പള്ളിവാസൽ പാഠംപഠിക്കാൻ KSEB; പൂർത്തിയാകാൻ 25 വർഷം, ചെലവ് മൂന്നര മടങ്ങധികം

തിരുവനന്തപുരം: നാലുവർഷംകൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പള്ളിവാസൽ എക്സ്റ്റൻഷൻ ജലവൈദ്യുതി പദ്ധതി യാഥാർഥ്യമാകാൻ എടുത്തത് 25 കൊല്ലം. 175.86 കോടിയിൽ തുടങ്ങിയ പദ്ധതിക്ക് ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് ചെലവായത് 632.59 കോടി രൂപ. പണം കുടിച്ച് ഇഴഞ്ഞുനീങ്ങുന്ന കേരളത്തിലെ വൈദ്യുതി പദ്ധതികൾക്ക് ഉദാഹരണമായ പള്ളിവാസൽ ഒടുവിൽ കെ.എസ്.ഇ.ബി.ക്ക് ‘പാഠമാകുന്നു’.
പദ്ധതിയുടെ അനുഭവം ഉൾക്കൊണ്ട് എങ്ങനെ കാലതാമസവും അതുവഴിയുണ്ടാകുന്ന അധികച്ചെലവും ഒഴിവാക്കാനാവുമെന്ന് പഠിക്കാനാണ് തീരുമാനം. കെ.എസ്.ഇ.ബി. പ്രത്യേകം നിയോഗിക്കുന്ന സമിതിയോ, പുറത്തുള്ള ഏജൻസിയോ ആയിരിക്കും പഠിക്കുക. മൂന്നുമാസത്തിനകം റിപ്പോർട്ട് നൽകണം.
2001-ൽ നടപടികൾ തുടങ്ങിയ പദ്ധതി 2026 മാർച്ചിലാണ് ഉദ്ഘാടനം ചെയ്തത്. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതി പദ്ധതിയാണ് മൂന്നാറിന് അടുത്ത പള്ളിവാസൽ. 30 മെഗവാട്ടിന്റെ രണ്ട് ജനറേറ്ററുകൾകൂടി കൂടി സ്ഥാപിച്ച് പദ്ധതി വിപുലീകരിക്കാൻ 2001-ലാണ് പള്ളിവാസൽ എക്സ്റ്റൻഷൻ പദ്ധതിക്ക് ഭരണാനുമതി നൽകിയത്.
അന്ന് ചെലവ് കണക്കാക്കിയത് 175.86 കോടി രൂപയായിരുന്നു. 2006 സെപ്റ്റംബറിൽ കരാറുകാരെ നിശ്ചയിച്ചു. നാലുവർഷംകൊണ്ട് പൂർത്തിയാക്കാനായിരുന്നു കരാർ. അപ്പോഴേക്കും ചെലവ് 268.02 കോടിയായി. 2007-ലാണ് ഔദ്യോഗികമായി നിർമാണക്കരാറിൽ ഒപ്പുവെച്ചത്. തുരങ്ക നിർമാണം പരാജയപ്പെട്ടതോടെ 2015-ൽ നിർമാണം നിലച്ചു.
2018-ൽ കരാർ റദ്ദാക്കി. 2018-ൽ തുരങ്കനിർമാണത്തിനു മാത്രമായി 133.88 കോടിക്ക് മറ്റൊരു കമ്പനിക്ക് കരാർ നൽകി. പദ്ധതി വിജയിക്കുമോയെന്ന ആശങ്ക കാരണം ഭരണാനുമതി പുതുക്കിയില്ല. 2021-ൽ രണ്ടാം പിണറായി സർക്കാർ നൂറുദിന കർമപദ്ധതിയിൽ പദ്ധതിയുടെ ഉദ്ഘാടനം പ്രഖ്യാപിച്ചെങ്കിലും നടന്നില്ല.
കാലതാമസത്തെക്കുറിച്ച് അന്വേഷിച്ച് ഉത്തരവാദികളെ കണ്ടെത്താൻ ബോർഡ് വിജിലൻസ് അന്വേഷണം നടത്തി. വീഴ്ചകൾ കണ്ടെത്തിയെങ്കിലും ഉദ്യോഗസ്ഥരെ പഴിക്കുന്നത് ശരിയല്ലെന്ന നിഗമനത്തിൽ ആർക്കുമെതിരേ നടപടിയുണ്ടായില്ല.
പള്ളിവാസൽ എക്സ്റ്റൻഷൻ പോയത് ഈ വഴി
ചെലവ്
2001 – 175.86 കോടി
2006 – 268.02 കോടി
2026 – 632.59 കോടി
വൈകൽ
തുടക്കം – 2001
കരാർ - 2006
ലക്ഷ്യം – 2010
നടന്നത് – 2026
Content Highlights: The Pallivasal Extension Hydroelectric Project in Kerala, initially planned to be completed in four years, took 25 years and saw costs escalate from an estimated ₹175.86 crore to ₹632.59 crore. The Kerala State Electricity Board (KSEB) plans to study the project's delays and cost overruns to prevent similar issues in future projects, with a report expected in three months. Despite multiple setbacks, including failed construction attempts and contract cancellations, the project was finally inaugurated in March 2026, with no accountability actions taken against officials for the delays.