ആഴങ്ങളിലേക്ക് അവരിറങ്ങി, ജീവന്റെ രക്ഷയ്ക്കായി; രക്തംവാർന്നുകിടന്ന യുവാക്കൾക്ക് തുണയായി വനംവകുപ്പ് ജീവനക്കാർ

കോട്ടയം: ചുറ്റും ഭീതിയുടെ നിഴൽ. 30 അടിയിലേറെ താഴ്ചയിൽ ചെങ്കുത്തായ സ്ഥലം. മുന്നിൽ ജീവൻ തിരിച്ചുപിടിക്കാൻ രക്ഷാകരങ്ങൾ കാത്ത് രക്തംവാർന്നുകിടക്കുന്ന രണ്ട് യുവാക്കൾ. കുത്തനെയുള്ള കൊക്കയും ദുർഘടമായ വഴികളും വകവെക്കാതെ, സ്വന്തം സുരക്ഷപോലും മറന്ന് വനംവകുപ്പിലെ മൂന്ന് ജീവനക്കാർ അവരെ കരയേറ്റി.
കോട്ടയം ഫോറസ്റ്റ് ഡിവിഷൻ ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥരുടെ ശ്രമം മനുഷ്യസ്നേഹത്തിന്റെയും അസാമാന്യ ധൈര്യത്തിന്റെയും നേർക്കാഴ്ചയായി. കഴിഞ്ഞ 19-ന് എക്സ്പേർട്ട് കമ്മിറ്റിയുമായി ചിന്നക്കനാലിലേക്ക് പോവുകയായിരുന്ന കോട്ടയം ഹൈറേഞ്ച് സർക്കിളിലെ ഡ്രൈവർ പി.എസ്. ബിനോയ്മോൻ, ജി.ഐ.എസ്. എക്സ്പേർട്ട് സി.പി. യദുകൃഷ്ണൻ, കൺസർവേഷൻ ബയോളജിസ്റ്റ് അനൂപാ മാത്യൂസ് എന്നിവരുടേതായിരുന്നു അതിസാഹസിക രക്ഷാപ്രവർത്തനം.
കോട്ടയത്തുനിന്ന് മൂന്നാറിലേക്കുള്ള യാത്രയ്കിടെ ഇവർ നേര്യമംഗലം മൂന്നുകല്ലുങ്കിന് സമീപമെത്തിയപ്പോൾ വഴിയിൽ വൻഗതാഗതക്കുരുക്ക്. ഇറങ്ങിനോക്കുമ്പോൾ ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ പാലത്തിൽനിന്ന് 30 അടിയിലേറെ താഴ്ചയിലേയ്ക്ക് പതിച്ചിരിക്കുന്നതായി മനസ്സിലായി. അപകടവിവരമറിഞ്ഞെത്തിയ ആളുകൾ കൂട്ടംകൂടി നിൽക്കുന്നു. ഫോറസ്റ്റ് സംഘം നോക്കുമ്പോൾ താഴ്ചയിൽ രണ്ടുയുവാക്കൾ പരിക്കേറ്റ് രക്തംവാർന്ന് കിടക്കുന്നു. ആംബുലൻസോ പോലീസോ അഗ്നിരക്ഷാസേനയോ അപ്പോൾ എത്തിയിരുന്നില്ല.
സ്ഥലത്ത് കൂട്ടംകൂടിനിന്നവർ നോക്കിനിൽക്കെ പ്രതീക്ഷ കൈവിടാതെ ബിനോയി ആദ്യം താഴ്ചയിലേക്കിറങ്ങി, പിന്നാലെ യദുവും. ഏതെങ്കിലുംതരത്തിൽ യുവാക്കളെ പൊക്കിക്കൊണ്ടുവരാൻപറ്റുന്ന സാഹചര്യമായിരുന്നില്ല. യദുവിന്റെ കൈവശമുണ്ടായിരുന്ന കൈലിമുണ്ടിൽ ബോധാവസ്ഥയിലായിരുന്ന ഒരുയുവാവിനെ കിടത്തി. അപ്പോഴേക്കും മറ്റ് മൂന്ന് ആളുകൾ ഇറങ്ങിവന്നു. എല്ലാവരുംചേർന്ന് ചെങ്കുത്തായ തിട്ടയിലൂടെ നടന്ന് യുവാക്കളെ കരയിലെത്തിച്ചു. അപ്പോഴേക്കും ഒരു ആംബുലൻസും അഗ്നിരക്ഷാ ഉദ്യോഗസ്ഥരും എത്തി. ആംബുലൻസിൽ യുവാവിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. പിന്നീട് അഗ്നിരക്ഷാ ഉദ്യോഗസ്ഥരുടെയും സഹായത്തോടെ ബോധരഹിതനായിക്കിടന്ന യുവാവിനെയും കരയ്ക്കെത്തിച്ചു. പരിക്കേറ്റ എറണാകുളം സ്വദേശികളായ യുവാക്കളിൽ ഒരാൾ പിന്നീട് മരിച്ചു.
മറ്റൊരാൾ ഗുരുതരപരിക്കുകളോടെ ചികിത്സയിലാണ്. വിവരമറിഞ്ഞ് ഇടുക്കി ജില്ലാ പോലീസ് മേധാവി എ. നസിം രക്ഷാപ്രവർത്തനം നടത്തിയ വനംവകുപ്പ് ജീവനക്കാരെ ഓഫീസിലേക്ക് ക്ഷണിച്ചു. ആദരിച്ച് പ്രശംസാപത്രവും നൽകിയാണ് മടക്കി അയച്ചത്. സമൂഹമാധ്യമങ്ങളിലും ഇവർക്ക് വലിയ അഭിനന്ദനമാണിപ്പോൾ.