നാടാര്‍ സംവരണം: ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

തിരുവനന്തപുരം: ക്രിസ്ത്യന്‍ നാടാര്‍വിഭാഗത്തെ സംവരണവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ തീരുമാനം സ്റ്റേ ചെയ്യാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകും.ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ പോവാനാണ് തീരുമാനം. മറാത്ത കേസിന് മുന്‍പ് സംവരണം തീരുമാനിച്ചുവെന്നാണ് സര്‍ക്കാര്‍ വാദം. സുപ്രീം കോടതി വിധിക്ക് മുമ്പുള്ള സംവരണ ഉത്തരവ് നിയമപരമായി നിലനില്‍ക്കുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അടുത്തയാഴ്ചയാവും സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കുക.
സൗത്ത് ഇന്ത്യന്‍ യുണൈറ്റഡ് ചര്‍ച്ച് (എസ്.ഐ.യു.സി.) ഒഴികെയുള്ള ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെ ഒ.ബി.സി. പട്ടികയില്‍ ഉള്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞദിവസമാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്തത്. എസ്. കുട്ടപ്പന്‍ ചെട്ടിയാര്‍, അക്ഷയ് എസ്. ചന്ദ്രന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാറിന്റെ ഇടക്കാല ഉത്തരവ്.
മറാഠാ സംവരണവുമായി ബന്ധപ്പെട്ട് ജയ്ശ്രീ ലക്ഷ്മണ്‍ റാവു പാട്ടീല്‍ കേസിലെ ഉത്തരവനുസരിച്ച് 102-ാം ഭേദഗതിക്കുശേഷം രാഷ്ട്രപതി നിശ്ചയിക്കുന്നതുവരെ, പിന്നാക്കക്കാരുടെ പട്ടികയില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നു വിലയിരുത്തിയാണ് ഹൈക്കോടതി ഉത്തരവ്.
ഭേദഗതിപ്രകാരം, 2018 ഓഗസ്റ്റ് 15 മുതല്‍ ഏതെങ്കിലുമൊരു വിഭാഗത്തെ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കമാണെന്നു നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനസര്‍ക്കാരിന് ഇല്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. രാഷ്ട്രപതിക്കാണ് അധികാരം. മറാഠാ സംവരണക്കേസിലെ സുപ്രീംകോടതി ഉത്തരവും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.
Content Highlights: Kerala Government to move appeal against stay order on Christian Nadar community reservation
Content Highlights: