കുർബാന തർക്കം; വൈദിക സമ്മേളനത്തിനെത്തുന്ന വൈദികർക്ക് സംരക്ഷണം ഉറപ്പാക്കണം- ഹൈക്കോടതി

#സ്വന്തം ലേഖിക
ഹൈക്കോടതി | Photo: Mathrubhumi
ഹൈക്കോടതി | Photo: Mathrubhumi

കൊച്ചി:  എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കത്തിന് പരിഹാരം കാണാൻ വിളിച്ചു ചേർക്കുന്ന വൈദിക സമ്മേളനത്തിനെത്തുന്ന വൈദികർക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി. റിന്യൂവൽ സെന്റർ ഉപരോധിക്കുമെന്നും വൈദിക സമ്മേളനം നടത്താൻ സമ്മതിക്കില്ലെന്നും അവകാശ വാദവുമായി വൺ ചർച്ച് വൺ കുർബാന മൂവ്മെന്റ് രംഗത്തു വന്നിരുന്നു. വിഷയത്തിൽ റിന്യൂവൽ സെന്റർ ഡയറക്ടർ ഫാ ജോഷി പുതുശേരി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് നിർദേശം.

കർശനമായ ക്രമസമാധാനം പാലിക്കണമെന്നും വൈദികരുടെ സഞ്ചാര സ്വാതന്ത്ര്യം തടയരുതെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. വർഷങ്ങൾ നീണ്ട ഒരു പ്രശ്നത്തിന് പരിഹാരം കാണാനുള്ള ശ്രമങ്ങൾക്ക് യാതൊരു കാരണവശാലും തടസമുണ്ടാക്കരുതെന്നും പോലീസിന് ഹൈക്കോടതി നിർദ്ദേശം നൽകി.

മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ നേതൃത്വത്തിൽ ബുധനാഴ്ച അതിരൂപതയുടെ പാസ്റ്ററൽ സെന്ററായ കലൂർ റിന്യൂവൽ സെന്ററിലാണ് യോ​ഗം. ജൂൺ 5 ന് നടന്ന വൈദിക സമിതിയുടെ തുടർച്ചയാണ് ഈ വൈദിക സമ്മേളനം. ഏകദേശം 400 ഓളം വൈദികർ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. 
 

Content Highlights: Kerala High Court mandates security for priests attending a meeting to resolve the holy mass dispute