SIR; ഒഴിവാക്കപ്പെട്ടത് 25 ലക്ഷംപേർ, താളപ്പിഴകൾ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: PTI
പ്രതീകാത്മക ചിത്രം | Photo: PTI

തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്ഐആർ) നടപടികളിലുണ്ടായ ഗുരുതരമായ താളപ്പിഴകൾ ചൂണ്ടിക്കാട്ടി കേരള സർക്കാർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. നടപടിക്രമങ്ങളിലെ വീഴ്ചകൾ പരിഹരിക്കണമെന്നും എന്യൂമറേഷൻ ഫോമുകൾ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടണമെന്നും ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് കത്തയച്ചത്.

എന്യൂമറേഷൻ ഫോം പൂരിപ്പിച്ചുനൽകാനുള്ള സമയം ഡിസംബർ 18-ന് അവസാനിച്ചതോടെ  സ്ഥലത്തില്ലാത്തവർ, മരിച്ചവർ, താമസം മാറിയവർ എന്നീ വിഭാഗങ്ങളിലായി ഏകദേശം 25 ലക്ഷത്തോളം വോട്ടർമാരാണ് പട്ടികയിൽ നിന്ന് പുറത്തായിരിക്കുന്നത്. 2025-ലെ സ്പെഷ്യൽ സമ്മറി റിവിഷൻ (എസ്എസ്ആർ) പ്രകാരം കേരളത്തിൽ 2.78 കോടി വോട്ടർമാരുണ്ടെങ്കിലും, ഇവർക്കെല്ലാവർക്കും ഫോമുകൾ വിതരണം ചെയ്തിട്ടില്ല എന്നത് വലിയ വീഴ്ചയായി സർക്കാർ ചൂണ്ടിക്കാട്ടുന്നു.

ബിഎൽഒമാർ വഴി എല്ലാ വോട്ടർമാർക്കും ഫോമുകൾ എത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ, വിതരണം ചെയ്യാൻ കഴിയാത്ത ഫോമുകളുടെ വിശദാംശങ്ങൾ ഇതുവരെ പ്രസിദ്ധീകരിക്കുകയോ രാഷ്ട്രീയ കക്ഷികൾക്ക് ലഭ്യമാക്കുകയോ ചെയ്തിട്ടില്ല.

രാഷ്ട്രീയ കക്ഷികൾക്കും ഒഴിവാക്കപ്പെട്ട വോട്ടർമാർക്കും വിവരങ്ങൾ പരിശോധിച്ച് കൃത്യമായ തിരുത്തലുകൾ വരുത്തുന്നതിനായി, ഈ പട്ടിക, ബൂത്ത് അടിസ്ഥാനത്തിലും നിയമസഭാ മണ്ഡലം അടിസ്ഥാനത്തിലും അടിയന്തരമായി പ്രസിദ്ധീകരിക്കേണ്ടതുണ്ടെന്ന് കത്തിൽ പറയുന്നു.

കൂടാതെ, 2002-ൽ 18 വയസ്സിന് താഴെയായിരുന്നവരും പിന്നീട് വോട്ടവകാശത്തിന് അർഹരായവരുമായ വ്യക്തികളെ അവരുടെ ബന്ധുക്കളുമായി (നിലവിലുള്ള വോട്ടർമാർ) ബന്ധിപ്പിക്കുന്ന  'മാപ്പിങ്' പ്രക്രിയയും പൂർണ്ണമായിട്ടില്ല. ഇത്തരത്തിൽ മാപ്പ് ചെയ്യപ്പെടാത്ത വോട്ടർമാരുടെ പട്ടികയും നിയമസഭാ മണ്ഡലം അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കേണ്ടതുണ്ട്.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പട്ടികയിലുണ്ടായിരുന്ന നിരവധി പേർ പുതിയ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നും, ചില ബൂത്തുകളിൽ വോട്ടർമാരുടെ എണ്ണത്തിൽ അസാധാരണമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ കമ്മീഷനെ അറിയിച്ചു. ഉദാഹരണത്തിന്, തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ ശ്രീവരാഹം 138-ാം നമ്പർ ബൂത്തിൽ ആകെയുള്ള 1200-ൽ താഴെ വോട്ടർമാരിൽ 704 പേരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്. ഒരു ബൂത്തിൽ ഇത്രയധികം വോട്ടർമാരെ ഒഴിവാക്കുന്നത് അസ്വാഭാവികമാണെന്നും സംസ്ഥാനത്തെ മറ്റ് പല ബൂത്തുകളിലും സമാനമായ സാഹചര്യം നിലനിൽക്കാൻ സാധ്യതയുള്ളതിനാൽ ഇത് ഗൗരവമായി പരിശോധിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

ഇത്തരം പോരായ്മകൾ നിലനിൽക്കെത്തന്നെ 2025 ഡിസംബർ 18-ന് എന്യൂമറേഷൻ ഫോമുകളുടെ അപ്ഡേഷൻ നടപടികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അവസാനിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, ഫോമുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി രണ്ട് ആഴ്ചയെങ്കിലും നീട്ടി നൽകണമെന്നാണ് കേരളത്തിന്റെ പ്രധാന ആവശ്യം.

അർഹരായ എല്ലാ വോട്ടർമാരുടെയും പരാതികൾ പരിഹരിച്ച് എസ്ഐആർ നടപടികൾ കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കാൻ അനുവദിക്കണമെന്ന് സർക്കാർ അഭ്യർഥിച്ചു. കേരളത്തിലെ രാഷ്ട്രീയ കക്ഷികളും സുപ്രീം കോടതിയും ഇതേ ആവശ്യം ഉന്നയിച്ച് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.

Content Highlights: Kerala writes to the Election Commission highlighting significant flaws in the intense voter list revision (SIR) process, urging extensions and transparency.