പി.എഫ്. പെൻഷൻ: 2014-ന് മുമ്പ് വിരമിച്ചവർക്കും ആശ്വാസം, ഇ.പി.എഫ്.ഒ. വാദം തള്ളി

കൊച്ചി: 2014 സെപ്റ്റംബർ ഒന്നിനുമുൻപ് വിരമിച്ച, യഥാർത്ഥ ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ വിഹിതം അടച്ചിട്ടുള്ളവർക്ക്, വിരമിക്കുംമുൻപ് ഓപ്ഷൻ നൽകിയിട്ടില്ലെന്നതിന്റെ പേരിൽ ഉയർന്ന പെൻഷൻ നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി. ഉയർന്ന പെൻഷൻ അനുവദിച്ച ഉത്തരവുകൾ റദ്ദാക്കാനും നൽകിയ തുക തിരിച്ചുപിടിക്കാനുമുള്ള ഇ.പി.എഫ്.ഒ.യുടെ നടപടികൾ റദ്ദാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് പി. ഗോപിനാഥ് ഇക്കാര്യം വ്യക്തമാക്കിയത്.
ഓപ്ഷൻ നൽകാതെ 2014-ന് മുൻപ് വിരമിച്ചവർ സ്‌കീമിൽ നിന്ന് പുറത്തുപോയവരാണെന്ന ഇ.പി.എഫ്.ഒ. വാദം തള്ളി. ഉയർന്ന പെൻഷൻ നിഷേധിച്ചതിനെതിരേ ഒരുകൂട്ടം ഹർജികൾ അനുവദിച്ചാണ് ഉത്തരവ്. ഉയർന്ന പെൻഷൻ കാര്യത്തിൽ ’ആർ.സി. ഗുപ്ത’ കേസിൽ സുപ്രീംകോടതിയുടെ വിധി 2014നു മുമ്പ് വിരമിച്ചവർക്കും ബാധകമാണ്. ഈ വിധിയിൽ ഓപ്ഷന് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.
അർഹരായവർക്ക് നാലുമാസത്തിനകം ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന് കോടതി നിർദേശിച്ചു. ഹർജിക്കാർക്കായി അഡ്വ. പി.എൻ. മോഹനൻ, അഡ്വ. എസ്. കൃഷ്ണമൂർത്തി തുടങ്ങിയവർ ഹാജരായി.
Content Highlights: High Court rules against denying higher pension to those retired before Sept 1, 2014., EPFO cannot demand recovery of previously granted higher pension amounts., RC Gupta Supreme Court verdict is applicable to pre-2014 retirees., Court mandates disbursement of benefits within four months., No specific deadline for pension option was set in the RC Gupta judgment.