രാഷ്ട്രീയ ആഭിമുഖ്യം മാറാന്‍ ജനപ്രതിനിധി രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിടണം-ഹൈക്കോടതി

കല രാജു
കല രാജു

കൊച്ചി: രാഷ്ട്രീയ ആഭിമുഖ്യം മാറ്റണമെങ്കില്‍ ജനപ്രതിനിധി രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിടണമെന്നും അതാണ് ജനാധിപത്യത്തിന്റെ ധാര്‍മികതയെന്നും ഹൈക്കോടതി. മറിച്ചുള്ള നടപടി ജനങ്ങളുമായുള്ള ഉടമ്പടിയില്‍ നിന്നുള്ള ഏകപക്ഷീയമായ പിന്‍വാങ്ങലാകും. അത് ജന താല്പര്യത്തിന് എതിരാണ്. അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള മറുപടി ജനങ്ങള്‍ക്ക് അടുത്ത തിരഞ്ഞെടുപ്പില്‍ പ്രകടിപ്പിക്കാനാകും. അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. എന്നാല്‍ ജനതാല്പര്യത്തിന് എതിരായ പോകുന്ന ജനപ്രതിനിധിയെ ശാരീരികമായി കൈകാര്യം ചെയ്യാനാകില്ല. അതിന് ജനങ്ങള്‍ക്ക് ബാലറ്റ് പേപ്പറിലൂടെ മറുപടി നല്‍കാന്‍ കഴിയുമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കൂത്താട്ടുകുളം നഗരസഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ പ്രതികളായ യു.ഡി.എഫ്.അംഗങ്ങള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവിലാണ് സിംഗിള്‍ ബെഞ്ചിന്റെ നീരീക്ഷണം.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ജനാധിപത്യമൂല്യങ്ങള്‍ക്ക് വിരുദ്ധമായ പ്രവൃത്തിയുണ്ടായാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ അവരുടെ വഴി ഏതാണെന്ന് കാണിച്ച് കൊടുക്കാനും ജനങ്ങള്‍ക്ക് കഴിയും. ബാലറ്റ് പേപ്പറിലൂടെയാണ് ജനാധിപത്യത്തില്‍ ഒരാളെ തോല്‍പ്പിക്കേണ്ടത്. അതല്ലാതെ ആയുധം കൊണ്ട് ഏറ്റുമുട്ടലിലൂടെയോ അല്ലെന്നും കോടതി പറഞ്ഞു. അമേരിക്കന് പ്രസിഡന്റായിരുന്ന എബ്രാഹാം ലിങ്കന്റെ 'ജനാധിപത്യം  ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടിയുള്ള ജനങ്ങളുടെ സര്‍ക്കാര്‍' ആണെന്ന വാക്യവും ഉത്തരവില്‍ ഉള്‍പ്പെടുത്തി. കൂത്താട്ടുകുളത്ത് എല്‍.ഡി.എഫ്.പ്രവര്‍ത്തകരുടെ വോട്ട് നേടി ജയിച്ച അംഗം ജനാധിപത്യ മൂല്യങ്ങള്‍ വിസ്മരിച്ച് മറുഭാഗത്തേയ്ക്ക് മാറുകയാണ് ചെയ്തത്. അത് എല്‍.ഡി.എഫ്.പ്രവര്‍ത്തകരെ അമ്പരിപ്പിച്ചിട്ടുണ്ടാകും. അതായിരിക്കും കേസുകള്‍ക്ക് കാരണമായതെന്നും കോടതി പറഞ്ഞു.

കൂത്താട്ടുകുളം നഗരസഭയില്‍ യു.ഡി.എഫ്.കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുന്ന ദിവസം എല്‍.ഡി.എഫ്.അംഗമായ കലാ രാജുവിനെ എല്‍.ഡി.എഫ്.പ്രവര്‍ത്തകര്‍ തന്നെ തട്ടിക്കൊണ്ടുപോയിരുന്നു. കൂറുമാറുമെന്ന സംശയത്തിന്റെ പേരിലായിരുന്നു ഇതെന്നാണ് ആരോപണം. ഇതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ യു.ഡി.എഫ്. അംഗങ്ങള്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ അടക്കമുള്ളവരെ ആക്രമിച്ചു എന്നായിരുന്നു കേസ്. കലാ രാജുവിനെ തട്ടിക്കൊണ്ട് പോയെന്ന കേസിന് പകരമായി തങ്ങള്‍ക്കെതിരെയും കേസെടുക്കുകയായിരുന്നു എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പില്‍ ഹാജരാകണം. അറസ്റ്റ് ചെയ്താല്‍ 50,000 രൂപയുടെ ബോണ്ടും തുല്യതുകയുടെ രണ്ട് ആള് ജാമ്യത്തിലും വിട്ടയക്കണം എന്നി വ്യവസ്ഥകളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. യു.ഡി.എഫ്.അംഗങ്ങളായ കെ.ആര്‍.ജയകുമാര്‍, പി.സി.ജോസ്, പ്രിന്‍സ് പോള് ജോണ്, റെജി ജോണ്, ബോബന് വര്‍ഗ്ഗീസ് എന്നിവര്‍ക്കാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. എല്‍.ഡി.എഫ്.ഭരിക്കുന്ന നഗരസഭയില്‍ ഭരണകക്ഷിയ്ക്ക് 13, യു.ഡി.എഫിന് 11, യു.ഡി.എഫിന് പിന്തുണയ്ക്കുന്ന സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. കലാ രാജുവിനെ തട്ടിക്കൊണ്ട് പോയതിനാല്‍ അവിശ്വാസം നടന്നില്ല.

Content Highlights: Kerala High Court on Koothattukulam abduction case