രാഷ്ട്രപതിക്ക് റോയൽ സാരി, പ്രധാനമന്ത്രിക്ക് പൊന്നാട; പെരിങ്ങമലയിൽ തയ്യാറാകുന്നത് വിഐപി ഓണക്കോടികൾ

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഓണക്കോടിയായി രാഷ്ട്രപതിക്ക് ബാലരാമപുരം കൈത്തറിയുടെ റോയല്‍സാരിയും പ്രധാനമന്ത്രിയ്ക്ക് പൊന്നാടയും പെരിങ്ങമ്മലയില്‍നിന്ന്. പ്രധാനമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെട്ടവര്‍ക്ക് ഓണക്കോടിയായാണ് ബാലരാമപുരം കൈത്തറി സാരിയും പൊന്നാടയും തയ്യാറാകുന്നത്.

സംസ്ഥാന കൈത്തറി ഡയറക്ടറേറ്റ് ഹാൻടെക്‌സിന് നല്‍കിയ ഓര്‍ഡര്‍ പ്രകാരമാണ് കല്ലിയൂര്‍ പെരിങ്ങമ്മല കേന്ദ്രമായ ജയ്കിഷ് ഹാന്‍റ്ലൂം വീവേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ഓര്‍ഡര്‍ ലഭിച്ചത്. നാലാം വര്‍ഷമാണ് പ്രധാനമന്ത്രി ഉള്‍പ്പെട്ട കേന്ദ്ര മന്ത്രിമാര്‍ക്ക് കൈത്തറി വസ്ത്രങ്ങള്‍ നെയ്തുനല്‍കുന്നതെന്ന് സൊസൈറ്റി സെക്രട്ടറി വി. സന്തോഷ് പറഞ്ഞു.

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് സ്വര്‍ണക്കസവില്‍ ടിഷ്യു മെറ്റീരിയലിലാണ് സാരി തയ്യാറായത്. പ്രധാനമന്ത്രിയ്ക്കുള്ള പൊന്നാട ടിഷ്യു മെറ്റീരിയലില്‍ സ്വര്‍ണക്കസവ് കള്ളികളായി നെയ്താണ്‌ തയ്യാറാക്കുന്നത്. അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്വര്‍ണ, വെള്ളി കസവുകള്‍ ഇടകലര്‍ത്തി കള്ളികളായി നെയ്തതാണ്.

15 റോയല്‍സാരികള്‍, 110 പൊന്നാട,15 റോയല്‍ പൊന്നാട എന്നിവയാണ് കൈത്തറി കലാകാരന്മാര്‍ നെയ്‌തെടുത്തത്. 15-ഓളം കൈത്തറി നെയ്ത്തുകാര്‍ 20 ദിവസം കൊണ്ടാണ് ഇവ തയ്യാറാക്കിയത്. നെയ്‌തെടുത്ത വസ്ത്രങ്ങള്‍ വ്യാഴാഴ്ച ഹാൻടെക്സിന് കൈമാറും. ഇവിടെനിന്ന് സംസ്ഥാനത്തെ വിവിധ കലാശില്പങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ അടങ്ങിയ ഗിഫ്റ്റ് ബോക്‌സായാണ് നല്‍കുന്നത്. ഓണക്കോടിയായി കസവ് വസ്ത്രം തിരഞ്ഞെടുത്തതില്‍ വളരെ സന്തോഷം തോന്നുന്നുവെന്ന് സന്തോഷ് പറഞ്ഞു.

Content Highlights: Balaramapuram handloom sarees & ponadas gifted to President, PM, and ministers as Onam gifts