78 സീറ്റുകൾ നേടുമെന്ന് CPM, 80 ഉറപ്പിച്ച് കോൺഗ്രസ്; പ്രതീക്ഷയോടെ എൻഡിഎയും, ആരുടെ കണക്കുതെറ്റും ?

#ബിജു പരവത്ത്
പിണറായി വിജയൻ, വി.ഡി. സതീശൻ, രാജീവ് ചന്ദ്രശേഖർ | Photo: Mathrubhumi
പിണറായി വിജയൻ, വി.ഡി. സതീശൻ, രാജീവ് ചന്ദ്രശേഖർ | Photo: Mathrubhumi

തിരുവനന്തപുരം: വോട്ടെണ്ണാൻ ആറുദിവസംമാത്രം ശേഷിക്കേ, വിജയപ്രതീക്ഷയുടെ കൊടുമുടിയിലാണ് എൽ.ഡി.എഫും യു.ഡി.എഫും. രണ്ടുമുന്നണികൾക്കും ഭൂരിപക്ഷം ലഭിക്കാതെ തൂക്കുസഭയുടെ സാധ്യതയിലേക്കെത്തുന്ന വിജയം എൻ.ഡി.എ.ക്കുണ്ടാകുമെന്നാണ് അവരുടെ പ്രതീക്ഷ. 78 സീറ്റുകളിൽ വിജയം തീർച്ചയെന്ന് സി.പി.എമ്മും എത്രകുറച്ചാലും 80 ഉറപ്പിച്ച് കോൺഗ്രസും ആത്മവിശ്വാസത്തിലാണ്.

ഭരണത്തുടർച്ചയില്ലാതാക്കുന്ന സ്ഥിതിയൊന്നുമില്ലെന്നാണ് വോട്ടെടുപ്പിന്റെ തൊട്ടുപിന്നാലെ നടത്തിയ പ്രാഥമിക വിലയിരുത്തലിൽ സി.പി.എം. സംസ്ഥാനസെക്രട്ടറിയേറ്റ് എത്തിയത്. ജില്ലകളിൽനിന്നുള്ള കണക്ക് പരിശോധിച്ചശേഷം 78 സീറ്റ് പാർട്ടി ഉറപ്പിച്ചു. എല്ലാ ജില്ലകളിലും സീറ്റുകളിൽ കുറവുണ്ടായേക്കും. 2016-ലെയും 2021-ലെയും സീറ്റുകൾ ഇത്തവണ നേടാൻ കഴിഞ്ഞെന്നുവരില്ല. നിലവിൽ 98 സീറ്റാണുള്ളത്. മുസ്‌ലിംവോട്ടുകൾ യു.ഡി.എഫിന് അനുകൂലമായി മാറിയിട്ടുണ്ട്. എന്നാൽ, ഈഴവവോട്ടുകൾ ഒന്നടങ്കം എൽ.ഡി.എഫിന് അനുകൂലമാണ്. ഇങ്ങനെയാണ് മൂന്നാംഭരണം ഉറപ്പാണെന്ന നിഗമനത്തിൽ സി.പി.എം. എത്തുന്നത്. എല്ലാ ജില്ലകളിലും യു.ഡി.എഫിന് അനുകൂലമായ തരംഗമുണ്ടെന്നാണ് കോൺഗ്രസിന്റെയും ലീഗിന്റെയും കണക്കുകൂട്ടൽ. 80 സീറ്റ് ഉറപ്പാണ്. അതുകൂടാതെ, 15 സീറ്റ് നിർണയിക്കാനാവാത്തവിധം കടുത്തതാണ്. ന്യൂനപക്ഷം നല്ലരീതിയിൽ യു.ഡി.എഫിനൊപ്പമായിരുന്നു. കൊല്ലം ജില്ലയിലടക്കം ഈഴവവോട്ടുകൾ പതിവില്ലാത്തവിധം യു.ഡി.എഫിനെ പിന്തുണച്ചിട്ടുണ്ട്.

നാലുജില്ലകളിൽ ഇടതുപക്ഷം തൂത്തെറിയപ്പെടും. ഇതൊക്കെയാണ് കോൺഗ്രസിന്റെ കണക്കുകൾ. ഭൂരിപക്ഷം ഉറപ്പാകുമെന്ന് സംശയമില്ലാത്ത അവസ്ഥയിലെത്തിയതോടെയാണ്, മുഖ്യമന്ത്രിപദത്തെക്കുറിച്ചുള്ള ചർച്ചകൾക്കും ആക്കംകൂടിയത്. നാലുസീറ്റിൽ ഉറപ്പായും വിജയിക്കാനാകുമെന്നതാണ് എൻ.ഡി.എ. കരുതുന്നത്. യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും സീറ്റുകൾ 68-ൽ മുട്ടിനിന്നാൽ, എൻ.ഡി.എ. വിധിനിർണായകമായ ശക്തിയാകുമെന്നാണ് അവകാശവാദം.

യുവവോട്ടുകൾ നിർണായകമായ തിരഞ്ഞെടുപ്പാണ് കഴിഞ്ഞത് എന്നതിൽ തർക്കമില്ല. അവരുടെ വോട്ടുകളാകും മുന്നണികളെ തുണയ്ക്കുന്നതും തകർക്കുന്നതും.

Content Highlights: LDF expects 78 seats, citing strong support from Ezhava votes despite Muslim vote shifts., UDF projects 80 seats, banking on minority support and unexpected Ezhava vote turnout., NDA hopes for a kingmaker position if the main fronts fail to secure a majority., Youth votes are considered the decisive factor in the 2026 election outcome., Vote counting is scheduled to take place in six days.