ഷിഫ്റ്റായി ക്ലാസുകൾ, ക്ലാസ് മുറികൾ വിഭജിക്കും; ആക്സിലറേറ്റഡ് ഡിഗ്രി, ഫ്ളെക്സിബിളായി ബിരുദം നേടാം; പുതിയ പരിഷ്കാരങ്ങൾ

തിരുവനന്തപുരം: നാലാം വർഷ ബിരുദത്തിന്റെ നിലവിലുള്ള ഘടനയിൽ മാറ്റങ്ങൾ നിർദേശിച്ച് കേരള ഉന്നതവിദ്യാഭ്യാസ കൗൺസിൽ നിയോഗിച്ച അവലോകന സമിതിയുടെ കരട് റിപ്പോർട്ട്. മൂന്നുവർഷം പൂർത്തിയാക്കിയ വിദ്യാർഥികൾ ഏഴാം സെമസ്റ്ററിലേക്ക് കടക്കുമ്പോൾ ഉണ്ടാകുന്ന പ്രയാസങ്ങൾ മറികടക്കുന്നതിനുള്ള നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. രാവിലെയും ഉച്ചകഴിഞ്ഞും രണ്ട് ഷിഫ്റ്റായി ക്ലാസുകൾ നടത്തുക, കോളേജുകളിലെ വലിയ ഹാളുകൾ രണ്ടായി വിഭജിച്ച് ക്ലാസ് മുറികൾ ക്രമികരിക്കുക, ഗസ്റ്റ് അധ്യാപകരെ നിയമിക്കുക തുടങ്ങിയ നിർദേശങ്ങളുമുണ്ട്.
കാര്യവട്ടം ഗവ. കോളേജിലെ പ്രൊഫ. ഡോ. ഗ്ലാഡ്സ്റ്റൺ രാജ് എസ്. ചെയർമാനും ഉന്നതവിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി പ്രൊഫ. ഡോ. ആബിദ ഫാറൂഖി കൺവീനറുമായ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ജൂലൈ ഒന്നുമുതൽ ഒക്ടോബർ 31 വരെ സംസ്ഥാനത്തെ 30 സർവ്വകലാശാലകളിലും കോളേജുകളിലും നടത്തിയ നേരിട്ടുള്ള പരിശോധനകൾക്കും ചർച്ചകൾക്കും ശേഷമാണ് റിപ്പോർട്ട് കൗൺസിലിന് സമർപ്പിച്ചത്.
നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ പേര് 'ഫ്ലക്സിബിൾ ഗ്രാജ്വേറ്റ് പ്രോഗ്രാം' (എഫ്.ജി.പി) എന്നാക്കി മാറ്റാനും, ആകെ ക്രെഡിറ്റുകൾ 132, 176 എന്നിങ്ങനെ ഏകീകരിക്കാനും, പഠനമികവുള്ളവർക്ക് വേഗത്തിൽ ബിരുദം പൂർത്തിയാക്കാൻ 'ആക്സിലറേറ്റഡ് ഡിഗ്രി' (എ.ഡിപി) നടപ്പാക്കാനും റിപ്പോർട്ടിൽ നിർദേശമുണ്ട്. മൂന്നാം വർഷം പഠനം നിർത്തി പുറത്തുപോകുന്നവർക്കും നാലാം വർഷം പി.ജിയിലേക്ക് കടക്കുന്നവർക്കും ഇടയിൽ 'നാലുവർഷ ബിരുദം' എന്ന പേര് വലിയ ആശയക്കുഴപ്പം ഉണ്ടാക്കുന്നതിനാലാണ് എഫ്.ജി.പി എന്ന പുതിയ പേര് നിർദ്ദേശിക്കുന്നത്.
