മഴ ഒഴിയും മുൻപേ ചൂട്; സെപ്റ്റംബറിൽ വെയിലത്ത് കുടപിടിക്കേണ്ട ഗതികേടിൽ കേരളം

#എസ്.എന്‍. ജയപ്രകാശ്
Representative Image| Photo: Mathrubhumi
Representative Image| Photo: Mathrubhumi

തിരുവനന്തപുരം: എടവപ്പാതിയിലും വേനലിന്റെ തുടക്കത്തിലെന്ന പോലെ പൊള്ളും ചൂട് !. ജാഗ്രതവേണമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാവകുപ്പും. മഴപെയ്യേണ്ട സെപ്റ്റംബറിൽ വെയിലിന് കുടപിടിക്കേണ്ട ഗതികേടിലാണു കേരളം. അന്തരീക്ഷ താപനിലയിൽ ഏതാനും ദിവസങ്ങളായി ശരാശരിയിൽനിന്ന് രണ്ടുമുതൽ നാല് ഡിഗ്രി സെൽഷ്യസിലേറെ വർധനയാണ്. പുലർച്ചെയുള്ള താപനിലയിലും രണ്ടു ഡിഗ്രിയിലേറെ വർധന. ഇതിനുപുറമേയാണ് അന്തരീക്ഷത്തിലെ ഈർപ്പത്തിലെ (ഹ്യുമിഡിറ്റി) വർധന. 75 മുതൽ 90 ശതമാനംവരെയാണ് പല ജില്ലകളിലും ഹ്യുമിഡിറ്റിയുടെ അളവ്. അസഹനീയ കാലാവസ്ഥയിൽ വലയുകയാണ് നാട്.

ശനിയാഴ്ച പുനലൂരിൽ ചൂട് 36 ഡിഗ്രി കടന്നിരുന്നു; ശരാശരിയിൽ നിന്ന് 4.7 കൂടുതൽ. പാലക്കാട്ട് 34.4 ഡിഗ്രി. നാല് ഡിഗ്രി കൂടുതൽ. എല്ലാ ജില്ലകളിലും 32 ഡിഗ്രിക്ക് മുകളിലായിരുന്നു. ഇത്തവണ തെക്കുപടിഞ്ഞാറൻ കാലവർഷം (എടവപ്പാതി) തുടങ്ങിയശേഷം ജൂലായിലും ചില ദിവസങ്ങളിൽ ചൂട് മുന്നറിയിപ്പ് നൽകേണ്ടിവന്നു. അതും അസാധാരണം.

എൽനിനോ ശക്തം

സെപ്റ്റംബർ 30 വരെയാണ് തെക്കുപടിഞ്ഞാറൻ കാലവർഷം. എന്നാൽ, ഈ മാസം ചിലദിവസങ്ങളിൽ മഴയുണ്ടാകുമെന്നല്ലാതെ, കാര്യമായതോതിൽ മഴ പ്രതീക്ഷിക്കാവുന്ന അനുകൂല ഘടകങ്ങളില്ല. എൽനിനോ പ്രതിഭാസം ശക്തമായതാണ് കാരണം.

23-ന് സൂര്യൻ ഭൂമധ്യരേഖയുടെ നേർമുകളിലെത്തും. ഇപ്പോൾ ലംബമായ സൂര്യരശ്മികളാണ് ഭൂമിയിലെത്തുന്നത്. തെളിഞ്ഞ ആകാശമായതുകൊണ്ട് സൂര്യരശ്മികൾക്ക് തീക്ഷ്ണത കൂടും. കാലവർഷത്തിൽ ഇതുവരെ പെയ്യേണ്ടിയിരുന്നത് 1806.4 മില്ലീമീറ്റർ മഴയാണ്. പെയ്തത് 1371.6 മില്ലീമീറ്റർ മാത്രം.

വൈദ്യുതി നിയന്ത്രണം തുടരും

വൈദ്യുതി ഉപയോഗത്തിൽ 500- 600 മെഗാവാട്ടുവരെ വർധനയുണ്ടാവുമെന്നാണ് കെ.എസ്.ഇ.ബി. വിലയിരുത്തൽ. രാജ്യത്ത് വൈദ്യുതിക്ഷാമമുണ്ട്. പവർ എക്‌സ്ചേഞ്ചുകളിൽ നിന്ന് ആവശ്യത്തിന് കിട്ടുന്നില്ല. ഞായർ ഒഴികെ രാത്രി വൈദ്യുതി നിയന്ത്രണം തുടരേണ്ടിവരും.

Content Highlights: Kerala is experiencing unseasonable high temperatures and humidity in September., Punalur and Palakkad recorded significant temperature spikes above normal averages., The intense heat is attributed to the strong El Niño phenomenon and perpendicular sun rays., Cumulative monsoon rainfall is deficient at 1371.6 mm against the expected 1806.4 mm., KSEB has announced the continuation of night-time power restrictions due to high demand and shortage.