ആർലേക്കർക്ക് ഹൃദ്യമായ യാത്രയയപ്പ്, പ്രൗഢഗംഭീര ചടങ്ങ്; ആരിഫ് മുഹമ്മദ്‌ഖാന്റെ അനുഭവത്തിൽനിന്ന്‌ വ്യത്യസ്തം

#ടി.ആർ. രമ്യ
രാജേന്ദ്ര അർലേകർ | File Photo: Biju Varghese/Mathrubhumi
രാജേന്ദ്ര അർലേകർ | File Photo: Biju Varghese/Mathrubhumi

തിരുവനന്തപുരം: സ്ഥാനമൊഴിയുന്ന ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർക്ക് വ്യാഴാഴ്ച സംസ്ഥാനസർക്കാർ ഹൃദ്യമായ യാത്രയയപ്പ് നൽകും. ലോക്ഭവനിൽ സംസ്ഥാനസർക്കാർ പ്രൗഢഗംഭീരമായ ചടങ്ങ് ക്രമീകരിച്ചു. കേരളത്തിന്റെ പരമോന്നതബഹുമതിയായി ഏർപ്പെടുത്തിയ കേരള പുരസ്കാരങ്ങൾ ഗവർണർ സമ്മാനിക്കും. തുടർന്ന്, സ്വകാര്യഹോട്ടലിൽ സംസ്ഥാനസർക്കാർ വിരുന്നും ഒരുക്കിയിട്ടുണ്ട്.

സ്ഥാനമൊഴിയുമ്പോഴുള്ള പതിവ് യാത്രയയപ്പ് മുൻ ഗവർണറായിരുന്ന ആരിഫ് മുഹമ്മദ്‌ഖാന്റെ കാലത്താണ് തടസ്സപ്പെട്ടത്. പിണറായി വിജയൻ സർക്കാരുമായി നിരന്തരം ഏറ്റുമുട്ടലിലായിരുന്ന അദ്ദേഹം, 2024 ഡിസംബർ അവസാനം ഔദ്യോഗിക യാത്രയയപ്പുകളൊന്നുമില്ലാതെയാണ് ബിഹാർ ഗവർണറായി പോയത്. രാജ്ഭവൻ ജീവനക്കാർ മാത്രമാണ് യാത്രയയപ്പ് നൽകിയത്. യാത്രതിരിക്കുംമുൻപ് അദ്ദേത്തെ സന്ദർശിക്കാൻ മുഖ്യമന്ത്രിയോ മറ്റുമന്ത്രിമാരോ പോയതുമില്ല. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ വിയോഗത്തെത്തുടർന്നുള്ള ദുഃഖാചരണമായതിനാൽ ഔദ്യോഗികപരിപാടികളൊന്നും പാടില്ല എന്നത് സർക്കാർ ഒരു നിമിത്തമാക്കുകയും ചെയ്തു.

ആരിഫ് മുഹമ്മദ് ഖാന് മുൻപ് ഗവർണറായിരുന്ന പി. സദാശിവത്തിന് മന്ത്രിസഭ സ്വകാര്യഹോട്ടലിൽ ഗംഭീര യാത്രയയപ്പ് ഒരുക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വിമാനത്താവളത്തിലെത്തി യാത്രയയക്കുകയും ചെയ്തു.

രണ്ടാം പിണറായിസർക്കാരിന്റെ അവസാനമാസങ്ങളിൽ ഗവർണറായ ആർലേക്കറുമായി ചില വിവാദങ്ങളുണ്ടായെങ്കിലും ഒടുവിൽ സമവായ പാതയിലെത്തിയിരുന്നു.

അടുപ്പത്തിനും അകൽച്ചയ്ക്കും അതിരുവെച്ചായിരുന്നു യു.ഡി.എഫ് സർക്കാരിന് ആർലേക്കറുമായുള്ള ബന്ധം. തമിഴ്‌നാടിന്റെ പൂർണചുമതലയുള്ള ഗവർണറായാണ് ആർലേക്കർ മടങ്ങുന്നത്. സിക്കിം ഗവർണറായിരുന്ന ഓം പ്രകാശ് മാഥൂറാണ് കേരളത്തിന്റെ പുതിയ ഗവർണർ. അദ്ദേഹവും വ്യാഴാഴ്ച എത്തും.

Content Highlights: State government organized a grand farewell for outgoing Governor Rajendra Vishwanath Arlekar at Lok Bhavan., Governor Arlekar will present the Kerala Puraskaram awards during the ceremony., Om Prakash Mathur takes charge as the new Governor of Kerala.