പത്ത് വർഷത്തെ എൽഡിഎഫ് ഭരണം; വക്കീൽ ഫീസായി ഖജനാവിൽ നിന്ന് ചെലവഴിച്ചത് 245.62 കോടി

#സ്വന്തം ലേഖകന്‍
സുപ്രീം കോർട്ട് ഓഫ് ഇന്ത്യ| Photo: Sabu Scraiachan
സുപ്രീം കോർട്ട് ഓഫ് ഇന്ത്യ| Photo: Sabu Scraiachan

തിരുവനന്തപുരം: പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന് വക്കീൽഫീസായി പൊതുഖജനാവിൽനിന്നു ചെലവഴിച്ചത് 245.62 കോടി രൂപ. വിവരാവകാശ നിയമമനുസരിച്ച് കാസർകോട് ഉർദൂർ സ്വദേശി എ. എസ്. മുഹമ്മദ് അഷ്റഫിന് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. 

2016-26 കാലയളവിൽ സുപ്രീംകോടതി, ഹൈക്കോടതി, ദേശീയ ഹരിത ട്രിബ്യൂണൽ, അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ എന്നിവിടങ്ങളിൽ സർക്കാരിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകർക്ക് നൽകിയ ഫീസും ഇക്കൂട്ടത്തിൽവരും. ഗവർണർ-സർക്കാർ ഏറ്റുമുട്ടൽ കേസുകൾ, വിവിധ നിയമോപദേശങ്ങൾ, നിയമഭേദഗതികളുടെ കരട് തയ്യാറാക്കാൻ അഭിഭാഷകർക്ക് ഉൾപ്പെടെ നൽകിയ പ്രതിഫലം എന്നിവയുമുണ്ട്.

സുപ്രീംകോടതിയിൽ 789 കേസ്; ചെലവ് 38.91 കോടി

സുപ്രീംകോടതിയിലെ 789 കേസിനായി 38.91 കോടി രൂപ ഫീസിനത്തിൽ നൽകി. സീനിയർ അഭിഭാഷകരിൽ 273 കേസിൽ ഹാജരായ ജയദീപ് ഗുപ്തയ്ക്കാണ് ഏറ്റവും കൂടുതൽ തുക നൽകിയത്- 8.91 കോടി.

അഞ്ചുകേസിൽ ഹാജരായ കപിൽ സിബലിന് 5.62 കോടി നൽകി. മുൻഅറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ, ഫാലി എസ്. നരിമാൻ തുടങ്ങിയ മുൻനിര അഭിഭാഷകരിൽനിന്ന് നിയമോപദേശം തേടിയതിന് 92.65 ലക്ഷം രൂപയും പ്രതിഫലം നൽകി.

പ്രധാന കേസും ഫീസും

• സോളാർ- 1.20 കോടി

• പെരിയ ഇരട്ടക്കൊല- 85 ലക്ഷം

• സ്വർക്കടത്ത്- 70 ലക്ഷം

• വടക്കാഞ്ചേരി ലൈഫ് മിഷൻ-55 ലക്ഷം

• തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് നൽകിയത്-56 ലക്ഷം

• ഹാരിസൺ മലയാളം- 45 ലക്ഷം

• കിഫ്ബി കേസ്- 45 ലക്ഷം

• സാന്റിയാഗോ മാർട്ടിൻ ലോട്ടറി- 17.50 ലക്ഷം

• ചെറുവള്ളി എസ്റ്റേറ്റ്- 16.5 ലക്ഷം

• സ്പ്രിംഗ്‌ളർ- രണ്ടുലക്ഷം

Content Highlights: Kerala LDF government spent Rs 245.62 crore on lawyer fees from 2016 to 2026., Rs 38.91 crore spent on 789 cases in the Supreme Court alone., Senior advocate Jaydeep Gupta received the highest amount of Rs 8.91 crore for 273 cases., Details revealed through an RTI query filed by A. S. Muhammad Ashraf.