220 ദിവസത്തിനുള്ളില്‍ 25,000 എഴുന്നള്ളിപ്പ്, ആകെ നാട്ടാനകള്‍ 390; ഒരു ചടങ്ങില്‍ 100 ആനവരെ

കോട്ടയം: സംസ്ഥാനത്ത് ആനകളെ ഉപയോഗിക്കുന്ന 25,000 എഴുന്നള്ളിപ്പുകൾ ഉണ്ടെന്നാണ് കണക്ക്. അതിൽ 8000 ഇടത്ത് കൂടുതൽ ആനകളെ ഉപയോഗിക്കുന്ന വലിയ ചടങ്ങുകൾ ഉണ്ട്. 17,000 ചെറിയ ആഘോഷച്ചടങ്ങുകളും ഉണ്ട്. സംസ്ഥാനത്ത് നാട്ടാനകൾ 390 എണ്ണമാണുള്ളത്. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട അമിക്കസ് ക്യൂറി മാർഗനിർദേശങ്ങൾ എഴുന്നള്ളിപ്പുകളെ എങ്ങനെ ബാധിക്കുമെന്ന ചർച്ച സജീവം.
നിർദേശങ്ങളും കണ്ടെത്തേണ്ട ഉത്തരങ്ങളും
• നംവബർ മുതൽ മേയ് വരെയാണ് 25,000 ചടങ്ങുകൾ നടക്കുക. അതായത് 210-220 ദിവസംകൊണ്ട് ഇത്രയേറെ എഴുന്നള്ളിപ്പുകൾ.
• 390 നാട്ടാനകൾ ഉള്ളതിൽ 30-50 എണ്ണം ഇക്കാലത്ത് മദപ്പാടിലാകും. 330 എണ്ണത്തിനെ മാത്രമേ എഴുന്നെള്ളത്തിന് ഉപയോഗിക്കാനാകൂ. ദിവസം 120 ഉത്സവം ഉണ്ടെങ്കിൽ രണ്ടോ മൂന്നോ എണ്ണത്തിനെ മാത്രമേ എഴുന്നെള്ളത്തിന് ഒരിടത്ത് കിട്ടൂ. അഞ്ചും ഏഴും ആനകളെ ഉപയോഗിക്കുന്ന ഇടത്ത് ഇതോടെ പ്രതിസന്ധിയുണ്ട്. 100 ആനകളെ വരെ എഴുന്നെള്ളിപ്പിക്കുന്ന ഉത്സവം കേരളത്തിലുണ്ട്
• ആനകളെ ദിവസം 100 കിലോമീറ്ററിൽ അധികം വാഹനത്തിൽ കൊണ്ടുപോകരുതെന്ന നിർദേശം അവയുടെ ആരോഗ്യത്തിന് നല്ലതാണ്. ഇതരസംസ്ഥാനങ്ങളിൽനിന്ന് ആനയെ വാങ്ങിക്കൊണ്ടുവരാൻ നിലവിൽ നിയമ പ്രതിസന്ധിയുണ്ട്. 2012-നുശേഷം സംസ്ഥാനത്ത് പുതിയ ആനകൾ വന്നിട്ടില്ല
• തൃശ്ശൂർപ്പൂരം പോലുള്ള ചടങ്ങുകൾക്ക് ആനകൾക്ക് വിശ്രമം കൊടുത്ത് വ്യത്യസ്ത എഴുന്നള്ളത്തുകൾക്ക് വെവ്വേറെ ആനകളെ ഉപയോഗിക്കാനാകും. എന്നാൽ, ഇതിന് ചെലവേറും. എല്ലാ ഉത്സവങ്ങളിലും ഇത് സാധ്യമല്ല. രണ്ട് എഴുന്നള്ളിപ്പുകൾക്കിടയിൽ 24 മണിക്കൂർ എന്ന ഇടവേള പാലിക്കാൻ കഴിയുമോ എന്നതും സംശയമാണ്
• ആനകൾ കുറഞ്ഞതുകൊണ്ട് ഏക്കത്തുക കൂടിയിട്ടുണ്ട്. ശരാശരി രണ്ട് ലക്ഷം രൂപ വരെയായി ഇത്
• ഉത്സവങ്ങൾക്കു മാത്രമേ ആനകളെ ഉപയോഗിക്കാനാകൂ എന്ന ചട്ടം വന്നാൽ ഉത്സവകാലത്ത് കിട്ടുന്ന പണംകൊണ്ടു വേണം ബാക്കിയുള്ള മാസങ്ങൾ ആനയെ പോറ്റാൻ. ആനയുടെ ഒരു ദിവസത്തെ ഭക്ഷണമുൾപ്പെടെയുള്ള ചെലവ് 10,000 രൂപയെങ്കിലും വരുമെന്ന് ആനയുടമാ ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് രാജേഷ് പല്ലാട്ട് പറയുന്നു.
സംസ്ഥാനത്തെ ഉത്സവങ്ങൾ നാലു ലക്ഷം പേരുടെയെങ്കിലും ജീവിതമാർഗമാണെന്ന് ഉത്സവനിരൂപകനായ വിനോദ് കണ്ടെംകാവിൽ പറഞ്ഞു. ആനകളുടെ ആരോഗ്യം ഉറപ്പാക്കേണ്ടതാണ്. ആവശ്യത്തിന് ആനകളെ എത്തിച്ചാൽ കുറവ് പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Lack of elephants in Kerala for ceremonial procession