യു.ജി.സിയുടെ 50 ശതമാനം മേജർ ക്രെഡിറ്റ് നിബന്ധനയുമായി പൊരുത്തപ്പെടാൻ മൂന്ന് വർഷ ബിരുദത്തിന്റെ ക്രെഡിറ്റ് 133-ൽ നിന്ന് 132 ആയും, നാലുവർഷ ഓണേഴ്സിന്റേത് 177-ൽ നിന്ന് 176 ആയും കുറയ്ക്കും. ഇതോടെ എല്ലാ സെമസ്റ്ററിലും ശരാശരി 22 ക്രെഡിറ്റ് വീതം തുല്യമായി വിഭജിക്കാനാകും.
മൈനർ വിഷയങ്ങളിൽ ഇളവ്
കോളേജുകളിൽ സൗകര്യമില്ലാത്തതിനാൽ താല്പര്യമില്ലാത്ത മൈനർ വിഷയങ്ങൾ നിർബന്ധമായി പഠിക്കേണ്ടിവരുന്നത് ഒഴിവാക്കാൻ, സിംഗിൾ മേജർ എടുക്കുന്നവർക്ക് 12 ക്രെഡിറ്റ് മൈനർ മാത്രം മതിയെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. മൈനർ വിഷയങ്ങൾ ആദ്യ മൂന്ന് സെമസ്റ്ററുകളിൽ ഒതുക്കാതെ ഒന്നുമുതൽ എട്ട് വരെയുള്ള സെമസ്റ്ററുകളിലേക്ക് വ്യാപിപ്പിക്കാം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, ഫിൻടെക്, സൈബർ സെക്യൂരിറ്റി തുടങ്ങിയ നൂതന വിഷയങ്ങൾ പഠിപ്പിക്കാൻ കോളേജുകളിൽ ഒരൊറ്റ അധ്യാപക തസ്തിക മാത്രമുള്ള ഡിപ്പാർട്ട്മെന്റുകൾ അനുവദിക്കണമെന്നും സമിതി നിർദ്ദേശമുണ്ട്.
വേഗത്തിലും സാവധാനത്തിലും ബിരുദം നേടാം
പഠനമികവുള്ള 10 ശതമാനം വിദ്യാർത്ഥികൾക്ക് സെമസ്റ്ററിൽ പരമാവധി 27 ക്രെഡിറ്റ് വരെ നേടി, മൂന്നുവർഷ ബിരുദം അഞ്ച് സെമസ്റ്ററുകൊണ്ടും, നാലുവർഷ ബിരുദം 6-7 സെമസ്റ്ററുകൾകൊണ്ടും പൂർത്തിയാക്കാൻ ആക്സിലറേറ്റഡ് ഡിഗ്രി പ്രോഗ്രാം വഴി സാധിക്കും.
പഠനഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് സെമസ്റ്ററിൽ കുറഞ്ഞത് 18 ക്രെഡിറ്റ് എടുത്ത് രണ്ട് സെമസ്റ്റർ വരെ അധിക സമയമെടുക്കുന്ന എക്സ്റ്റൻഡഡ് ഡിഗ്രി പ്രോഗ്രാമും നിർദ്ദേശിച്ചിട്ടുണ്ട്. എട്ട് ആഴ്ചത്തെ വേനലവധിയിൽ ഫാസ്റ്റ് ട്രാക്ക് കോഴ്സുകൾ വഴി അധിക ക്രെഡിറ്റുകൾ നേടാനും തോറ്റ വിഷയങ്ങൾ എഴുതിയെടുക്കാനും സൗകര്യമൊരുക്കും. വിദ്യാർത്ഥികൾക്ക് തുടർച്ചയായി മൂന്നുവർഷം വരെ പഠന ഇടവേള എടുക്കാനും ഏഴ് വർഷത്തിനുള്ളിൽ ബിരുദം പൂർത്തിയാക്കാനും ഏകീകൃത നിയമം കൊണ്ടുവരണം.
