ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ; റോഡുകൾ പുഴയായി,നഗരങ്ങളും മുങ്ങി, പ്രധാനപാതകളിൽ ഗതാഗതം സ്തംഭിച്ചു

കൊച്ചി: സംസ്ഥാനത്ത് നൂറോളം സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. വിവിധ പ്രദേശങ്ങളിൽ ഗതാഗതം സ്തംഭിക്കുകയും വീടുകളിൽ വെള്ളം കയറുകയും ചെയ്തു. കൊട്ടാരക്കര- ദിണ്ഡിഗൽ ദേശീയപാത, കുട്ടിക്കാനം- മുണ്ടക്കയം റോഡ്, ആലുവ- മൂന്നാർ റോഡ്, കെകെ റോഡ് തുടങ്ങി പ്രധാന പാതകളിലെല്ലാം മണ്ണിടിഞ്ഞ് ഗതാഗത തടസ്സം രൂപപ്പെട്ടിരിക്കുകയാണ്. റാന്നി വെള്ളത്തിൽ മുങ്ങിയതോടെ ഗതാഗതം പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്.
തിരുവനന്തപുരത്തിന്റെ മലയോര മേഖലയിൽ പെയ്ത അതിശക്തമായ മഴയെത്തുടർന്ന് വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിൽ വൻ മണ്ണിടിച്ചിൽ ഉണ്ടായി. പന്ത്രണ്ടാം വളവിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മണ്ണും അവശിഷ്ടങ്ങളും ഒലിച്ച് ഒൻപതാം വളവ് വരെ എത്തുകയും റോഡിന്റെ വശങ്ങൾ ഇടിയുകയും ചെയ്തതോടെ പൊന്മുടിയിലേക്കുള്ള ഗതാഗതം പൂർണ്ണമായും നിലച്ചു. പുലർച്ചെ സമയത്തായതിനാലും കല്ലാറിൽ നിന്ന് മുകളിലേക്ക് വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടായിരുന്നതിനാലും വലിയൊരു അപകടം ഒഴിവായത് ആശ്വാസകരമായി. നിലവിൽ വിതുരയിൽ നിന്നുള്ള ഫയർഫോഴ്സും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും, ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ പൊന്മുടിയിലേക്കുള്ള യാത്രയ്ക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിൽ പെയ്ത അതിശക്തമായ മഴയെത്തുടർന്ന് റാന്നി മേഖല പൂർണ്ണമായും വെള്ളത്തിനടിയിലായതോടെ പ്രദേശം അതിരൂക്ഷമായ പ്രളയഭീതിയിലാണ്. കനത്ത മഴ പമ്പാനദിയിലെ ജലനിരപ്പ് ഓരോ നിമിഷവും ഉയർത്തുന്ന സാഹചര്യമാണുള്ളത്. കോന്നി, കൊക്കാത്തോട്, നെല്ലിക്കപ്പാറ എന്നിവിടങ്ങളിൽ ഉണ്ടായ മണ്ണിടിച്ചിലുകളും ജനവാസ മേഖലകളിൽ വലിയ നാശനഷ്ടങ്ങൾ വിതച്ചിട്ടുണ്ട്. വീടുകളിൽ കുടുങ്ങിക്കിടക്കുന്നവരെ ഫയർഫോഴ്സ് സംഘം ഡിങ്കി ബോട്ടുകൾ ഉപയോഗിച്ച് അതിവേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. പമ്പാനദിയിലൂടെയുള്ള മലവെള്ളപ്പാച്ചിൽ അതിശക്തമായതിനാൽ ആറന്മുള, ഐക്കര സത്രക്കടവ്, കോഴിപ്പുറം ഭാഗങ്ങളിൽ വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. ഈ പ്രളയജലം പാണ്ടനാട്, ചെങ്ങന്നൂർ, തിരുവല്ല മേഖലകളിലേക്ക് കൂടി ഇറങ്ങാൻ സാധ്യതയുള്ളതിനാൽ പത്തനംതിട്ട ജില്ലയുടെ താഴ്ന്ന പ്രദേശങ്ങൾക്ക് അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
റാന്നിയിൽ 2018-ലെ മഹാപ്രളയത്തിന് സമാനമായ രീതിയിൽ അതിശക്തമായ വെള്ളപ്പൊക്കം ഉണ്ടായതിനെത്തുടർന്ന് ജനജീവിതം സ്തംഭിക്കുകയും പ്രദേശം അതീവ ഗുരുതര സാഹചര്യത്തിലാവുകയും ചെയ്തിരിക്കുകയാണ്. പമ്പാനദി കരകവിഞ്ഞതോടെ ഇട്ടിയപ്പാറ ടൗൺ, വടശ്ശേരിക്കര, അട്ടിക്കയം, കുരുമ്പമൂഴി തുടങ്ങിയ പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലാവുകയും നിരവധി ആളുകൾ വീടുകളിൽ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നതായി റാന്നി എംഎൽഎ പഴകുളം മധു വ്യക്തമാക്കി. കിഴക്കൻ മലയോരങ്ങളിൽ പെയ്യുന്ന കനത്ത മഴയുടെ ആഘാതം വരും മണിക്കൂറുകളിൽ നഗരത്തിൽ ജലനിരപ്പ് ഇനിയും ഉയരാൻ കാരണമാകുമെന്നതിനാൽ, വീടുകളിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
വെള്ളിയാഴ്ച ഉച്ചമുതൽ തുടർച്ചയായി പെയ്ത കനത്ത മഴയിൽ മണിമലയാർ പുല്ലകയാർ എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയർന്നു. മുണ്ടക്കയം കോസ്വേ പാലം വെള്ളത്തിനടിയിലായി. കൂട്ടിക്കൽ, മുണ്ടക്കയം പഞ്ചായത്തുകളിലെ നിരവധി വീടുകളിൽ വെള്ളം കയറി. അഴുതയാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ കോരുത്തോട് ടൗൺ കണ്ടങ്കയം ഭാഗങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. ഒരു വീടിന്‍റെ മുറ്റമിടിഞ്ഞു.
അതിശക്തമായ മഴയെത്തുടർന്ന് ഇടുക്കി പോലീസ് സ്റ്റേഷന് സമീപം മണ്ണിടിച്ചിലുണ്ടാവുകയും സ്റ്റേഷനുള്ളിൽ ചെളിയും വെള്ളവും കയറുകയും ചെയ്തു. പാഞ്ചാലിമേട്ടിലെ താഴ്വാരം റിസോർട്ടിന്റെ കരിങ്കൽ മതിൽ പാർക്കിങ് ഏരിയയിലേക്ക് ഇടിഞ്ഞുവീണ് രണ്ട് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും, കൊച്ചി-ധനുഷ്കോടി ദേശീയപാതയുൾപ്പെടെയുള്ള പ്രധാന റോഡുകളിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കാരണം ഗതാഗതം തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. ആലുവ മൂന്നാർ റോഡിൽ അടിമാലി മച്ചിപ്ലാവിന് സമീപം റോഡിലേക്ക് മണ്ണിടിഞ്ഞു. ഒരു ലോറി ഇതിനിടയിൽ കുടുങ്ങി. മൂന്നാറിലേക്കുള്ള വഴിയിൽ നിലവിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.