മഴയും കടൽച്ചൊറിയും; ട്രോളിങ് നിരോധനം കഴിഞ്ഞിട്ടും മീൻ സമൃദ്ധിയായില്ല, മത്തിക്കും അയലയ്ക്കും തീവില

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തൃശ്ശൂർ: സംസ്ഥാനത്ത് മഴ കനത്തതോടെ വിപണിയിൽ മത്സ്യക്ഷാമം രൂക്ഷം. മത്തി, അയല ഉൾപ്പെടെയുള്ള മീനുകൾക്ക് തീവിലയാണ്. മീനുകൾ സുലഭമായി ലഭിക്കാത്തതാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു. ട്രോളിങ് നിരോധനം പിൻവലിച്ചെങ്കിലും മഴ കനത്തതും പ്രവചനാതീതമായ കാലാവസ്ഥയും പ്രതിസന്ധിക്കിടയാക്കുന്നു. തമിഴ്നാട്ടിൽനിന്നും മുനമ്പത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളിൽനിന്നും മീനുകളെത്തുന്നുണ്ടെങ്കിലും വില ഉയർന്നുനിൽക്കുകയാണ്.

കത്തിച്ചാളയ്ക്ക് 250 രൂപയും സാധാരണ മത്തിക്ക് 250 മുതൽ 280 രൂപയുമാണ് വില. കൊഴുവ, വെളൂരി തുടങ്ങിയ മീനുകൾ വിപണിയിലെത്തിക്കുന്നുണ്ട് വ്യാപാരികൾ. മഴ കുറയുന്നതോടെ കച്ചവടം സാധാരണഗതിയിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് ശക്തൻ സ്റ്റാൻഡിലെ മീൻചന്തയിലെ വിൽപ്പനക്കാരായ റാഫിയും ആന്റോയും പറയുന്നു.ട്രോളിങ് നിരോധനവും പ്രതികൂല കാലാവസ്ഥയും മൂലം കഴിഞ്ഞ ദിവസങ്ങളിൽ വിപണിയിൽ മത്തി, അയലമീനുകൾ എത്തിയിരുന്നില്ലെന്ന് മീൻവ്യാപാരി ഷാൻസിൽ പറയുന്നു. മത്സ്യബന്ധനത്തിനിറങ്ങാത്തതുമൂലം വലിയ മീനുകളും വിപണിയിൽ കിട്ടാക്കനിയാണ്.

തമിഴ്നാട്ടിൽനിന്നെത്തുന്ന വറ്റയും ചെറിയ ചെമ്മീനും ചെമ്പല്ലിയുമാണ് വിപണിയെ താങ്ങിനിർത്തുന്നത്. കടലിലെ താപനില വർധിച്ചതുമൂലം മത്തി, അയല എന്നിവ കേരളതീരം വിട്ടുപോകുന്ന സാഹചര്യവും നിലവിലുണ്ട്. മീനിന് പകരം മറ്റ് വഴികൾ തേടേണ്ടിവരുന്നതായി മീൻ വാങ്ങെനെത്തുന്നവരും പറയുന്നു. ചാവക്കാട് മേഖലകളിൽ മൂന്നുദിവസം ശക്തമായ കടലും കാറ്റും കാരണം മത്സ്യത്തൊഴിലാളികൾ കടലിലിറങ്ങിയിരുന്നില്ല. വല നിറയെ കടൽച്ചൊറി (ജെല്ലി ഫിഷ്) കിട്ടുന്നതും മത്സ്യത്തൊഴിലാളികൾക്കു ദുരിതം തീർക്കുന്നു. വലയിൽ കുടുങ്ങിയവയെ ഒഴിവാക്കുന്നതിനിെട വലയിലെ മീനുകൾ നഷ്ടപ്പെടുന്നു.

കൂടാതെ കടൽച്ചൊറിയുമായി ചേർന്നുകിടക്കുന്ന മീൻ എളുപ്പത്തിൽ കേടാവുന്ന സ്ഥിതിയുമുണ്ട്. അഴീക്കോട് തീരത്ത് സ്ഥിതി അല്പം ഭേദമാണ്. മൂന്നുദിവസംമുമ്പ് കടലിലിറങ്ങിയ വള്ളങ്ങൾക്ക് മീനുകൾ ലഭിച്ചു. ചെറിയതോതിൽ കിളിമീൻ, കണവ എന്നിവയും ലഭിച്ചുതുടങ്ങി.

Content Highlights: Severe fish shortage and price hike across Kerala markets due to heavy rains., Sardine (Mathi) and Mackerel (Ayala) prices have spiked up to Rs. 250-280 per kg., Unfavorable weather, sea temperature rise, and jellyfish menace disrupt traditional fishing., Traders expect market conditions to stabilize once rainfall decreases.