വ്യത്യസ്ത പരീക്ഷാ സമയക്രമങ്ങൾ ഒഴിവാക്കി എല്ലാ വിഷയങ്ങൾക്കും കൂൾ-ഓഫ് ടൈം ഉൾപ്പെടെ രണ്ടുമണിക്കൂർ ദൈർഘ്യമുള്ള 60 മാർക്കിന്റെ ഏകീകൃത എഴുത്തുപരീക്ഷ നടപ്പാക്കണം. പരീക്ഷ കഴിഞ്ഞ് 30 ദിവസത്തിനകം ഫലപ്രഖ്യാപനവും 45 ദിവസത്തിനകം സപ്ലിമെന്ററി പരീക്ഷയും 20 ദിവസത്തിനകം പുനർമൂല്യനിർണയ ഫലവും പ്രസിദ്ധീകരിക്കണം. ഫലം വന്ന് 10 ദിവസത്തിനകം ഡിജിലോക്കർ വഴി പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ നൽകണമെന്നും റിപ്പോർട്ടിലുണ്ട്.
നാലാം വർഷം ഷിഫ്റ്റ് സമ്പ്രദായം
ഓണേഴ്സ് വിത്ത് റിസർച്ച് സീറ്റുകളിൽ 60 ശതമാനം അതത് കോളേജിലെ വിദ്യാർത്ഥികൾക്കും 40 ശതമാനം മറ്റ് കോളേജുകളിൽനിന്നുള്ളവർക്കും നൽകണം. ഒരു ഗൈഡിന് കീഴിൽ പരമാവധി അഞ്ച് വിദ്യാർത്ഥികളെ മാത്രമേ അനുവദിക്കാവൂ. അധ്യാപകരുടെ പൊതുസ്ഥലംമാറ്റം ഏപ്രിൽ മാസത്തോടെ പൂർത്തിയാക്കണം.
ക്ലാസ് മുറികളുടെ ക്ഷാമം പരിഹരിക്കാൻ വലിയ ഹാളുകൾ അക്കൗസ്റ്റിക് പാർട്ടീഷനുകൾ ഉപയോഗിച്ച് വിഭജിക്കാനും രാവിലെ എട്ടുമുതൽ 1.30 വരെയും ഉച്ചയ്ക്ക് 12 മുതൽ 5.30 വരെയും രണ്ട് ഷിഫ്റ്റുകളായി ക്ലാസുകൾ നടത്താനും നിർദ്ദേശമുണ്ട്. നാലാം വർഷ ക്ലാസുകൾക്കായി 2028 വരെ കാത്തുനിൽക്കാതെ അധിക ഗസ്റ്റ് അധ്യാപകരെ നിയമിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
കോളേജുകളിലെ അധ്യാപകരുടെ കുറവ് പരിഹരിക്കുന്നതിനും പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള വിഷയങ്ങൾ പഠിപ്പിക്കുന്നതിനും ഗവേഷണ പ്രവർത്തനങ്ങൾക്കുമായി വിരമിച്ച പ്രൊഫസർമാരെ നിയമിക്കാമെന്നും സമിതി ശുപാർശ ചെയ്യുന്നു.
പ്രാക്ടിക്കൽ പരീക്ഷാ നടത്തിപ്പിന് മറ്റ് കോളേജുകളിൽനിന്നുള്ള എക്സ്റ്റേണൽ എക്സാമിനർമാരെ നിയമിക്കുന്ന രീതി പുനഃസ്ഥാപിക്കണമെന്നും സമിതി ശുപാർശ ചെയ്യുന്നു. നിലവിലുള്ള അധ്യാപകരുടെ പതിവ് ക്ലാസുകൾ തടസ്സപ്പെടാതിരിക്കാൻ ആവശ്യമെങ്കിൽ വിരമിച്ച അധ്യാപകരുടെ സേവനം എക്സ്റ്റേണൽ എക്സാമിനർമാരായി ഉപയോഗിക്കാമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
Content Highlights: Kerala education council proposes flexible degree programs and accelerated options to enhance student experience and align with UGC credit requirements.