സമരത്തെ പിന്തുണച്ചതിനാൽ എഫ്.സി.ആർ.എ. രജിസ്ട്രേഷൻ പുതുക്കിയില്ല; കേന്ദ്ര നടപടി ഹൈക്കോടതി റദ്ദാക്കി

കേരള ഹൈക്കോടതി |ഫോട്ടോ:മാതൃഭൂമി
കേരള ഹൈക്കോടതി |ഫോട്ടോ:മാതൃഭൂമി

കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരത്തെ പിന്തുണച്ചതിന്റെപേരിൽ രണ്ട് സന്നദ്ധസംഘടനകളുടെ (എൻ.ജി.ഒ.) എഫ്.സി.ആർ.എ. രജിസ്ട്രേഷൻ പുതുക്കാതിരുന്ന കേന്ദ്രസർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. സമാധാനപരമായ പ്രതിഷേധത്തെ പിന്തുണച്ചതിന്റെ പേരിൽ രജിസ്ട്രേഷൻ പുതുക്കാനുള ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പ് നൽകുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.

കോട്ടയം കേന്ദ്രമായ കേരള സോഷ്യൽ സർവീസ് ഫോറം, എറണാകുളം കേന്ദ്രമായ സേവ് എ ഫാമിലി പ്ലാൻ ഇന്ത്യ എന്നീ എൻ.ജി.ഒ.കളുടെ ഹർജി അനുവദിച്ചാണ് ഉത്തരവ്. അനഭിലഷണീയ കാര്യങ്ങൾക്ക് വിദേശഫണ്ട് ഉപയോഗിക്കരുതെന്ന് എഫ്. സി.ആർ.എ. നിയമത്തിൽ പറയുന്നതിനെ സർക്കാരിനോ രാഷ്ട്രീയ താത്പര്യങ്ങൾക്കോ അനഭിമതമായത് എന്ന് വിലയിരുത്താനാകില്ല. നിയമപരമായ വി ലക്കുള്ളതിനെയേ അനഭിമതമായി കാണാനാകൂ. പ്രതിഷേധങ്ങളോടുള്ള ഭണകൂടത്തിൻ്റെയോ അധികൃതരുടെയോ അതൃപ്തിയോ വിയോജിപ്പോ, ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ട ഒരു അവകാശത്തെ അനഭിമതമാക്കി മാറ്റില്ല. പ്രതിഷേധക്കാർക്ക് എന്തെങ്കിലും സാമ്പത്തികസഹായം ലഭിച്ചിട്ടുണ്ടെന്ന് കരുതിയാൽപ്പോലും അതിനെ വിദേശ സംഭാവന അനഭിമതമായ ലക്ഷ്യത്തിനോ പൊതുതാത്പര്യത്തിനോ എതിരായി വിനിയോഗിച്ചതായി കരുതാനാകില്ല. അതിനാൽ എഫ്.സി.ആർ.എ. രജിസ്ട്രേഷൻ പുതുക്കാനുള്ള അപേക്ഷ നിരസിച്ചത് നിയമവിരുദ്ധമാണെന്നും കോടതി പറഞ്ഞു. മൂന്നുമാസത്തിനകം അപേക്ഷയിൽ പുതിയ ഉത്തരവ് പുറപ്പെടുവിക്കാൻ ആഭ്യന്തര മന്ത്രാലയത്തിലെ എഫ്.സി.ആർ.എ. ഡിവിഷനോട് ആവശ്യപ്പെട്ടു.

വിദേശസംഭാവന സ്വീകരിക്കുന്നതിലും വിനിയോഗിക്കുന്നതിലും ഹർജിക്കാർ ഗുരുതരമായ നിയമലംഘനമോ ദുരുപയോഗമോ നടത്തിയതായി രേഖകളിൽ വ്യക്തമല്ലെന്ന് കോടതി നിരീക്ഷിച്ചു. പുതിയ ഉത്തരവ് വരുന്നതുവരെ ഹർജിക്കാരന്റെ എഫ്.സി.ആർ.എ. സർട്ടിഫിക്കറ്റിന് സാധുതയുണ്ടായിരിക്കും. നിലവിൽ ലഭിച്ച ഫണ്ട് വിനിയോഗത്തിന് മാത്രമാണിത്. പുതിയ ഉത്തരവ് വരുന്നതുവരെ വിദേശസംഭാവനകൾ സ്വീകരിക്കരുത്. മുൻപ് ലഭിച്ചതും അക്കൗണ്ടിലുള്ളതുമായ തുക വിനിയോഗിക്കാൻ തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി.

എഫ്‌.സി.ആർ.എ ബിൽ ജെ.പി.സി.ക്ക്

വിവാദമായ വിദേശ സംഭാവന നിയന്ത്രണച്ചട്ട(എഫ്.സി.ആർ.എ.) 1 ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിയുടെ(ജെ.പി.സി.) പരിശോധനയ്ക്കുവിട്ട് കേന്ദ്രസർക്കാർ. ബിൽ പിൻവലിക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് നടപടി. ജെ.പി.സി. രൂപവത്കരണത്തിനുള്ള പ്രമേയം ഇരുസഭയിലും ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായ് അവതരിപ്പിച്ച് പാസാക്കി. തുടക്കത്തിൽ ബുധനാഴ്ചയിലെ കാര്യപരിപാടിയിൽ ഇത് ഉൾപ്പെട്ടിരുന്നില്ല. നിർത്തിവെച്ച ഇരുസഭകളും ഉച്ചയ്ക്ക് രണ്ടിന് പുനരാരംഭിക്കുന്നതിന് തൊട്ടുമുൻപാണ് ബില്ലവതരണം ഉൾപ്പെടുത്തി കാര്യപരിപാടിയുടെ അധികപട്ടിക പുറത്തിറക്കിയത്

Content Highlights: Kerala High Court quashed the Centre's decision to deny FCRA registration renewal to two NGOs. The NGOs faced action for allegedly supporting the Vizhinjam port protests. Court noted that the right to peaceful protest is constitutionally guaranteed. Government dissatisfaction cannot render a legally protected right as 'undesirable'. Ministry of Home Affairs directed to issue a fresh order within three months.