‘പിണറായിക്കെതിരായി ഡയറിക്കപ്പുറം തെളിവുണ്ടോ?’; ഇ.‍ഡി.ഹർജി ഫയൽ ചെയ്യാത്തത് എന്തെന്ന് ഹൈക്കോടതി

#ന്യൂസ് ഡെസ്ക്
പിണറായി വിജയൻ, പ്രതീകാത്മക ചിത്രം | Photo: PTI, EDofficial site
പിണറായി വിജയൻ, പ്രതീകാത്മക ചിത്രം | Photo: PTI, EDofficial site

കൊച്ചി: ഇ.ഡി. സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരേ ആദ്യംതന്നെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണോ എന്ന വിഷയം ഹൈക്കോടതി ഉത്തരവിനായി മാറ്റി. ഇ.ഡി. റിപ്പോർട്ടിൽ ഡയറി മാത്രമാണല്ലോ ഉള്ളതെന്നും അത് കേസ് രജിസ്റ്റർ ചെയ്യാൻ പര്യാപ്തമല്ലല്ലോ എന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വാക്കാൽ അഭിപ്രായപ്പെട്ടു.

എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് വിജിലൻസ് അന്വേഷണം നടത്തുന്നതിനുപകരം പ്രാഥമികാന്വേഷണം നടത്തുന്നത് തെറ്റാണെന്ന് ഹർജിക്കാരൻ അഡ്വ. കെ.എം. ഷാജഹാൻ വാദിച്ചു. പിണറായി വിജയൻ, മകൾ ടി. വീണ, മരുമകൻ മുൻ മന്ത്രി പി.എ.മുഹമ്മദ് റിയാസ് എന്നിവർക്കെതിരേ അഴിമതി തടയൽ നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തതിനെയാണ് ഹർജിയിൽ ചോദ്യംചെയ്യുന്നത്.

റിപ്പോർട്ടിലുണ്ട് എല്ലാവിവരവും

എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനുള്ള എല്ലാ വിവരവും അടങ്ങിയ റിപ്പോർട്ടാണ് നൽകിയതെന്ന് ഇ.ഡി. സ്റ്റാൻഡിങ് കോൺസൽ ജയശങ്കർ വി. നായർ വാദിച്ചു. ഇ.ഡി.റിപ്പോർട്ട് പ്രാഥമികാന്വേഷണത്തിന് പകരമായി കണക്കാക്കാം. റിപ്പോർട്ടിൽ വസ്തുതയുണ്ടെങ്കിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

പരിശോധന ആവശ്യം

സ്വകാര്യവ്യക്തി നൽകിയ ഹർജി നിലനിൽക്കുന്നതല്ലെന്ന് സർക്കാരിനായി ഹാജരായ അഡ്വക്കേറ്റ് ജനറൽ ജാജു ബാബു വാദിച്ചു. പൊതുതാത്‌പര്യ ഹർജിയായിരുന്നു നൽകേണ്ടത്. റിപ്പോർട്ടിൽ ചില പരിശോധന ആവശ്യമുള്ളതിനാലാണ് പ്രാഥമികാന്വേഷണം നടത്തുന്നത്. വിവരങ്ങൾ തേടുന്ന ഏജൻസിയായിട്ടേ ഇ.ഡി.യെ കാണാനാകൂ. അന്വേഷണ ഏജൻസിയായി കാണാനാകില്ല.

എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാത്തത് തെറ്റ്

എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാതെ പ്രാഥമികാന്വേഷണം നടത്തുന്നത് തെറ്റാണെന്ന് ഹർജിക്കാരനായി ഹാജരായ അഡ്വ. വി. സേതുനാഥ് വാദിച്ചു.

ഇ.‍ഡി.ഹർജി ഫയൽ ചെയ്യാത്തത് എന്തെന്ന് കോടതി

ഇ.ഡി. കൈമാറിയ റിപ്പോർട്ട് പരിശോധിച്ച കോടതി ഡയറി മാത്രമാണല്ലോ തെളിവായി ഉള്ളതെന്ന് അഭിപ്രായപ്പെട്ടു. മൊഴികളുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഡി.ജി.പി.ക്ക് കൈമാറിയിട്ടില്ലല്ലോ എന്നും ചോദിച്ചു. ആവശ്യപ്പെട്ടാൽ നൽകും എന്നായിരുന്നു ഇ.ഡി.യുടെ മറുപടി. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാത്തതിനെതിരേ ഇ.ഡി. ഹർജി ഫയൽ ചെയ്യാത്തത് എന്തെന്ന ചോദ്യത്തിനും ചെയ്യുമായിരുന്നു എന്നായിരുന്നു ഉത്തരം.

വസ്തുത ഉണ്ടെങ്കിൽ എഫ്.ഐ.ആർ. അല്ലെങ്കിൽ പ്രാഥമികാന്വേഷണം എന്നതാണ് ലളിതകുമാരി കേസിലടക്കം സുപ്രീംകോടതി പറഞ്ഞിട്ടുള്ളതെന്ന് കോടതി അഭിപ്രായപ്പെട്ടു.

ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം

എല്ലാവർക്കും നൽകാൻ സി.എം.ആർ.എലിന് എവിടെ നിന്നാണ് ഇത്രയും പണമെന്ന് കോടതി ചോദിച്ചു. കരിമണൽ ഖനനത്തിലൂടെ 18,000 കോടി ഉണ്ടാക്കിയെന്നും അതിലെ വിഹിതം എല്ലാവർക്കും കിട്ടിയിട്ടുണ്ടെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. ‘ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം’ എന്ന് കുഞ്ചൻ നമ്പ്യാർ പാടിയതുപോലെയാണോ കാര്യങ്ങളെന്ന് കോടതി ചോദിച്ചു.

Content Highlights: Kerala High Court reserves order on registering FIR against former CM Pinarayi Vijayan and others based on ED report., Petitioner argues that a preliminary inquiry instead of registering an FIR is incorrect., ED counsel claims the report contains sufficient information to warrant an FIR., Court questions the nature of evidence in the ED report and raises queries about CMRL payments.