കേരളത്തിൽ ഫാക്ടറികളും തൊഴിലവസരവും കുറയുന്നു; നിക്ഷേപകർ മറ്റ് സംസ്ഥാനങ്ങളിലേക്ക്, ഗൗരവതരമെന്ന് മുന്നറിയിപ്പ്

#അജ്മൽ എൻ.എസ്.
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

തിരുവനന്തപുരം: രാജ്യത്തെ ഫാക്ടറി മേഖലയിലെ തൊഴിലവസരങ്ങൾ വർധിക്കുമ്പോൾ കേരളത്തിൽ ഫാക്ടറികളുടെ എണ്ണവും തൊഴിലാളികളുടെ എണ്ണവും കുറയുകയാണ്. ഒരുവർഷത്തിനിടെ സംസ്ഥാനത്തെ ഫാക്ടറി മേഖലയിലെ തൊഴിൽ 6.6 ശതമാനം ഇടിഞ്ഞുവെന്നാണ് കേന്ദ്ര സർക്കാരിന്റെ 2024-25 ലെ വാർഷിക വ്യവസായ സർവേയിലെ (എഎസ്ഐ) കണക്കുകൾ വ്യക്തമാക്കുന്നത്.

സംസ്ഥാനങ്ങളിൽ ഏറ്റവുംവലിയ തൊഴിൽ ഇടിവാണിത്. 23,632 തൊഴിലവസരങ്ങളുടെ കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ദേശീയതലത്തിൽ ഇതേ കാലയളവിൽ ഫാക്ടറി തൊഴിൽ 7.2 ശതമാനം വർധിച്ചപ്പോഴാണ് കേരളത്തിൽ ഇത്രയും വലിയ ഇടിവുണ്ടായത്.

ഫാക്ടറികളുടെ എണ്ണം കുറയുന്നതും സംസ്ഥാനത്ത് ആശങ്കയാകുന്നുണ്ട്. മൂന്ന് വർഷത്തിനിടെ 215 ഫാക്ടറികളുടെ കുറവുണ്ടായി. 2021-22ൽ സംസ്ഥാനത്ത് 7,712 രജിസ്റ്റർ ചെയ്ത ഫാക്ടറികളുണ്ടായിരുന്നെങ്കിൽ 2024-25ൽ ഇത് 7,497 ആയി കുറഞ്ഞു. ഇതേ കാലയളവിൽ രാജ്യത്ത് ഫാക്ടറികളുടെ എണ്ണം 16,944 വർധിച്ച് 2,66,931 ആയി എന്നത് ശ്രദ്ധേയമാണ്. കേരളത്തിലെ ഫാക്ടറി മേഖലയിലെ തൊഴിലവസരങ്ങൾ കുറയുന്നതിന് പ്രധാന കാരണങ്ങളിലൊന്ന് അയൽസംസ്ഥാനങ്ങളുമായുള്ള മത്സരക്ഷമതയിലെ ഇടിവാണെന്ന് തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ് ഡയറക്ടർ പ്രൊഫ. സി. വീരമണി മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു. തൊഴിലാളികളുടെ എണ്ണം കുറയുന്നത് ഗൗരവത്തോടെ കാണണമെന്നും ഇതിനെ നിരവധി ഘടകങ്ങൾ സ്വാധീനിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു:

'കേരളത്തിലെ ഫാക്ടറി മേഖലയിലെ തൊഴിലവസരങ്ങൾ കുറയുന്നതിന് പ്രധാന കാരണങ്ങളിലൊന്ന് അയൽസംസ്ഥാനങ്ങളുമായുള്ള മത്സരക്ഷമതയിലെ ഇടിവാണ്. തമിഴ്നാട്, തെലങ്കാന, കർണാടക തുടങ്ങിയ അയൽസംസ്ഥാനങ്ങളിൽ വ്യാവസായിക ഉൽപ്പാദനം വർധിച്ചുവരികയാണ്.

കേരളത്തിലെ കൂലിനിരക്ക് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. തൊഴിൽസാന്ദ്രമായ പരമ്പരാഗത വ്യവസായങ്ങളിൽ കേരളത്തിന് മുമ്പുണ്ടായിരുന്ന മേൽക്കൈ ക്രമേണ കുറഞ്ഞുവരികയാണ്. ഭക്ഷ്യസംസ്കരണം, സമുദ്രോൽപ്പന്ന സംസ്കരണം, കശുവണ്ടി വ്യവസായം തുടങ്ങിയ മേഖലകളെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. ഈ വ്യവസായങ്ങളിൽ ഉൽപ്പന്നങ്ങളുടെ മൂല്യവർധനയ്ക്കും കൂടുതൽ സംസ്കരണ പ്രവർത്തനങ്ങൾക്കും ആവശ്യമായ തോതിൽ പ്രാധാന്യം നൽകാൻ കഴിയാത്തതും ഒരു പ്രശ്നമാണ്.

