10 ജില്ലകളിൽ ഓറഞ്ച് അലർട്ട്, പ്രളയഭീതി; പത്തനംതിട്ടയിലേക്ക് രക്ഷാപ്രവർത്തനത്തിന് കടലിന്റെ മക്കൾ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ വിവിധയിടങ്ങളിൽ പ്രളയസമാനമായ സാഹചര്യം നിലനിൽക്കുന്നു. നദികൾ കരകവിഞ്ഞൊഴുകുന്നതും വ്യാപകമായ മണ്ണിടിച്ചിലും ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇതിനിടെ 10 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതോടെ ആശങ്ക വർധിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇതോടെ ഇപ്പോൾതന്നെ പ്രളയസമാനമായ സാഹചര്യം നേരിടുന്ന പ്രദേശങ്ങളിൽ ആശങ്ക വർധിച്ചിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിലെ ചെങ്ങന്നൂർ, ആറന്മുള, റാന്നി തുടങ്ങിയ പ്രദേശങ്ങളിൽ പമ്പയിലെയും മണിമലയാറ്റിലെയും ജലനിരപ്പ് ഉയർന്നതോടെ വലിയ തോതിലുള്ള വെള്ളപ്പൊക്കം അനുഭവപ്പെടുന്നുണ്ട്. ഉറങ്ങാൻ കിടക്കുമ്പോൾ വെള്ളമില്ലാതിരുന്നയിടങ്ങളിൽ പുലർച്ചെയോടെ മുറ്റത്തും മുറിക്കുള്ളിലും വെള്ളം കയറിയ അവസ്ഥയിലായിരുന്നു. 2018-ലെ മഹാപ്രളയത്തിന് സമാനമായ രീതിയിലാണ് വെള്ളം ഉയർന്നുകൊണ്ടിരിക്കുന്നതെന്ന് പ്രദേശവാസികൾ ആശങ്ക പങ്കുവെക്കുന്നു.
രക്ഷാപ്രവർത്തനത്തിനായി കൊല്ലത്തുനിന്ന് 10 മത്സ്യബന്ധന വള്ളങ്ങളും 40 തൊഴിലാളികളും പത്തനംതിട്ടയിലേക്ക് തിരിച്ചിട്ടുണ്ട്. ആറന്മുളയിൽ പല വീടുകളും ഒറ്റപ്പെട്ട അവസ്ഥയിലാണുള്ളത്. കിടപ്പുരോഗികളെയും വയോധികരെയും അടിയന്തരമായി മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമങ്ങൾ എൻ.ഡി.ആർ.എഫിന്റെയും ഫയർഫോഴ്‌സിന്റെയും നേതൃത്വത്തിൽ നടക്കുന്നുണ്ടെങ്കിലും, വീട് വിട്ടുപോരാൻ ചിലർ കാണിക്കുന്ന വിമുഖത രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. ചെങ്ങന്നൂരിൽ ഇതിനകംതന്നെ പത്തിലധികം ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്.
കൃഷിനാശവും ആശങ്കയും വെള്ളപ്പൊക്കം കാർഷിക മേഖലയെയും സാരമായി ബാധിച്ചിട്ടുണ്ട്. ഓണ വിപണി ലക്ഷ്യമിട്ട് കൃഷി ചെയ്തിരുന്ന ഏത്തവാഴകൾ ഉൾപ്പെടെയുള്ള കൃഷികൾ വെള്ളത്തിനടിയിലായി. റാന്നിയിൽ വെള്ളം ഇറങ്ങുമ്പോൾ ആറന്മുള പോലുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. ഡാമുകൾ തുറക്കാനുള്ള സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
കോഴിക്കോട് കണ്ണാടിക്കലിൽ 200-ഓളം വീടുകളിൽ വെള്ളം കയറി. കോഴിക്കോട് നഗരത്തോടു ചേർന്ന കണ്ണാടിക്കൽ, പറമ്പിൽ ബസാർ മേഖലകളിൽ പൂനൂർപുഴ കരകവിഞ്ഞതിനെ തുടർന്ന് 200-ഓളം വീടുകളിൽ വെള്ളം കയറി. ഇന്നലെ രാത്രി പത്ത് മണി വരെ വെള്ളപ്പൊക്കത്തിന്റെ ലക്ഷണങ്ങൾ ഇല്ലാതിരുന്ന പ്രദേശത്ത് വൈകുന്നേരത്തോടെ ശക്തമായ നീരൊഴുക്ക് അനുഭവപ്പെടുകയായിരുന്നു. വീടുകളിൽനിന്ന് മാറ്റിപ്പാർപ്പിച്ചവരെ ക്യാമ്പിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിയിട്ടുണ്ട്.
മലപ്പുറത്ത് ഭീതി വിതച്ച് വ്യാപക മണ്ണിടിച്ചിൽ. മലപ്പുറം ജില്ലയിൽ വിവിധയിടങ്ങളിൽ വൻതോതിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാണക്കാട്ട് കുന്നിന്റെ ഒരു വശം പൂർണ്ണമായും റോഡിലേക്ക് ഇടിഞ്ഞു വീണതിനെ തുടർന്ന് പരപ്പനങ്ങാടി-നാടുകാണി സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. സമീപത്തെ സ്വകാര്യ കമ്പനിയുടെ ഖനന പ്രവർത്തനങ്ങളാണ് മണ്ണിടിച്ചിലിന് കാരണമെന്ന് വാർഡ് മെമ്പർ ആരോപിച്ചു. അപകടസാധ്യത കണക്കിലെടുത്ത് കുന്നിൻ മുകളിലെ ഹോസ്റ്റലിൽനിന്നു കുട്ടികളെ മാറ്റിപ്പാർപ്പിച്ചു. കൂടാതെ, എടായിപ്പാലത്തും തുടർച്ചയായി മണ്ണിടിച്ചിൽ ഉണ്ടായതോടെ പ്രദേശത്തെ ജനങ്ങളെ പോലീസ് ഇടപെട്ട് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കല്ലും മണ്ണും കുത്തിയൊലിച്ച് റോഡിലേക്ക് പതിക്കുന്ന അവസ്ഥയാണ് ഇവിടെ.
Content Highlights: Orange alert issued for 10 districts including Pathanamthitta and Kozhikode., Rising water levels in Pamba and Manimalayar rivers causing flood-like situations., Ongoing rescue operations by NDRF and local fishermen in isolated areas., Significant agricultural loss affecting the Onam market produce., Landslides reported in Malappuram blocking major state highways.