‘സ്വകാര്യ ബസുകൾ പായുന്നത് മദയാനയെ പോലെ, ദൃശ്യങ്ങൾ കണ്ടാൽ ഞെട്ടും; അധികൃതർ ഉറങ്ങുകയാണോ?’- ഹൈക്കോടതി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം| മാതൃഭൂമി
പ്രതീകാത്മക ചിത്രം| മാതൃഭൂമി

കൊച്ചി: നഗരത്തിലടക്കം സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷവിമർശനം തുടർന്ന് ഹൈക്കോടതി. റോഡിലിപ്പോൾ നിയമവാഴ്ചയില്ലെന്ന് പറഞ്ഞ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധികൃതർ ഇതൊന്നും കാണാതെ ഉറങ്ങുകയാണോ എന്നും ചോദിച്ചു. കൊച്ചി നഗരത്തിലും കണ്ണൂരിലും സ്വകാര്യ ബസുകൾ നടത്തിയ മരണപ്പാച്ചിലിന്റെയും അപകടത്തിന്റെയും വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ രൂക്ഷമായ പരാമർശങ്ങൾ. റോഡുകളുമായി ബന്ധപ്പെട്ട ഹർജിയാണ് കോടതി പരിഗണിച്ചത്.

സ്വകാര്യ ബസുകൾക്ക് പോലീസിനെയും കോടതിയെയും നിയമത്തെയും ഭയമില്ലെന്നും കോടതി പറഞ്ഞു. എന്തും ചെയ്യാമെന്നാണ് അവരുടെ മനോഭാവം. സമയം പാലിക്കണം എന്ന ന്യായമാണ് എപ്പോഴും പറയുന്നത്.

മുൻപിൽ പോയ ബസിനെ ഇടതുവശത്തെ നടപ്പാതയിലേക്കു കയറി അതിവേഗത്തിൽ മറ്റൊരു ബസ് ഓവർടേക്ക് ചെയ്യുന്ന ദൃശ്യം ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഇനി ഇവരെ വാഹനം ഓടിക്കാൻ അനുവദിക്കരുതെന്നും അഭിപ്രായപ്പെട്ടു. കാൽനട യാത്രക്കാരൻ തലനാരിഴയ്ക്കു രക്ഷപ്പെട്ടത് ഈശ്വരാനുഗ്രഹംകൊണ്ടു മാത്രമാണ്. മദയാനപോലെയാണ് പിന്നിലൂടെ ബസ് വരുന്നത്. ദൃശ്യങ്ങൾ കണ്ടാൽ ആരും ഞെട്ടും.

മനഃപൂർവമായ പ്രവൃത്തിയാണ്. ബസുകൾതമ്മിൽ യുദ്ധമാണ്. ട്രാഫിക് പോലീസിന്റെ പരാജയമാണിത്. കഴിഞ്ഞതവണ കോടതി ശക്തമായി നിർദേശം നൽകിയതിനുശേഷമാണ് വീണ്ടും ഇത്തരം സംഭവങ്ങൾ.

കണ്ണൂരിൽ സ്കൂൾ വിദ്യാർഥികളുടെ ദേഹത്തുകൂടെയാണ് വാഹനം ഓടിക്കാൻ ശ്രമിച്ചത്. അപകടമുണ്ടാക്കിയ ബസിനു പിന്നാലെ വന്ന ബസ് നിർത്തുന്നതും ജീവനക്കാർ സഹായത്തിന് ഓടിവരുന്നതും കണ്ടു. വളരെ നല്ലവരും ഇക്കൂട്ടത്തിലുണ്ടെന്നും എല്ലാവരെയും അല്ല കുറ്റപ്പെടുത്തുന്നതെന്നും കോടതി പറഞ്ഞു.

സ്വകാര്യ ബസുകൾ ഓവർടേക്ക് ചെയ്യരുതെന്നും ഇടതുവശത്ത് വേഗം കുറഞ്ഞ ലെയ്നിലൂടെ പോകണമെന്നും നിർദേശമുള്ളതാണ്.

നടപടിയെടുത്താൽ ബസുകൾ പണിമുടക്കും എന്നാണ് പറയുന്നത്. ഇതൊന്നും അനുവദിക്കാനാവില്ല. 11, 12 ക്ലാസുകളിൽ ട്രാഫിക് നിയമങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

പള്ളിമുക്കിൽ മെഡിക്കൽ ട്രസ്റ്റിനുസമീപം സഹോദരൻ അയ്യപ്പൻ റോഡിൽനിന്നുവരുമ്പോൾ ഇടത്തേക്ക് തിരിയാനുള്ള ട്രാഫിക് ലൈറ്റ് മരങ്ങളുടെ ശിഖരങ്ങൾകൊണ്ടു മറഞ്ഞിരിക്കുകയാണ്. ശിഖരങ്ങൾ ഒതുക്കണമെന്നും കോടതി നിർദേശിച്ചു.

Content Highlights: High Court sharply criticized the reckless driving of private buses in Kochi and Kannur., Court noted a total lack of rule of law on roads and blamed traffic police failure., Suggested including traffic rules in the school curriculum for classes 11 and 12.