മറ്റ് സംസ്ഥാനങ്ങളിൽ വലിയ തോതിലുള്ള ഉൽപ്പാദനവും മെച്ചപ്പെട്ട സാങ്കേതികവിദ്യയും ആധുനിക യന്ത്രസാമഗ്രികളും ഉപയോഗിച്ച് സംസ്കരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടത്താൻ കഴിയുന്നുണ്ട്. ഇത് ഉൽപ്പാദനച്ചെലവ് കുറയ്ക്കാനും മത്സരക്ഷമത വർധിപ്പിക്കാനും അവിടത്തെ വ്യവസായങ്ങളെ സഹായിക്കുന്നു. കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങൾക്ക് ഈ നേട്ടം നിലനിർത്താൻ കഴിയാതെ വരുമ്പോൾ, പുതിയ നിക്ഷേപങ്ങൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകാനും നിലവിലുള്ള വ്യവസായങ്ങൾ അവിടങ്ങളിലേക്ക് മാറാനുമുള്ള സാധ്യതയുണ്ട്.

കേരളത്തിൽ പുതിയ ഫാക്ടറികൾ ആരംഭിക്കുന്നതിലും നിലവിലുള്ള ഫാക്ടറികളുടെ പ്രവർത്തനം വിപുലീകരിക്കുന്നതിലും പരിമിതികൾ ഉണ്ടാകാം. പുതിയ നിക്ഷേപങ്ങൾ എത്താത്തതും നിലവിലുള്ള സ്ഥാപനങ്ങളിൽ തൊഴിലവസരങ്ങൾ വർധിക്കാത്തതും ഫാക്ടറി മേഖലയിലെ തൊഴിൽ വളർച്ചയെ ബാധിച്ചേക്കാം. അതിനാൽ തൊഴിലവസരങ്ങളിലെ കുറവ് വിലയിരുത്തുമ്പോൾ നിലവിലുള്ള വ്യവസായങ്ങളുടെ വളർച്ചയും പുതിയ നിക്ഷേപങ്ങളുടെ വരവും ഒരുപോലെ പരിശോധിക്കേണ്ടതുണ്ട്.

കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളിൽ പലതും കയറ്റുമതി സാധ്യതയുള്ള മേഖലകളാണ്. സുഗന്ധവ്യഞ്ജനങ്ങൾ, സമുദ്രോൽപ്പന്നങ്ങൾ, ഭക്ഷ്യസംസ്കരണ ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് വിദേശവിപണികളിൽ അവസരങ്ങളുണ്ട്. എന്നാൽ, തുറമുഖ സൗകര്യങ്ങൾമാത്രം ഉണ്ടായതുകൊണ്ട് കയറ്റുമതി വർധിപ്പിക്കാൻ കഴിയില്ല. ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങളും മറ്റ് താരിഫ് ഇതര നിയന്ത്രണങ്ങളും പാലിക്കേണ്ടതുണ്ട്. അതിനാവശ്യമായ സാങ്കേതികവിദ്യയും മാനേജ്മെന്റ് വൈദഗ്ധ്യവും ഉൽപ്പാദനശേഷിയും കേരളത്തിലെ വ്യവസായങ്ങൾക്കുണ്ടോ എന്നതും പ്രധാനമാണ്.

അന്താരാഷ്ട്ര വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ച് ഉൽപ്പന്നങ്ങൾ നിർമിക്കാനും സംസ്കരിക്കാനും കഴിയാത്തപക്ഷം കയറ്റുമതിയിലൂടെ വളർച്ച നേടുന്നത് പ്രയാസകരമാകും. അത്തരം സാഹചര്യങ്ങളിൽ വ്യവസായങ്ങൾ ആഭ്യന്തര വിപണിയെമാത്രം ആശ്രയിക്കേണ്ടിവരും. ഇത് ഉൽപ്പാദനവളർച്ചയ്ക്കും തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും പരിധികൾ സൃഷ്ടിച്ചേക്കാം.

അതേസമയം, ഫാക്ടറി മേഖലയിലെ തൊഴിൽക്കുറവിന് സാങ്കേതികവിദ്യയും യന്ത്രവൽക്കരണവും മാത്രമാണ് കാരണമെന്ന് പറയാനാകില്ല. പുതിയ യന്ത്രങ്ങൾ വരുമ്പോൾ ചില ജോലികളിൽ തൊഴിലാളികളുടെ ആവശ്യം കുറയാമെങ്കിലും, അത്തരമൊരു പ്രവണത രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും പ്രതിഫലിക്കേണ്ടതാണ്. എന്നാൽ, ലഭ്യമായ കണക്കുകൾ പ്രകാരം ഇന്ത്യയുടെ മൊത്തത്തിലുള്ള ഫാക്ടറി മേഖലയിലും അയൽസംസ്ഥാനങ്ങളിലും തൊഴിലവസരങ്ങൾ വർധിക്കുന്നതായിരിക്കെ കേരളത്തിൽമാത്രം കുറവുണ്ടാകുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

അതിനാൽ കേരളത്തിലെ ഫാക്ടറി മേഖലയിലെ തൊഴിലവസരങ്ങൾ കുറയുന്നതിന് പിന്നിൽ സാങ്കേതികവിദ്യയുടെ സ്വാധീനം മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളുമായുള്ള മത്സരക്ഷമത, ഉൽപ്പാദനത്തിന്റെ തോത്, കൂലിനിരക്ക്, മൂല്യവർധിത സംസ്കരണത്തിന്റെ പരിമിതി, കയറ്റുമതി വിപണികളിലെത്താനുള്ള ശേഷി, പുതിയ നിക്ഷേപങ്ങളുടെ വരവ് തുടങ്ങിയ ഘടകങ്ങളും പരിശോധിക്കേണ്ടതുണ്ട്', പ്രൊഫ. സി. വീരമണി പറഞ്ഞു.