ബുള്ളറ്റ് ട്രെയിൻ കേരളത്തിന് ഉപകാരമില്ല, വേണ്ടത് അതിവേഗ റെയിൽ – ഇ. ശ്രീധരൻ

#ന്യൂസ് ഡെസ്ക്ക്
ഇ.ശ്രീധരൻ | ഫോട്ടോ: സി.ആർ ഗിരീഷ് കുമാർ/ മാതൃഭൂമി
ഇ.ശ്രീധരൻ | ഫോട്ടോ: സി.ആർ ഗിരീഷ് കുമാർ/ മാതൃഭൂമി

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ ഏഴിടങ്ങളിലായി പ്രഖ്യാപിച്ച ബുള്ളറ്റ് ട്രെയിനുകളിൽ കേരളം ഉൾപ്പെടാതിരുന്നത് സംബന്ധിച്ച് പ്രതികരണവുമായി ഇ. ശ്രീധരൻ. ബുള്ളറ്റ് ട്രെയിനുകൾ കൊണ്ട് കേരളത്തിന് ഉപകരമില്ലെന്നും നമുക്ക് വേണ്ടത് അതിവേഗ റെയിലാണെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഉത്തരവുകൾക്കായി കാത്തുനിൽക്കാതെ സമയം ലാഭിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രബജറ്റിൽ കേരളത്തിലെ പദ്ധതിയെക്കുറിച്ച് പരാമർശമില്ലാത്തതിൽ അദ്ഭുതമില്ലെന്നും റെയിൽവേ മന്ത്രിതന്നെ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നതായും ശ്രീധരൻ വ്യക്തമാക്കി. ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത് 350 കിലോമീറ്റർ വേഗത്തിലുള്ള ബുള്ളറ്റ് ട്രെയിനുകളാണ്. എന്നാൽ കേരളത്തിന് അതിന്റെ ആവശ്യമില്ല. സംസ്ഥാനത്ത് ഉദ്ദേശിക്കുന്നത് പരമാവധി 200 കിലോമീറ്റർ വേഗമുള്ള സെമി ഹൈസ്പീഡ് ട്രെയിനുകളാണെന്നും (180 കിലോമീറ്റർ ഓപ്പറേഷൻ സ്പീഡ്) അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ഹൈസ്പീഡ് റെയിൽ പദ്ധതിക്കായി തന്റെ നേതൃത്വത്തിൽ ഡി.പി.ആർ. തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി പത്തോളം ആളുകളെ തിരഞ്ഞെടുത്തിട്ടുണ്ടെന്നും ഒരു ചെറിയ ഓഫീസ് നാളെത്തന്നെ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. ഡി.പി.ആർ. തയ്യാറാക്കുന്നതിനായി ഏകദേശം 13.1 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചി മെട്രോയിലേതുപോലെ സമഗ്ര അധികാരമുള്ള പ്രിൻസിപ്പൾ അഡൈ്വസർ  എന്ന നിലയിലായിരിക്കും തന്റെ പ്രവർത്തനം. ആരെ നിയമിക്കണം തുടങ്ങിയ തീരുമാനങ്ങൾ എടുക്കാൻ തനിക്കാവുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: E. Sreedharan on Bullet Trains: Why Kerala Needs High-Speed Rail Instead