പ്ലാൻ തെറ്റി സി.പി.എം.; സർക്കാരിന് രക്ഷയായത് ‘പ്ലാൻ ബി’; ഹൈക്കോടതി ഇടപെടൽ അപ്രതീക്ഷിതം

#ബിജു പരവത്ത്
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് പിണറായി വിജയനും |ഫോട്ടോ:മാതൃഭൂമി
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് പിണറായി വിജയനും |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: കൈക്കൂലി, ഹവാല കേസുകൾ വരിഞ്ഞുമുറുക്കുമെന്ന് സി.പി.എം. പ്രതീക്ഷിച്ചതാണെങ്കിലും ഹൈക്കോടതി ഇടപെടൽ അപ്രതീക്ഷിതം. ഇ.ഡി.യുടെ കത്ത് ലഭിച്ചതിനുശേഷം സർക്കാർനടപടി മുൻനിർത്തിയാണ് സി.പി.എം. നിയമപോരാട്ടത്തിനുള്ള പ്ലാൻ തയ്യാറാക്കിയത്. ഹൈക്കോടതി എഫ്.ഐ.ആർ. ഇടാൻ ഉത്തരവിട്ടതോടെ അതപ്പാടെ തെറ്റി.

ഇ.ഡി. കത്തിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ. ഇട്ട് വിജിലൻസ് അന്വേഷണമെന്നതായിരുന്നു സർക്കാരിന്റെ ആദ്യവഴി. അത് തിരഞ്ഞെടുത്താൽ ഇ.ഡി. പറഞ്ഞത് നടപ്പാക്കി എന്നാകുമായിരുന്നു ആരോപണം. അതിലെ രാഷ്ട്രീയം തിരിച്ചറിഞ്ഞാണ് എഫ്.ഐ.ആർ. ഇടാതെ പ്രത്യേകസംഘത്തിന്റെ അന്വേഷണമെന്ന ‘പ്ലാൻ ബി’ നടപ്പാക്കിയത്.

എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്നും വിജിലൻസിന് കേസ് കൈമാറണമെന്നും ഹൈക്കോടതി ഉത്തരവിട്ടതോടെ കേസിന്റെ രാഷ്ട്രീയപാപഭാരത്തിൽനിന്ന് സർക്കാർ മോചിതരായി.

കണക്കുകൂട്ടലും മുന്നിലുള്ളതും

ഇ.ഡി. കത്തിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ. രജിസ്റ്റർചെയ്താൽ, റദ്ദാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനായിരുന്നു സി.പി.എം. തീരുമാനം. സി.എം.ആർ.എൽ. കമ്പനിയുടെ 162 കോടിരൂപയുടെ പണമിടപാട് സംശയകരമാണെന്ന് ആദായനികുതിവകുപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും അതിൽ മൂന്നുകോടിയെക്കുറിച്ചുമാത്രമാണ് അന്വേഷണമെന്നും കോടതിയിൽ ചൂണ്ടിക്കാണിക്കാനായിരുന്നു നിയമോപദേശം. മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരെല്ലാം സി.എം.ആർ.എലിൽനിന്ന് പണം കൈപ്പറ്റിയതായി സമ്മതിച്ചത് കോടതിയെ അറിയിച്ചാൽ, ഇതിലേക്കും അന്വേഷണമെത്തിക്കാനാകുമെന്നായിരുന്നു കണക്കുകൂട്ടൽ.

ഇപ്പോൾ ഹൈക്കോടതിയാണ് എഫ്.ഐ.ആർ. ഇടാൻ നിർദേശിച്ചിട്ടുള്ളത്.

ആരോപണവും കേസും രാഷ്ട്രീയപ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി എഫ്.ഐ.ആർ. ഇടുന്നതിനെതിരേ കോടതിയെ സമീപിച്ചാലും ഇപ്പോൾ കേസ് പരിഗണിച്ച അതേ ബെഞ്ചിൽത്തന്നെയാണ് പോകാനാകുക. വിധിക്കെതിരേ സർക്കാർ അപ്പീൽ പോകണമെന്നതാണ് ‌സി.പി.എമ്മിന്റെ ‌‌ആവശ്യ‌ം. അത് സർക്കാർ സ്വീകരിക്കില്ലെന്നുറപ്പ്. ഇ.ഡി.യും സർക്കാരും പാർട്ടിയെ തകർക്കാൻ ഒത്തുകളിക്കുന്നെന്ന രാഷ്ട്രീയപ്രചാരണം ശക്തിപ്പെടുത്തുക എന്നതായിരിക്കും ഇനി സി.പി.എം. സ്വീകരിക്കുന്ന മാർഗം.

Content Highlights: Kerala High Court ordered an FIR and vigilance probe in the bribery and hawala cases., CPM's initial plan B of avoiding an FIR was disrupted by the court's intervention., Party plans to strengthen political campaigns alleging collusion between ED and the government., Discussion on CMRL financial transactions and involvement of various political leaders.