പഴയ സ്വർണം മാറ്റിവാങ്ങുന്നതിൽ നികുതിവെട്ടിപ്പ്; കൃത്യമായ ബില്ല് നൽകാതെ വ്യാപാരസ്ഥാപനങ്ങളുടെ തിരിമറി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | സ്വർണം | Photo: AFP
പ്രതീകാത്മകചിത്രം | സ്വർണം | Photo: AFP

കൊച്ചി: സംസ്ഥാനത്ത് പഴയ സ്വർണം മാറ്റിവാങ്ങുമ്പോൾ വ്യാപാരസ്ഥാപനങ്ങൾ നികുതിവെട്ടിപ്പ് നടത്തുന്നതായി പരാതി. പൊതുജനങ്ങൾ അംഗീകൃത വ്യാപാരികളിൽനിന്ന് സ്വർണം വാങ്ങുമ്പോൾ നൽകുന്ന തുകയിൽ സ്വർണത്തിന്റെ വിലയോടൊപ്പം ജി.എസ്.ടി. തുക കൂടി ഉൾപ്പെടുത്തേണ്ടതുണ്ട്. മൂന്നുശതമാനമാണ് സ്വർണത്തിന്റെ ജി.എസ്.ടി.

എന്നാൽ ചില ജൂവലറികൾ പഴയ സ്വർണത്തിന് പകരം പുതിയ ആഭരണങ്ങളോ, പണമോ നൽകുമ്പോൾ കൃത്യമായ ബില്ല് നൽകാതെയാണ് തിരിമറി നടത്തുന്നത്. ബില്ലിൽ കടയുടെ പേരോ, ജി.എസ്.ടി. നമ്പറോ, ജി.എസ്.ടി. ഇനത്തിൽ നൽകേണ്ട നികുതി തുകയോ രേഖപ്പെടുത്തില്ല.

ഇതുവഴി സർക്കാരിന് ലഭിക്കേണ്ട നികുതി നഷ്ടമാകുന്നത് കൂടാതെ ഉപഭോക്താക്കൾക്ക് ഭാവിയിൽ പ്രത്യാഘാതങ്ങളുണ്ടാവും. കൃത്യമായ ബില്ലില്ലാത്ത സ്വർണം വീണ്ടും വിൽക്കാനോ മാറ്റിവാങ്ങാനോ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടേണ്ടിവരും.

70 കോടിയുടെ നികുതിവെട്ടിപ്പ്

പരാതികൾ വ്യാപകമായതോടെ സംസ്ഥാന ചരക്ക്-സേവന നികുതി (ജി.എസ്.ടി.) വകുപ്പും ഇന്റലിജൻസ് ആൻഡ് എൻഫോഴ്സ്‌മെന്റ് വിഭാഗവും ചില ജൂവലറികളിൽ നടത്തിയ പരിശോധനയിൽ ഇതുവരെ 70 കോടി രൂപയുടെ വിറ്റുവരവ് വെട്ടിപ്പ് കണ്ടെത്തിയതായാണ് വിവരം.

ഇതിൽ നിന്നും നികുതി, പിഴ ഇനത്തിൽ 2.87 കോടി സർക്കാരിലേക്ക് പിരിച്ചെടുത്തിട്ടുണ്ട്. പഴയ സ്വർണാഭരണങ്ങൾ വാങ്ങി ശുദ്ധീകരിച്ച് ബാറുകളും ആഭരണങ്ങളും ആക്കി ജൂവലറികളിൽ കച്ചവടം നടത്തുന്ന സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.

37 നികുതിദായകരുടെ സ്വർണക്കടകൾ, ശാഖകൾ, വീടുകൾ ഉൾപ്പെടെ 79 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്.

ജൂവലറികൾക്ക് പങ്കില്ല

പരിശോധ പ്രധാനമായും നടന്നത് പഴയ സ്വർണം ശുദ്ധീകരിച്ച് 24 കാരറ്റ് സ്വർണമാക്കി മാറ്റുന്ന പണിശാലകളിലായിരുന്നു. ഇത്തരം സ്ഥാപനങ്ങളെ പരമ്പരാഗത സ്വർണവ്യാപാര മേഖലയായി ചിത്രീകരിക്കാനാകില്ലെന്ന് ഓൾ കേരള ഗോൾ ആൻഡ് സിൽവൽ മർച്ചന്റ്സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ.) ചെയർമാൻ ഡോ. ബി. ഗോവിന്ദൻ പറഞ്ഞു.

നിലവിലെ നിയമപ്രകാരം പഴയ സ്വർണം വാങ്ങുമ്പോൾ 10,000-ൽ കൂടുതൽ തുക പണമായി നൽകാൻ പാടില്ല. തുക ചെക്ക്, ഡി.ഡി., അല്ലെങ്കിൽ ബാങ്ക് വഴി മാത്രമേ നൽകാവൂ.

എന്നാൽ, പെട്ടെന്ന് പണം ആവശ്യപ്പെട്ടുവരുന്ന ഉപഭോക്താക്കൾക്ക് കണക്കിൽ പെടുത്താതെ തുക നൽകുന്ന പ്രവണതയാണുള്ളത്. ഇത് ജൂവലറികൾ അടക്കമുള്ള സ്വർണവ്യാപാര മേഖലയുടെ പിഴവല്ലെന്നും അദ്ദേഹം പറഞ്ഞു.

വിറ്റുവരവും നികുതിവരുമാനവും പുറത്തുവിടണം

ഒരുലക്ഷം കോടി രൂപയ്ക്കുമുകളിൽ വാർഷിക വിറ്റുവരവുള്ള സ്വർണവ്യാപാര മേഖലയെ നികുതിവെട്ടിപ്പുകാരായി മുദ്ര കുത്താനുള്ള ശ്രമമാണ് ജി.എസ്.ടി. വകുപ്പിന്റെ പരിശോധനയെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (കെ.ജി.എസ്.എം.എ.) ആരോപിച്ചു.

ജി.എസ്.ടി. വകുപ്പ്, മേഖലയുടെ വാർഷിക വിറ്റുവരവും സർക്കാരിന് ലഭിക്കുന്ന ജി.എസ്.ടി. ഉൾപ്പെടെയുള്ള നികുതിവരുമാനവും വർഷങ്ങളായി കൃത്യമായി വെളിപ്പെടുത്തുന്നില്ല.

ആദ്യം ഈ കണക്കുകളാണ് പുറത്തുവിടേണ്ടതെന്നും സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ജനറൽ സെക്രട്ടറി എസ്. അബ്ദുൽ നാസർ എന്നിവർ ആവശ്യപ്പെട്ടു.

Content Highlights: Widespread tax evasion detected in gold exchange practices across Kerala. GST department identified 70 crore turnover fraud during recent raids. Consumers face future resale risks due to lack of valid GST bills. Strict regulations exist: payments over 10,000 must be via bank channels. Industry associations demand transparency regarding annual tax contributions.