വിജിലൻസ് റിപ്പോർട്ട് മുക്കാൻ ഇനി പറ്റില്ല; ടൈംടേബിൾ തയ്യാറാക്കി ഹൈക്കോടതി

#ജി. രാജേഷ് കുമാർ
കേരള ഹൈക്കോടതി |ഫോട്ടോ:മാതൃഭൂമി
കേരള ഹൈക്കോടതി |ഫോട്ടോ:മാതൃഭൂമി

പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിലെ ക്രമക്കേടുകൾ ദേവസ്വം വിജിലൻസ് കണ്ടെത്തി നടപടി ശുപാർശചെയ്തിട്ടും ഫലമില്ലാതെപോകുന്ന സ്ഥിതി മാറുന്നു. വിജിലൻസ് നടപടികൾക്ക് എന്തുസംഭവിക്കുന്നു എന്നറിയാനുള്ള സംവിധാനം ഹൈക്കോടതി ഏർപ്പെടുത്തി. ജസ്റ്റിസ് വി. രാജാ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും അടങ്ങിയ ദേവസ്വം ബെഞ്ചിന്റേതാണ് ഇടപെടൽ. വിജിലൻസ് ശുപാർശകളിൽ ബോർഡ് എന്തു നടപടിയെടുത്തെന്ന് ഹൈക്കോടതിയെ അറിയിക്കാനാണ് നിർദേശം.

ശബരിമലയിൽ ഹൈക്കോടതി നിയോഗിച്ചിരിക്കുന്ന ‌സ്പെഷ്യൽ കമ്മ‌ിഷണറുടെ സേവനം ഇതിന് ഉപയോഗപ്പെടുത്തും.

വിജിലൻസ് റിപ്പോർട്ടുകൾ ഒരു വർഷം നാലുതവണ

വിജിലൻസ് എസ്.പി. വർഷത്തിൽ നാലുതവണ ക്ഷേത്രങ്ങളിൽ പരിശോധന നടത്തി ദേവസ്വം ബോർഡിന് റിപ്പോർട്ട് നൽകണം. ഓരോ പാദവും അവസാനിച്ച് ഏഴാംദിവസം ദേവസ്വം ബോർഡ് പ്രസിഡന്റിന് റിപ്പോർട്ട് കൈമാറണം.

ക്രമക്കേടുകൾ, അനധികൃതമായി ജോലിക്ക് ഹാജരാകാതിരിക്കൽ അടക്കമുള്ള കാര്യങ്ങളും പരാതികളുമെല്ലാം പരിശോധിക്കണം. റിപ്പോർട്ട് ഒരുമാസത്തിനകം ബോർഡ് പരിശോധിച്ച് വൈകാതെ തുടർനടപടി വിവരം സ്പെഷ്യൽ കമ്മിഷണറെ അറിയിക്കണം. നടപടിയെടുത്തതിന്റെ റിപ്പോർട്ടിനൊപ്പം സ്‌പെഷ്യൽ കമ്മിഷണർ അദ്ദേഹത്തിന്റെ റിപ്പോർട്ടും ചേർത്ത് ദേവസ്വം ബെഞ്ചിന് കൈമാറും. മേയ്, ഓഗസ്റ്റ്, നവംബർ, ഫെബ്രുവരി എന്നീ മാസങ്ങളുടെ മധ്യത്തിൽ ബെഞ്ച് ഇവ പരിഗണിക്കും.

നടപടിയില്ലാതെപോയ വിജിലൻസ് റിപ്പോർട്ടുകൾ

*ശബരിമല സ്വർണക്കൊടിമരത്തിൽ പെയിന്റടിച്ച സംഭവം

*ഏറ്റുമാനൂർ ക്ഷേത്രത്തിൽ മുരാരി ബാബുവിനെതിരേ നടപടി ശുപാർശ ചെയ്തത്.

*ശബരിമല അഷ്ടാഭിഷേകവഴിപാടിലെ ക്രമക്കേട്

*നിലയ്ക്കലെ അന്നദാന ക്രമക്കേട്

*ശാസ്താംകോട്ട ക്ഷേത്രത്തിലെ കൊടിമരത്തിലെ സ്വർണം മങ്ങിയ സംഭവം

*വർക്കല ക്ഷേത്രത്തിലെ കൊടിമരത്തിലെ സ്വർണ ആലിലകൾ കാണാതായ സംഭവം. ഇതിലെ വിജിലൻസ് റിപ്പോർട്ടുതന്നെ കാണാതായി.

Content Highlights: Kerala High Court intervenes to ensure action on Devaswom Board vigilance reports. Learn about the new system and past lapses.