അഞ്ച് പേരെ ഷാഹുലിന് രക്ഷിക്കാനായി, കാണാതായ സച്ചുവിന്റെ മൃതദേഹം മൂന്നാം ദിവസം കണ്ടെത്തി
ഇടുക്കി: ഉരുള്‍പൊട്ടലില്‍ ഇടുക്കി കൊക്കയാര്‍ പൂവഞ്ചിയില്‍ കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. പുതുപ്പറമ്പില്‍ വീട്ടില്‍ ഷാഹുലിന്റെ മകന്‍ സച്ചുവിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. ഇതോടെ കൊക്കയാറിലെ ഉരുള്‍പൊട്ടല്‍ പ്രദേശത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. ഉരുള്‍പൊട്ടലില്‍ കാണാതായ ആറ് പേരുടെ മൃതദേഹം ഇവിടെ നിന്ന് കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു.
സച്ചുവിന്റെ വീട് സ്ഥിതി ചെയ്തിരുന്നതിന് താഴ്ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സച്ചുവിന്റെ മാതാപിതാക്കള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ചെളിയില്‍ താണ മാതാപിതാക്കളേയും ഭാര്യയേയും രണ്ടു മക്കളേയും ഷാഹുല്‍ രക്ഷപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിനിടെ സച്ചുവിനെ കാണാതാവുകയായിരുന്നു. രക്ഷപ്പെടുത്തുന്നതിനിടെ ഷാഹുലിന്റെ പിതാവിന്റെ കാലുകളൊടിഞ്ഞിരുന്നു.
കൊക്കയാര്‍ ഉരുള്‍പ്പൊട്ടലില്‍ കല്ലുപുരയ്ക്കല്‍ വീട്ടില്‍ ഫൗസിയ സിയാദ് (28), മക്കള്‍ അമീന്‍ സിയാദ് (10), അംന സിയാദ് (7), കല്ലുപുരയ്ക്കല്‍ ഫൈസലിന്റെ മക്കള്‍ അഫ്സാര ഫൈസല്‍ (8), അഫിയാന്‍ ഫൈസല്‍ (4), ചിറയില്‍ വീട്ടില്‍ ഷാജി (55) എന്നിവരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം കണ്ടെടുത്തത്.
ഷാജിയുടെ മൃതദേഹം കിലോമീറ്ററുകള്‍ അകലെ മണിമലയാറ്റില്‍നിന്നാണ് കണ്ടെത്തിയത്.
ഉരുള്‍പ്പൊട്ടലുണ്ടായ സ്ഥലത്തിന്റെ സമീപത്ത് നിന്ന് മലവെള്ളപ്പാച്ചിലില്‍ കാണാതായ ആന്‍സിക്ക് വേണ്ടിയുള്ള തിരച്ചിലും പുരോഗമിക്കുകയാണ്.
Content Highlights: