ഹെഡ്ഗെവാറും ഗോള്‍വാള്‍ക്കറും, നടുവിൽ ഭാരതാംബയും; വിവാദങ്ങൾക്കിടെ രാജ്ഭവനിലെ ചിത്രങ്ങൾ

തിരുവനന്തപുരം: സര്‍ക്കാര്‍ പരിപാടിക്ക് ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നിര്‍ബന്ധമാക്കിയതിനു പുറമേ രാജ്ഭവനില്‍ ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. ഹെഡ്ഗെവാര്‍, രണ്ടാം സര്‍സംഘചാലകും സൈദ്ധാന്തികനുമായ ഗോള്‍വാള്‍ക്കര്‍ എന്നിവരുടെ ചിത്രങ്ങള്‍ സ്ഥാനംപിടിച്ചു. ഈ ഫോട്ടോകള്‍ക്കു നടുവിലാണ് ഭാരതാംബയുടെ ചിത്രം.
പ്രോട്ടക്കോള്‍ പ്രകാരം വെക്കേണ്ട രാഷ്ട്രപിതാവ്, രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ചിത്രങ്ങള്‍ ഗവര്‍ണറുടെ ഓഫീസിലും സന്ദര്‍ശകമുറിയിലുമായുണ്ട്. സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ ചിത്രവും സ്വീകരണമുറിയിലുണ്ട്.
ഗവര്‍ണറുടെ സ്വകാര്യമുറിയിലാണ് ആര്‍എസ്എസ് നേതാക്കളുടെ ചിത്രം ഉറപ്പിച്ചത്. സന്ദര്‍ശകമുറിയിലും ഓഫീസിലുമാണ് ഗവര്‍ണര്‍ അതിഥികളെ സ്വീകരിക്കുക പതിവ്. കൂടുതല്‍ അടുപ്പമുള്ളവരെ സ്വകാര്യമുറിയിലും സ്വീകരിക്കാറുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറെ ഗവര്‍ണര്‍ ഇങ്ങനെ സ്വീകരിക്കുന്ന ചിത്രം രാജ്ഭവന്‍ പുറത്തുവിട്ടിരുന്നു.
ഗവര്‍ണര്‍പദവിയിലിരുന്ന് രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ആര്‍എസ്എസ് ആശയപ്രചാരകനായി മാറുകയാണെന്ന വിമര്‍ശം ഭരണപക്ഷവും പ്രതിപക്ഷവും ഉയര്‍ത്തുന്നതിനിടെയാണ് രാജ്ഭവനില്‍ ആര്‍എസ്എസ് നേതാക്കളുടെ ചിത്രം സ്ഥാപിച്ച വിവരവും പുറത്തുവരുന്നത്.
ചെറുപ്പംമുതല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്നകാര്യം ഗവര്‍ണര്‍ തുറന്നുപറയാറുണ്ട്. രാജ്ഭവനിലെ ചടങ്ങുകള്‍ക്ക് മുന്നോടിയായി ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന അദ്ദേഹത്തിന്റെ തീരുമാനം വലിയ വിവാദത്തിന് വഴിവെച്ചു.
ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനായി ആര്‍എസ്എസ് സൈദ്ധാന്തികന്‍ ഡോ. ഗുരുമൂര്‍ത്തിയുടെ പ്രഭാഷണം രാജ്ഭവനില്‍ സംഘടിപ്പിച്ചതും വിമര്‍ശനത്തിനിടയാക്കിയിരുന്നു.
Content Highlights: Controversy erupts in Kerala as Raj Bhavan displays portraits of RSS founders alongside Bharat Mata