വൈദ്യുതിരംഗത്തെ പരിഷ്കാരങ്ങൾ; കേരളത്തിന് 2924 കോടി കടമെടുക്കാം

#പ്രത്യേക ലേഖകൻ
പ്രതീകാത്മകചിത്രം | ഫോട്ടോ: പി.ടി.ഐ
പ്രതീകാത്മകചിത്രം | ഫോട്ടോ: പി.ടി.ഐ

തിരുവനന്തപുരം: വൈദ്യുതിമേഖലയിലെ പരിഷ്കാരങ്ങൾക്കുള്ള പ്രോത്സാഹനമെന്ന നിലയിൽ കേരളത്തിന് പൊതുകടത്തിൽ 2924 കോടികൂടി കടമെടുക്കാൻ കേന്ദ്രം അനുവദിച്ചു. സാമ്പത്തികസ്ഥിതി അങ്ങേയറ്റം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണിത്.

എന്നാൽ, കേന്ദ്രനിബന്ധനകൾ പാലിച്ച് രേഖകൾ സമർപ്പിക്കാൻ വൈകിയതിനാൽ ഈയിനത്തിൽ കേരളത്തിന് അർഹമായതിന്റെ പകുതി മാത്രമാണ് കിട്ടിയത്. ഇനി ഇത്രയും തുകകൂടി കിട്ടാനുണ്ട്. സാമ്പത്തികവർഷാവസാനത്തെ ചെലവുകൾക്ക് സർക്കാരിന്റെ ഏക പ്രതീക്ഷയാണ് ഈ കടം.

വൈദ്യുതിരംഗത്തെ പരിഷ്കാരങ്ങൾ കണക്കിലെടുത്ത് സംസ്ഥാനങ്ങൾക്ക് ആഭ്യന്തര ഉത്പാദനത്തിന്റെ അരശതമാനംവരെ അധിക വായ്പയ്ക്ക് അർഹതയുണ്ട്. കഴിഞ്ഞ സാമ്പത്തികവർഷം ഇത് പൂർണമായി കിട്ടിയിരുന്നു. ഇത്തവണ 0.44 ശതമാനമാണ് അംഗീകരിച്ചത്. അത് 5848 കോടി രൂപവരും. അതിന്റെ പകുതിയെടുക്കാനാണ് ഇപ്പോൾ അനുമതി നൽകിയത്.

വിവിധ പരിഷ്കാരങ്ങൾക്കുള്ള സ്കോർ കണക്കാക്കിയാണ് അധികകടം തീരുമാനിക്കുന്നത്. സർക്കാർ ഓഫീസുകളിൽ സ്മാർട്ട് മീറ്റർ നടപ്പാക്കിയത് സംബന്ധിച്ച റിപ്പോർട്ട് വൈകിയതും വൈദ്യുതിബോർഡിന്റെ കണക്കുകൾ പുനഃപരിശോധിച്ച് റെഗുലേറ്ററി കമ്മിഷന്റെ ഉത്തരവിറക്കാൻ വൈകിയതുമൊക്കെ ഇത്തവണ കേരളത്തിന്റെ സ്കോർ കുറയാൻ കാരണമായി.

ശേഷിക്കുന്ന രേഖകൾ ചൊവ്വാഴ്ചതന്നെ സമർപ്പിച്ചതായി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. അധികകടം അനുവദിച്ചത് ഊർജവികസന പ്രവർത്തനങ്ങൾക്കും പ്രകടന മികവിനുമുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ അനുവദിച്ച കടം 46,623 കോടി

ഈ വർഷം പൊതുവിപണിയിൽനിന്ന് കേരളത്തിനെടുക്കാൻ അനുവദിച്ച കടം 46,623 കോടിയായി. ഇതിൽ ഇപ്പോൾ അനുവദിച്ചത് ഒഴികെ ബാക്കി എടുത്തുകഴിഞ്ഞു. സാമ്പത്തികസ്ഥിതി ഗുരുതരമായി തുടരുന്നതിനാൽ കിഫ്ബിയുടെ പേരിൽ വെട്ടിക്കുറച്ച വായ്പയിൽ കുറച്ചെങ്കിലും അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തെ വീണ്ടും സമീപിക്കും.

Content Highlights: Kerala has been granted permission to borrow an additional ₹2924 crore., This loan is an incentive from the central government for power sector reforms., The state received only half of the eligible amount due to delays in submitting required documents., This borrowing is crucial for managing expenses at the end of the financial year., The total approved public market borrowing for Kerala this year is now ₹46,623 crore.