വീര്യംകുറഞ്ഞ മദ്യം: വിഷയത്തിൽ വിയോജിപ്പ് പറഞ്ഞിട്ടില്ല, ജവാൻ ഉത്പാദനം നിലച്ചത് വീഴ്ച- മന്ത്രി ലിജു

തിരുവനന്തപുരം: വീര്യംകുറഞ്ഞ മദ്യത്തിന്റെ വിൽപ്പന നികുതി ബജറ്റിൽ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് താൻ വിയോജിപ്പ് പറഞ്ഞിട്ടില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു. ഭരിക്കുന്ന മുന്നണിയുടെ നയപരമായ തീരുമാനമനുസരിച്ച് മാത്രമേ നടപ്പാക്കൂ. നിലവിലുണ്ടായിരുന്ന നികുതിയിൽനിന്ന് ഒരു നികുതി കുറച്ച് നികുതിഘടന പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തത്. എന്നാൽ, ഇപ്പോഴും അത് വിൽക്കാൻ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജവാൻ മദ്യം ഉത്പാദനം നിലച്ചതിൽ ഗുരുതര വീഴ്ചയാണെന്ന് മന്ത്രി പറഞ്ഞു. ദീർഘകാലാടിസ്ഥാനത്തിൽ ഇത്തരത്തിൽ പ്രതിസന്ധി ഇല്ലാതിരിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
1000 എംഎൽ, 750 എംഎൽ എന്നിങ്ങനെയായി രണ്ട് തരം ജവാൻ മദ്യമാണ് ട്രാവൻകൂർ ഷുഗേഴ്സിൽ വിൽക്കുന്നത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുന്നതിന് മുമ്പ് 750 എംഎല്ലിന്റെ നിർമ്മാണം നിലച്ചിരുന്നു. അതിന് കാരണം, കുപ്പികളില്ലാത്തതായിരുന്നു. ഈ മാസം 11ാം തീയതി വരെ വിറ്റിരുന്നത് 1000 എംഎൽ ബോട്ടിൽ ആയിരുന്നു. എന്നാൽ, സ്റ്റിക്കറിന്റെയും കാർട്ടൺ ബോക്സിന്റെയും കുറവ് കാരണം ഇതും നിലച്ചെന്നാണ് അവിടെനിന്ന് അറിയിച്ചത്. ഉത്പാദനം നിലച്ച് മൂന്ന് ദിവസത്തിന് ശേഷം മാധ്യമങ്ങളിലൂടെയാണ് സംസ്ഥാന എക്സൈസ് വകുപ്പിനുൾപ്പെടെ വിവരം ലഭിക്കുന്നത്. ഗുരുതരമായ വീഴ്ചയാണ് ഇത്.
ദീർഘകാലാടിസ്ഥാനത്തിൽ ഇത്തരത്തിൽ ഒരു ക്രൈസിസ് ഉണ്ടാകാതിരിക്കാനുള്ള ശ്രമം നടത്തും. റവന്യൂ നഷ്ടം ഉൾപ്പെടെ കണക്കുകൂട്ടാനും കുറ്റക്കാരായവരുണ്ടെങ്കിൽ അവരെ കണ്ടെത്താനും ടാക്സ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. റവന്യൂ നഷ്ടം, വീഴ്ചകൾ തുടങ്ങിയ കാര്യങ്ങളും ദീർഘകാലാടിസ്ഥാനത്തിൽ മാനേജ്മെന്റ് എങ്ങനെ ഫലപ്രദമായി മുമ്പോട്ട് കൊണ്ടുപോകാമെന്നും അടിയന്തരമായി ഉത്പാദനം പുനരാരംഭിക്കാമെന്നുമുള്ള കാര്യങ്ങളും ടാക്സ് സെക്രട്ടറി പരിശോധിച്ച് റിപ്പോർട്ട് നൽകും. ഇതനുസരിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Content Highlights: Excise Minister denies disagreement with budget tax policies for low-alcohol beverages., Production of Jawan liquor halted due to shortage of bottles, stickers, and carton boxes., Government describes the production halt as a serious lapse by management., Tax Secretary appointed to investigate revenue loss and ensure production restarts.