ഉറപ്പായ പെൻഷന് ഉത്തരവായി, പൂർണ പെൻഷന് 30 വർഷത്തെ സർവീസ്

#പ്രത്യേക ലേഖകൻ
പ്രതീകാത്മകചിത്രം | ഫോട്ടോ: Reuters
പ്രതീകാത്മകചിത്രം | ഫോട്ടോ: Reuters

തിരുവനന്തപുരം: സർക്കാർജീവനക്കാർക്ക് അവസാന അടിസ്ഥാനശമ്പളത്തിന്റെ 50 ശതമാനം പെൻഷൻ ഉറപ്പാക്കുന്ന പുതിയ പെൻഷൻപദ്ധതി ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കാൻ സർക്കാർ ഉത്തരവായി. ജീവനക്കാരും സർക്കാരും നൽകേണ്ട വിഹിതത്തെപ്പറ്റിയും മുഴുവൻ ആനുകൂല്യങ്ങളെ സംബന്ധിച്ചും വിശദാംശങ്ങളില്ലാതെയാണ് ഉത്തരവ്. വിശദ ഉത്തരവുകൾ പിന്നാലെ വരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

30 വർഷം സർവീസുള്ളവർക്കാണ് പരമാവധി പെൻഷൻ ലഭിക്കുക. ക്ഷാമാശ്വാസവും ലഭിക്കും. നിലവിൽ പങ്കാളിത്തപെൻഷനിലുള്ളവർക്കും ഈവർഷം ഏപ്രിൽ ഒന്നുമുതൽ നിയമനം ലഭിച്ചവർക്കും പുതിയ പെൻഷൻ പദ്ധതി തിരഞ്ഞെടുക്കാം. പങ്കാളിത്തപെൻഷനിൽ തുടരണമെന്നുള്ളവർക്ക് അതാകാം. 2.4 ലക്ഷം ജീവനക്കാരാണ് ഇപ്പോൾ പങ്കാളിത്തപെൻഷൻ പദ്ധതിയിലുള്ളത്.

പങ്കാളിത്തപെൻഷനിൽ എന്നപോലെ ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് 10 ശതമാനം പിടിച്ചാണ് പുതിയ പെൻഷൻപദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്. സർക്കാരും തുല്യവിഹിതം നൽകും. എന്നാൽ, ഇക്കാര്യം ഉത്തരവിലില്ല. വിഹിതത്തിൽ മാറ്റംവരുത്തുമോയെന്നും വ്യക്തമല്ല.

നിലവിൽ സ്റ്റാറ്റ്യൂട്ടറി പെൻഷൻകാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും പുതിയപദ്ധതിയിൽ ഉണ്ടാകുമെന്ന് സർക്കാർ വാഗ്ദാനംചെയ്തിരുന്നു. സ്റ്റാറ്റ്യൂട്ടറി പെൻഷനിൽ 10 വർഷം സർവീസുള്ളവർക്ക് മിനിമം പെൻഷൻ ലഭിച്ചിരുന്നു. പുതിയപദ്ധതിയിൽ ഇതേക്കുറിച്ചും പെൻഷൻ കമ്യൂട്ടേഷൻ, മരിച്ചവരുടെ കുടുംബത്തിനുള്ള പെൻഷൻ, ഡെത്ത് കം റിട്ടർമെന്റ് ഗ്രാറ്റ്വിറ്റി എന്നിവയെക്കുറിച്ചും പരാമർശമില്ല. എല്ലാ ആനുകൂല്യങ്ങളും ഉണ്ടാകുമെന്നും പെൻഷൻ ബാധ്യത സംബന്ധിച്ച കണക്കുകൾ തയ്യാറാക്കാൻ ഏതാനും ദിവസങ്ങൾകൂടി വേണമെന്നതിനാലാണ് ഇക്കാര്യങ്ങൾ പരാമർശിക്കാത്തതെന്നുമാണ് ധനവകുപ്പിന്റെ വിശദീകരണം. ഏപ്രിൽമുതൽ ജീവനക്കാരുടെ ഓപ്ഷൻ സ്വീകരിക്കും.

ഉത്തരവിൽ വിശദാംശങ്ങളില്ലാത്തതിൽ ജീവനക്കാരുടെ സംഘടനകൾ അസംതൃപ്തിയിലാണ്. ഉമ്മൻചാണ്ടിസർക്കാർ നടപ്പാക്കിയ പങ്കാളിത്തപെൻഷൻ പദ്ധതി പിൻവലിക്കുന്നത് പരിഗണിക്കുമെന്ന് ഒന്നാം പിണറായിസർക്കാരിന്റെ കാലത്തെ വാഗ്ദാനമായിരുന്നു. എന്നാൽ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിച്ചില്ല. പങ്കാളിത്തപെൻഷൻപദ്ധതി പൂർണമായി ഒഴിവാക്കാതെയാണ് പുതിയ പെൻഷൻപദ്ധതിക്ക്‌ രൂപംനൽകിയത്.

Content Highlights: New pension scheme for Kerala government employees starts April 1st., Guarantees 50% of the last basic salary as pension for 30 years of service., Provides an alternative to the existing Contributory Pension Scheme (CPS)., Detailed orders on contributions and full benefits are still awaited.