ഒരേ ലക്ഷ്യവുമായി രണ്ട് പദ്ധതികൾ പ്രഖ്യാപിച്ച് അനുപമയും ദിവ്യ എസ്. അയ്യരും; തദ്ദേശവകുപ്പിൽ ഐ.എ.എസ്. പോര്

#മാതൃഭൂമി ന്യൂസ്
ടി.വി. അനുപമ, ദിവ്യ എസ്. അയ്യർ | ഫോട്ടോ - മാതൃഭൂമി
ടി.വി. അനുപമ, ദിവ്യ എസ്. അയ്യർ | ഫോട്ടോ - മാതൃഭൂമി

തിരുവനന്തപുരം: തദ്ദേശവകുപ്പിലെ മാലിന്യസംസ്കരണ പദ്ധതിയുമായി ബന്ധപ്പെട്ട് ഐ.എ.എസ്. ഉദ്യോഗസ്ഥരായ ദിവ്യ എസ്. അയ്യരും ടി.വി. അനുപമയും തമ്മിൽ പോര്. മാലിന്യനിർമാർജനത്തിന് തദ്ദേശ വകുപ്പിന്റേതായി രണ്ട് വ്യത്യസ്ത പദ്ധതികളാണ് ഇരുവരും പ്രഖ്യാപിച്ചത്. ടി.വി. അനുപമ ‘നിർമലം’ എന്ന പേരിലും ദിവ്യ എസ്. അയ്യരുടെ നേതൃത്വത്തിൽ ഐ.സി. 100 ചലഞ്ച് എന്ന പേരിലുമാണ് പദ്ധതി പ്രഖ്യാപിച്ചത്.

തദ്ദേശ വകുപ്പ് സെക്രട്ടറി ടി.വി. അനുപമയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യരും തമ്മിലുള്ള ചേരിപ്പോരിനിടെയാണ് ഒരേ ആവശ്യത്തിന്റെ പേരിൽ രണ്ട് പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടത്. ഇതോടെ ഏത് പദ്ധതി നടപ്പാക്കുമെന്ന ആശയക്കുഴപ്പത്തിലാണ് തദ്ദേശവകുപ്പ് സ്ഥാപനങ്ങൾ.

ടി.വി. അനുപമയുടെ പേരിൽ പ്രഖ്യാപിച്ച നിർമലം പരിപാടിയിൽ തനിക്ക് പ്രാധാന്യമില്ലെന്ന പരാതി ദിവ്യ എസ്. അയ്യർ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയെ അയറിയിച്ചു. പിന്നാലെ ദിവ്യയുടെ നേതൃത്വത്തിൽ ഐ.സി. 100 എന്ന പദ്ധതി പ്രഖ്യാപിക്കുകയായിരുന്നു.

മാലിന്യമുക്ത കേരളം ലക്ഷ്യംവെച്ച് കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിലാണ് നിർമലം പദ്ധതി പ്രഖ്യാപിച്ചത്. പറവൂരിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ടി.വി. അനുപമ തയ്യാറാക്കിയ ഈ പദ്ധതിയിൽ തനിക്ക് പ്രത്യേക ചുമതലകളില്ലെന്ന് ദിവ്യ മന്ത്രിയെക്കണ്ട് പരാതിയറിയിച്ചു. പിന്നാലെയാണ് ഐ.സി. 100 ചലഞ്ച് എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചത്. നിർമലം പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾത്തന്നെയാണ് ഐ.സി. 100 ചലഞ്ച് പദ്ധതിയ്ക്കും ഉള്ളതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.