മുഖ്യമന്ത്രിയുടെ മുറിക്ക് മുന്നിലെത്തിയ കേരളഹൗസ് ജീവനക്കാർക്ക് കാരണംകാണിക്കൽ നോട്ടീസ്; പകപോക്കലെന്ന് ആരോപണം

ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശനെ കാണാനായി അദ്ദേഹം താമസിച്ച മുറിക്ക് മുന്നിലെത്തിയ ഡൽഹി കേരള ഹൗസിലെ രണ്ട് ജീവനക്കാർക്ക് കാരണംകാണിക്കൽ നോട്ടീസ്. കേരള ഹൗസ് ജീവനക്കാരായ സിബി ജോസ്, പി.സി. സുരേഷ് കുമാർ എന്നിവർക്കെതിരെയാണ് അഡീഷണൽ റെസിഡന്റ് കമ്മിഷണർ മെമോ നൽകിയത്.
മുഖ്യമന്ത്രി കേരള ഹൗസിലെത്തുമ്പോൾ സുരക്ഷയുടെയും തിരക്ക് നിയന്ത്രണത്തിന്റെയും ഭാഗമായി മുറിക്ക് മുന്നിൽ അനാവശ്യമായി കൂട്ടംകൂടരുതെന്ന് നേരത്തേ നിർദേശം നൽകിയിരുന്നു. ഇത് ലംഘിച്ച് മുഖ്യമന്ത്രിയുടെ മുറിക്ക് മുന്നിലെത്തിയത് എന്താവശ്യത്തിനാണെന്ന് വ്യക്തമാക്കണമെന്നാണ് നോട്ടീസിൽ അറിയിക്കുന്നത്.
അതേസമയം, നടപടിക്ക് പിന്നിൽ വ്യക്തിവൈരാഗ്യമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. കാന്റീൻ നടത്തിപ്പുമായി ബന്ധപ്പെട്ട് അഡീഷണൽ റെസിഡന്റ് കമ്മിഷണറും ഈ ജീവനക്കാരും തമ്മിൽ നേരത്തേ തർക്കങ്ങളുണ്ടായിരുന്നതായും ഇതിന്റെ തുടർച്ചയായുള്ള പ്രതികാര നടപടിയാണ് മെമോ എന്നുമാണ് ആരോപണം. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.