വലനിറയെ മത്തിച്ചാകര; വില 10-ഉം 15-ഉം രൂപമാത്രം, തൊഴിലാളികളുടെ കീശ ഇപ്പോഴും കാലി

കൊല്ലം നീണ്ടകര തുറമുഖത്ത് മീൻപിടിത്തവള്ളക്കാർക്ക് ലഭിച്ച മത്തിച്ചാകര
കൊല്ലം നീണ്ടകര തുറമുഖത്ത് മീൻപിടിത്തവള്ളക്കാർക്ക് ലഭിച്ച മത്തിച്ചാകര

കൊല്ലം: മീൻ ചാകരയാണ് കേരളതീരത്തെ മീൻപിടിത്ത തുറമുഖങ്ങളിലെല്ലാം. ബോട്ട് നിറയ്ക്കുന്ന മീൻ പക്ഷേ, മത്സ്യബന്ധനത്തെ ആശ്രയിക്കുന്നവരുടെയൊന്നും കീശനിറയ്ക്കുന്നില്ലെന്നു മാത്രം. കിലോയ്ക്ക് 10-നും 15-നുമൊക്കെയാണ് മത്തി കഴിഞ്ഞദിവസങ്ങളിൽ നീണ്ടകര തുറമുഖത്തുനിന്ന് വിറ്റുപോയത്.‌

നീണ്ടകരയ്ക്കു പുറമെ തിരുവനന്തപുരം പെരുമാതുറ പോലുള്ളയിടങ്ങളിലും ബോട്ടുകൾക്കെല്ലാം ധാരാളം കരിച്ചാള കിട്ടുന്നുണ്ട്. 5,000 കിലോവരെ മത്തി കിട്ടിയാലും 50,000 മുതൽ 75,000 വരെ വിലയേ ഒരു ബോട്ടിനൊന്നാകെ ലഭിക്കൂ. ചെയ്യുന്ന അധ്വാനത്തെ അപേക്ഷിച്ച് വളരെ ചെറിയപങ്കേ ഓരോ തൊഴിലാളിക്കും ഇതിൽനിന്നു ലഭിക്കൂ. കന്നിമാസം പൊതുവെ ബോട്ടുകൾക്ക് ധാരാളം മീൻ കിട്ടുന്ന സമയമാണ്. മീൻപിടിത്തത്തിന് കടലും കാലാവസ്ഥയും ഏറ്റവും അനുകൂലമായിരിക്കും. അയലയും നെത്തോലിയും മത്തിയുമൊക്കെ യഥേഷ്ടം ലഭിക്കും. പക്ഷേ, വില കുറവാകും. രണ്ടാഴ്ച കഴിയുമ്പോഴേക്കും വില ഇപ്പോഴത്തേതിന്റെ പത്തിരട്ടിവരെയാകും. പക്ഷേ, ലഭ്യത കുറയും. ഫലത്തിൽ മീൻ കൂടിയാലും വില കൂടിയാലും മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനപ്പെടാത്ത സ്ഥിതി.

കടലിന്റെ വരുംദിവസങ്ങളിലെ സ്വഭാവം പ്രവചിക്കുക പ്രയാസമാണെന്ന് 50 വർഷത്തിലേറെയായി നീണ്ടകരയിൽനിന്ന് മത്സ്യബന്ധനത്തിനു പോകുന്ന ആനന്ദൻ പറയുന്നു. ഇപ്പോൾ കിട്ടുന്നതുപോലെ തുടർന്ന് മീൻ ലഭിച്ചേക്കില്ല. അധികമായി മീൻ ലഭിക്കുന്ന സമയത്ത് കേടാകാതെ സംഭരിച്ച് സൂക്ഷിക്കാൻ ഹാർബറുകളിൽ സംവിധാനമുണ്ടാക്കണം. അങ്ങനെചെയ്താൽ വിലയിലെയും ലഭ്യതയിലെയും അനിശ്ചിതത്വം കുറച്ചെങ്കിലും നിയന്ത്രിക്കാനാകുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

മുൻപൊക്കെ അധികമായി വരുന്ന മീൻ അതേപടി കടലിലേക്ക് തിരികെ തള്ളേണ്ട സ്ഥിതി സീസൺ സമയങ്ങളിലുണ്ടായിരുന്നു. എന്നാലിപ്പോൾ എല്ലാത്തരം മീനുമെടുക്കാൻ മീൻവള ഫാക്ടറിക്കാരുള്ളതിനാൽ അത് വേണ്ടിവരുന്നില്ല.

Content Highlights: Kerala's Fishing Boom: Abundant Catch, Declining Returns for Fishermen