'വിമുക്തി' ഡി-അഡിക്ഷന് കേന്ദ്രങ്ങളില്‍ അഭയംതേടുന്നവരുടെ എണ്ണത്തില്‍ വര്‍ധന

തൃശ്ശൂര്‍: ലഹരിയുടെ നീരാളിപ്പിടിത്തത്തില്‍നിന്ന് രക്ഷതേടി സംസ്ഥാനത്തെ വിമുക്തി ഡി-അഡിക്ഷന് കേന്ദ്രങ്ങളില്‍ അഭയംതേടുന്നവരുടെ എണ്ണത്തില്‍ വര്‍ധന. ലഹരിയുടെ വിവിധ പാര്‍ശ്വഫലങ്ങളെത്തുടര്‍ന്ന് കിടത്തിച്ചികിത്സയിലൂടെ ഒരു വര്‍ഷത്തിനിടെ 1625 പേര് സാധാരണജീവിതത്തിലേക്ക് തിരിച്ചെത്തി. ഡോക്ടറെക്കണ്ട് ചികിത്സതേടിയത് 19,328 പേര്. മദ്യം, പുകയില, കഞ്ചാവ്, എം.ഡി.എം.എ. തുടങ്ങിയ ലഹരികള്‍ക്ക് അടിമകളായി വിവിധ ആരോഗ്യപ്രശ്നങ്ങളുമായെത്തിയവരാണ് ജീവിതത്തിലേക്ക് മടങ്ങിയത്.
വിമുക്തി മിഷന്റെ കീഴില്‍ സംസ്ഥാനത്ത് 14 ഡി-അഡിക്ഷന് സെന്ററുകളാണ് പ്രവര്‍ത്തിക്കുന്നത്. എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ കൗണ്‍സിലിങ് സെന്ററുകളുമുണ്ട്. ഇവിടെ നേരിട്ടും ടെലിഫോണ്‍ മുഖേനെയും സേവനം നല്കുന്നു. ബന്ധുക്കളും സുഹൃത്തുക്കളും നിര്‍ബന്ധിച്ച് കൊണ്ടുവരുന്നവരാണ് അധികവുമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.
മെഡിക്കല്‍ ഓഫീസര്‍, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ അടക്കമുള്ള ജീവനക്കാരുടെ സേവനമാണ് കേന്ദ്രത്തിലുള്ളത്. ലഹരിവിരുദ്ധപ്രവര്ത്തനങ്ങള്ക്കായുള്ള തീവ്രയജ്ഞ കര്‍മ പരിപാടികളുടെ ഭാഗമായാണ് വിമുക്തി പദ്ധതി സര്‍ക്കാര്‍ ആരംഭിച്ചത്. ഇതുവരെ 65 കോടിയോളം രൂപയാണ് ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത്.
ലഹരിയില്‍നിന്ന് മോചനം നേടാന്‍ ടോള്‍ഫ്രീ നമ്പറുകളില്‍ വിളിക്കൂ - കൗണ്‍സിലിങ് :14405. വാട്സ്ആപ്പ്: 9061178000.
Content Highlights: Increased admissions at Vimukthi de-addiction centers in Kerala highlight growing substance abuse.