് നടന്നു. 410.89 കോടി രൂപയുടെ ഇടപാടുമായി തമിഴ്നാടാണ് രണ്ടാം സ്ഥാനത്ത്. രാജ്യത്താകെ വിതരണം ചെയ്തത് 1539.3 കോടി രൂപ. അതിൽ 46.84 ശതമാനവും കേരളവിഹിതം.
മണി ഓർഡർ ഇടപാടിലെ കമ്മിഷൻ വരുമാനത്തിലും കേരളമാണു മുന്നിൽ. 2025-ൽ കേരളത്തിൽനിന്ന് 34.09 കോടി രൂപയാണ് കമ്മിഷനായി ലഭിച്ചത്. 19 കോടി രൂപയുമായി തമിഴ്നാടാണ് രണ്ടാമത്. രാജ്യത്താകെ ലഭിച്ച 70.74 കോടി രൂപ കമ്മിഷനിൽ ഏകദേശം 48.2 ശതമാനവും കേരളത്തിന്റെ സംഭാവന.
മണി ഓർഡറുകളുടെ എണ്ണത്തിൽ തമിഴ്നാടാണ് മുന്നിൽ. തമിഴ്നാട്ടിൽ 34.90 ലക്ഷം മണി ഓർഡറുകളാണ് ബുക്ക് ചെയ്തത്. കേരളത്തിലെ മണി ഓർഡറുകളിൽ പകുതിയും സർവീസ് പെൻഷനുകളാണ്. ചില സർവകലാശാലകളും ചുരുക്കംപേർക്ക് മണി ഓർഡർ വഴിയാണ് പെൻഷൻ നൽകുന്നത്. ചെത്തുതൊഴിലാളി, ആർട്ടിസാൻസ്, തയ്യൽ തൊഴിലാളി ക്ഷേമ പെൻഷനുകളും മണി ഓർഡർ വഴിയാണ് വിതരണം.
ആരാധനാലയങ്ങൾക്ക് ഇതര സംസ്ഥാനങ്ങളിൽനിന്ന് മണിഓഡർ വഴിയും പണം വരുന്നുണ്ട്. കേരളത്തിൽനിന്ന് തിരിച്ചുമുണ്ട്. തിരുപ്പതിയിലേക്കും രാജസ്ഥാനിലെ അജ്മേർ ദർഗയിലേക്കും ഒക്കെ സംഭാവന അയക്കുന്നുണ്ട്.
ചെറിയൊരു ശതമാനം ഇതര സംസ്ഥാന തൊഴിലാളികളും തപാൽ വഴി പണമിടപാട് നടത്തുന്നു. ഉൾനാടൻ ഗ്രാമങ്ങളിലെ ചിലർ വൈദ്യുതി, കുടിവെള്ള ബില്ലുകൾ അടയ്ക്കാനും മണി ഓർഡർ സൗകര്യം ഉപയോഗിക്കുന്നു.
Content Highlights: Kerala accounted for 46.84 percent of total money order disbursements in India for 2025., Total money order transactions in Kerala reached 721 crore rupees across 21.26 lakh transactions in 2025., Kerala generated the highest commission revenue of 34.09 crore rupees nationwide., Service pensions, welfare pensions, and temple donations drive the heavy usage of money orders in the state.